‘പിണറായിയുടെ അസാന്നിധ്യം’; നവകേരള സദസ് ദേശീയ തലത്തിൽ സിപിഎമ്മിനും പാരയാകുന്നു
തിരുവനന്തപുരം: സിപിഎം ഒറ്റയ്ക്ക് കരുത്ത് തെളിയിക്കാൻ ഇറങ്ങുന്ന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനില്ല. പാർട്ടിയുടെ ഒരേയൊരു മുഖ്യമന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ്റെ അസാന്നിധ്യമാണ് ദേശീയ രാഷ്ട്രീയത്തിൽ ഇപ്പോൾ ചർച്ചയാകുന്നത്. പാർട്ടിയുടെ ദേശീയതലത്തിലെ തന്നെ ജനകീയ മുഖവും സ്റ്റാർ ക്യാംപയിനറുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിക്കും ആർ എസ്എസിനുമെതിരായി ദേശീയ തലത്തിൽ സിപിഎം ഉയർത്തിക്കാട്ടുന്നതും പിണറായിയുടെ മുഖമാണ്. അഖിലേന്ത്യാതലത്തിൽ പാർട്ടി ഏറ്റവും പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ പാർട്ടിയുടെ ഒരേ ഒരു മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി പ്രചരണത്തിനെത്തണമെന്ന ആവശ്യവും ശക്തമായിരുന്നു. അതിനാൽ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഒരു ദിവസമെങ്കിലും അദ്ദേഹത്തിൻ്റെ സാന്നിധ്യം ഉറപ്പാക്കാനായിരുന്നു സിപിഎം നീക്കം. എന്നാൽ അതുണ്ടാവില്ലെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന മണ്ഡല പര്യടന പരിപാടിയായ നവകേരള സദസിൻ്റെ തിരക്കായതിനാലാണ് രാജസ്ഥാൻ, തെലങ്കാന തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും പിണറായി വിട്ടുനില്‍ക്കുന്നതെന്നാണ് സിപിഎം കേന്ദ്രങ്ങൾ നൽകുന്ന വിശദീകരണം. നവംബർ 25-ന് രാജസ്ഥാനിലും നവംബർ 30-ന് തെലങ്കാനയിലുമാണ് തിരഞ്ഞെടുപ്പ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള നവകേരള സദസ് ഇന്ന് തുടങ്ങി ഡിസംബർ 24-നാണ് അവസാനിക്കുക. കോൺഗ്രസ് കൈ വിട്ടതിനോടൊപ്പം പിണറായി വിജയനെ പോലുള്ള താര പ്രചാരകരും പാർട്ടിക്ക് വേണ്ടി രംഗത്തിറങ്ങാത്തതിൽ ഈ സംസ്ഥാനങ്ങളിലെ സിപിഎം നേതാക്കൾക്കും അണികൾക്കും അമർഷമുണ്ട്. ഒരു കാലത്ത് ശക്തികേന്ദ്രമായ തെലങ്കാനയിൽ പാർട്ടിയുടെ ഇന്നത്തെ നില പരിതാപകരമാണ്. തിരഞ്ഞെടുപ്പ് പ്രചരണത്തിന് പിണറായിയെത്തിയാൽ പാർട്ടിയുടെ ശക്തികേന്ദ്രമായ ഖമ്മം ജില്ലയിലടക്കം മുന്നേറ്റമുണ്ടാക്കാൻ കഴിയും എന്നായിരുന്നു തെലങ്കാന സിപിഎമ്മിൻ്റെ പ്രതീക്ഷ.
രാജസ്ഥാനിൽ 2018-ലെ തിരഞ്ഞെടുപ്പിൽ 28 മണ്ഡലങ്ങളിൽ മത്സരിച്ച സിപിഎമ്മിന് രണ്ടിടത്ത് ജയിക്കാനായിരുന്നു. ഇത്തവണ സികാർ ഉള്‍പ്പെടേയുള്ള ജില്ലകളിലെ കർഷകർക്കിടയില്‍ പാർട്ടിക്കുള്ള സ്വാധീനമാണ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള പാർട്ടിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നത്ത്. പല മണ്ഡലങ്ങളിലും കോണ്‍ഗ്രസുമായി നേരിട്ടാണ് സിപിഎമ്മിന്റെ മത്സരവും. അതുകൊണ്ട് തന്നെ പിണറായിയുടെ കോൺഗ്രസ്, ബിജെപി വിരുദ്ധ മുഖം ഉപയോഗിച്ച് രാജസ്ഥാനിൽ നേട്ടം കൊയ്യാം എന്ന പാർട്ടിയുടെ നീക്കത്തിനും ഇതോടെ തിരിച്ചടി നേരിട്ടിരിക്കുയാണ്
രാജസ്ഥാനിൽ 17ഉം തെലങ്കാനയിൽ 19 ഉം സീറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്. സീറ്റ് വിഭജനത്തിൽ കോൺഗ്രസുമായി ധാരണയിലെത്താത്തതിനെ തുടർന്ന് ഒറ്റയ്ക്കാണ് ശക്തി പരീക്ഷണം. ഒരു കാലത്ത് ശക്തികേന്ദ്രമായ തെലങ്കാനയിൽ രണ്ട് സീറ്റാണ് സിപിഎം ആവശ്യപ്പെട്ടിരുന്നത്. മിരിയാലഗുഡ, വൈര എന്നീ മണ്ഡലങ്ങൾ നൽകാമെന്ന് കോൺഗ്രസ് ഉറപ്പുനൽകി. എന്നാൽ ഖമ്മം ജില്ലയിൽ നിന്നുതന്നെ രണ്ട് സീറ്റുകൾ വേണമെന്ന ആവശ്യം കോൺഗ്രസ് നിരസിച്ചതോടെയാണ് തനിച്ച് തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങാൻ പാർട്ടി തീരുമാനിച്ചത്. ഹൈദരാബാദ് സിറ്റി ഉള്‍പ്പെടെയുള്ള സീറ്റ് പകരം നൽകാമെന്ന് പറഞ്ഞിട്ടും സിപിഎം വഴങ്ങിയില്ല.
