മകള്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദം ചോദിച്ചാല്‍ വാര്‍ത്താ സമ്മേളനത്തില്‍ രോഷം; നിയമസഭയില്‍ മൗനം; 79 ദിവസമായ ചോദ്യങ്ങള്‍ക്ക് പോലും മറുപടി നല്‍കാതെ മുഖ്യമന്ത്രി
തിരുവനന്തപുരം: മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ നിയമസഭയ്ക്കകത്തും പുറത്തും മുഖ്യമന്ത്രിക്ക് മൗനം. പത്രസമ്മേളനങ്ങളില്‍ മാസപ്പടി ചോദ്യങ്ങളെ അവഗണിക്കുകയാണ് നിരന്തരം മുഖ്യമന്ത്രി ചെയ്യുന്നത്. ആവര്‍ത്തിച്ച് ചോദിച്ചാല്‍ രോഷത്തോടെ പ്രതികരിക്കുന്നതല്ലാതെ കൃത്യമായ മറുപടി നല്‍കാറില്ല. വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്ക് ഇല്ലാത്ത സേവനത്തിന്റെ പേരില്‍ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍ ഒരു കോടി 72 ലക്ഷം രൂപ നല്‍കി എന്നതാണ് വിവാദത്തിന് കാരണം. ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടിലാണ് സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാടിന്റെ വിവരങ്ങള്‍ പുറത്തു വന്നത്. ഈ ഇടപാട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമോയെന്ന് ഇഡി അന്വേഷിക്കുകയാണ്. ഇതേ ആരോപണത്തില്‍ എസ്എഫ്‌ഐഒ അന്വേഷണവും നടക്കുന്നുണ്ട്.
ഇതൊക്കെ നടക്കുമ്പോഴും കൃത്യമായ മറുപടി മുഖ്യമന്ത്രിയില്‍ നിന്നും ഉണ്ടാകുന്നതേയില്ല. വാര്‍ത്താ സമ്മേളനങ്ങളില്‍ രോഷത്തോടെ പ്രതികരിക്കുന്ന മുഖ്യമന്ത്രി നിയമസഭയില്‍ അസാധാരണമായ മൗനത്തിലാണ്. ആദ്യമായി ഈ വിഷയം ഉയര്‍ന്നപ്പോള്‍ രണ്ട് കമ്പനികള്‍ തമ്മിലുളള നിയമപരമായ ഇടപെടലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിന്നീട് കാര്യമായ പ്രതികരണം നടത്തിയില്ല. നിയമസഭയില്‍ ഉന്നയിച്ച മാസപ്പടി ചോദ്യങ്ങള്‍ക്ക് 79 ദിവസമായിട്ടും മുഖ്യമന്ത്രി മറുപടിയും നല്‍കിയിട്ടില്ല.
ചെയ്യാത്ത സേവനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് പണം വാങ്ങിയതില്‍ വിജിലന്‍സ് പരാതി ലഭിച്ചിട്ടുണ്ടോ, പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ, മുഖ്യമന്ത്രിമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് സിഎംആര്‍എല്‍ കമ്പനി മകള്‍ക്കും മകളുടെ കമ്പനിക്കും ചെയ്യാത്ത സേവനങ്ങള്‍ക്ക് പണം നല്‍കിയത് എന്ന് കമ്പനി ഉദ്യോഗസ്ഥന്‍ മൊഴി നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടോ, അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന പ്രസ്തുത പരാതിയില്‍ കേസ് എടുക്കാത്തതിന്റെ കാരണം തുടങ്ങിയ ചോദ്യങ്ങളാണ് എംഎല്‍എമാര്‍ ചോദിച്ചിരിക്കുന്നത്.
അന്‍വര്‍ സാദത്ത്, ഷാഫി പറമ്പില്‍, റോജി എം ജോണ്‍, മാത്യു കുഴല്‍നാടന്‍, ഉമ തോമസ്, സണ്ണി ജോസഫ്, എം.വിന്‍സെന്റ്, കെ. ബാബു, കെ.കെ.രമ, ടി.സിദ്ദിഖ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നീ യു.ഡി.എഫ് എംഎല്‍എമാരാണ് ചോദ്യങ്ങള്‍ ഉന്നയിച്ചത്. ജനുവരി 29 നായിരുന്നു നിയമസഭാ ചോദ്യം. ചട്ട പ്രകാരം നിയമസഭാ ചോദ്യങ്ങള്‍ക്കുള്ള മറുപടി ചോദ്യം പരിഗണനയില്‍ വരുന്നതിന്റെ തലേദിവസം നല്‍കണം എന്നാണ്. ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയ നിയമസഭ മറുപടി പുറംലോകം കണ്ടിട്ടില്ല.
നിയമസഭാ ചോദ്യങ്ങള്‍ക്ക് സമയബന്ധിതമായി മറുപടി നല്‍കമമെന്ന് സ്പീക്കര്‍ പലതവണ റൂളിങ്ങ് നല്‍കിയാതാണ്. ഇത് മുഖ്യമന്ത്രി തന്നെ പാലിക്കാത്ത അവസ്ഥയാണ്. എന്നാല്‍ ഇതില്‍ ഒരു നടപടിയും സ്പീക്കര്‍ എഎന്‍ ഷംസീര്‍ സ്വീകരിച്ചിട്ടില്ല. യുഡിഎഫ് അംഗങ്ങള്‍ ഇക്കാര്യം ശ്രദ്ധയില്‍പെടുത്തിയിട്ടും അറിഞ്ഞില്ലെന്ന മട്ടിലാണ് സ്പീക്കറുടെ പ്രതികരണം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here