കേന്ദ്രത്തിനെതിരെ സിപിഐ ചോദിച്ചാലും മുഖ്യമന്ത്രി മറുപടി പറയില്ല; ഇടത് എംഎല്‍എമാരുടെ ചോദ്യങ്ങള്‍ ഉത്തരമില്ലാതെ തുടരുന്നു

കേന്ദ്രത്തിനും ബിജെപിക്കുമെതിരെ സന്ധിയില്ലാ പോരാട്ടത്തിലാണെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നാല്‍ ഇതുസംബന്ധിച്ച നിയമസഭാ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ല. പ്രതിപക്ഷത്തു നിന്നല്ല സ്വന്തം മുന്നണിയില്‍ നിന്ന് തന്നെ ലഭിച്ച ചോദ്യങ്ങള്‍ക്കാണ് ഉത്തരം നല്‍കാതെ മൗനം പാലിക്കുന്നത്. ഫെഡറലിസം തകര്‍ക്കുന്ന കേന്ദ്രനയത്തിനെതിരെ സംസ്ഥാനം ശക്തമായി പ്രതികരിച്ചിട്ടുണ്ടോയെന്നായിരുന്നു സിപിഐ എംഎല്‍എമാര്‍ മുഖ്യമന്ത്രിയോട് ചോദിച്ചത്.

കഴിഞ്ഞ നിയമസഭാ സമ്മേളനത്തിനിടെ ജൂണ്‍ 10 നാണ് 4 സിപിഐ എംഎല്‍എമാര്‍ കേന്ദ്ര ഭരണകൂടത്തിനെതിരെ സംസ്ഥാനവും നടത്തുന്ന പ്രതികരണം സംബന്ധിച്ച് ചോദ്യം ഉന്നയിച്ചത്. പി.എസ് സുപാല്‍, വി ശശി, സി.കെ. ആശ, വാഴൂര്‍ സോമന്‍ എന്നിവരാണ് രേഖാമൂലം മറുപടി ആവശ്യപ്പെട്ടത്. എന്നാല്‍ മാസം മൂന്ന് കഴിഞ്ഞിട്ടും ഇതിന് മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടില്ല. നിയമസഭാ ചോദ്യങ്ങള്‍ക്ക് സമ്മേളനകാലയളവില്‍ തന്നെ മറുപടി നല്‍കണമെന്ന് സ്പീക്കര്‍ പലതവണ സഭയില്‍ റൂളിങ്ങ് നല്‍കിയിട്ടുള്ളതാണ്. ഇതൊന്നും പരിഗണിക്കാതെയാണ് ഭരണതലവനായ മുഖ്യമന്ത്രി തന്നെ കേന്ദ്രത്തിനെതിരായ ചോദ്യങ്ങളില്‍ മിണ്ടാതിരിക്കുന്നത്.

ഇന്ത്യ എന്ന രാഷ്ട്രം കെട്ടിപ്പടുക്കപ്പെട്ട ആശയാടിത്തറയെ കേന്ദ്രഭരണകൂടം തന്നെ വെല്ലുവിളിക്കുന്ന സാഹചര്യമാണ് ഇന്ന് നിലവിലുള്ളത് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ ? പ്രസ്തുത സാഹചര്യത്തിനെതിരെ സംസ്ഥാനവും നിലവിലെ സര്‍ക്കാരും ശക്തമായി പ്രതികരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ? ഫെഡറലിസത്തിനപ്പുറത്തുള്ള കേന്ദ്രത്തിന്റെ ധനപരമായ ഇടപെടലുകളെ കോടതിക്കകത്തും പുറത്തും ശക്തമായി ഉയര്‍ത്തിക്കാട്ടാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ ? അന്ധവിശ്വാസങ്ങളെയും ശാസ്ത്രത്തെയും കൂട്ടിക്കുഴയ്ക്കാനുള്ള ചിലരുടെ ശ്രമങ്ങളെ ഓരോ ഘട്ടത്തിലും കൃത്യമായി വിലയിരുത്താനും പ്രതികരിക്കാനും സര്‍ക്കാര്‍ തയ്യാറായിട്ടുണ്ടോ; വിശദമാക്കാമോ? തുടങ്ങിയ ചോദ്യങ്ങളാണ് സിപിഐ എംഎല്‍എമാര്‍ ഉന്നയിച്ചത്. ഇതിന് മുഖ്യമന്ത്രി നാളിതുവരെ മറുപടി നല്‍കാത്തതിന്റെ കാരണം എന്താണെന്ന് സിപിഐക്ക് പോലും മനസിലായിട്ടില്ല.

ആര്‍എസ്എസുമായി സന്ധി ചെയ്യുന്നുവെന്ന വിമര്‍ശനം ഉയരുന്നതിനിടയില്‍ തന്നെയാണ് ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രത്തിനെതിരായ ചോദ്യങ്ങളിലും മൗനം തുടരുന്നത് എന്നതും ശ്രദ്ധേയമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top