സീറ്റ് വിഭജന ചർച്ചകളിൽ തെലങ്കാനയിൽ ഇടതുപാർട്ടികൾക്ക് അർഹിക്കുന്ന പരിഗണന നൽകി ഒപ്പം നിർത്താൻ കോൺഗ്രസ് ശ്രമിച്ചിരുന്നു. മറ്റൊരു ഇടതുപാർട്ടിയായ സിപിഐ കോൺഗ്രസ് സഖ്യത്തിനൊപ്പം രണ്ട് സീറ്റിൽ മത്സരിക്കുന്നുണ്ട്. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റ് ആയ കൊത്തഗുഡം മണ്ഡലവും ഇതില്‍ ഉള്‍പ്പെടും. സിപിഎമ്മും കോൺഗ്രസും ധാരണയിലെത്തിയിരുന്നെങ്കിൽ പ്രതിപക്ഷ സഖ്യമായ ഇൻഡ്യ ഒറ്റക്കെട്ടായി മത്സരിക്കുന്ന സംസ്ഥാനമാകുമായിരുന്നു തെലങ്കാന. സർവേ ഫലങ്ങൾ തെലങ്കാനയില്‍ കോൺഗ്രസിനാണ് സാധ്യതകൾ നൽകുന്നത്. ഭരണകക്ഷിയായ ബിആർഎസ് രണ്ടാംസ്ഥാനത്തേക്കും ബിജെപി മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെടുമെന്നാണ് പ്രവചനം.
മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന എന്നിവടങ്ങളിലെ സീറ്റ് വിഭജന ചർച്ചകൾക്ക് ശേഷം രാജസ്ഥാനിലും സിപിഎമ്മിന് തിരിച്ചടി നേരിട്ടു. ഈ മണ്ഡലങ്ങളിലെല്ലാം കോൺഗ്രസും സിപിഎമ്മും നേർക്കുനേരാണ് പോരാടുന്നത്. സീറ്റ് വിഭജന ചർച്ചയിൽ ഈ സീറ്റുകളിൽ ഇരു പാർട്ടികളും വിട്ടുവീഴ്ച ചെയ്യാതിരുന്നതോടെയാണ് ഇൻഡ്യ മുന്നണിയിലെ ഘടകകക്ഷിയായ സിപിഎം ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചത്. ആദിവാസിമേഖലയിൽ ഉൾപ്പെട്ട രണ്ട് മണ്ഡലങ്ങളിൽ സിപിഐഎംഎല്ലിനെ പിന്തുണയ്ക്കാനാണ് പാർട്ടി നീക്കം.
അതേസമയം, രണ്ട് സംസ്ഥാനങ്ങളിലും ഇൻഡ്യ മുന്നണിയിലെ ഘടകകക്ഷിയായ സിപിഎം ഒറ്റയ്ക്ക് മത്സരിക്കുന്നത് പാർട്ടിക്ക് ക്ഷീണമുണ്ടാക്കില്ലെന്നാണ് കോൺഗ്രസ് നിലപാട്. ഈ സംസ്ഥാനങ്ങളിൽ സിപിഎമ്മിന് അവർ അവകാശപ്പെടുന്നത് പോലുള്ള സ്വാധീനമില്ല. പരമാവധി മുന്നണിയുടെ ഭാഗമായി സീറ്റ് വിഭജന ചർച്ചകളിൽ ഉൾപ്പെടുത്താൻ കോൺഗ്രസ് ശ്രമിച്ചെങ്കില്ലും സിപിഎമ്മിൻ്റെ പിടിവാശിയാണ് അതിന് തടസമായതെന്നാണ് കോൺഗ്രസിൻ്റെ വിശദീകരണം. തിരഞ്ഞെടുപ്പ് കഴിഞ്ഞ ഛത്തീസ്ഗഢില്‍ മൂന്നു സീറ്റുകളിലും മധ്യപ്രദേശില്‍ നാല് സീറ്റുകളിലും സിപിഎം ഒറ്റയ്‌ക്ക് മത്സരിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here