മലപ്പുറം പരാമര്‍ശത്തില്‍ കുറ്റം സുബ്രഹ്മണ്യന്; ദേവകുമാറിന്‍റെ മകന് നിര്‍ദേശം നല്‍കിയ ആള്‍ കാണാമറയത്ത് തന്നെ

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം വിവാദമായിരിക്കെ ഉത്തരവാദിത്തം ടി.ഡി.സുബ്രഹ്മണ്യന്‍റെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാന്‍ സിപിഎം നീക്കം. ഹരിപ്പാട് മുന്‍ സിപിഎം എംഎല്‍എ ടി.കെ.ദേവകുമാറിന്റെ മകനാണ് സുബ്രഹ്മണ്യന്‍. റിലയന്‍സില്‍ ജോലി ചെയ്യുന്ന സുബ്രഹ്മണ്യന്‍ കെയ്സ്ന്‍ എന്ന പിആര്‍ ഏജന്‍സിയുമായി യോജിച്ച് പ്രവര്‍ത്തിക്കുകയാണ്.
സുബ്രഹ്മണ്യനാണ് മലപ്പുറം പരാമര്‍ശം കൂട്ടിച്ചേര്‍ക്കാന്‍ നിര്‍ദ്ദേശിച്ചത്. മുഖ്യമന്ത്രി അഭിമുഖത്തില്‍ ഈ കാര്യം പറഞ്ഞിട്ടുമില്ല. അതിനാല്‍ മലപ്പുറം പരാമര്‍ശത്തിന്റെ ഉത്തരവാദിത്തം സുബ്രഹ്മണ്യന് നല്‍കി തല്‍ക്കാലം തലയൂരാനാണ് സിപിഎം നീക്കം.
പിആര്‍ ഏജന്‍സിയായ കെയ്സ്ന്‍ കത്ത് നല്‍കിയത് പ്രകാരമാണ് മലപ്പുറം പരാമര്‍ശം കൂട്ടിച്ചേര്‍ത്തത് എന്നാണ് ‘ഹിന്ദു’ നല്‍കിയ വിശദീകരണം. ഈ പരാമര്‍ശം കൂട്ടിച്ചേര്‍ക്കാന്‍ ആരാണ് സുബ്രഹ്മണ്യന് നിര്‍ദേശം നല്‍കിയത് എന്നതിന് ഇപ്പോഴും ഉത്തരവുമില്ല. പിആര്‍ ഏജന്‍സിയുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും പിആര്‍ ഏജന്‍സിയാണ് അഭിമുഖത്തിന് സമീപിച്ചത് എന്നാണ് ഹിന്ദുവിന്റെ വിശദീകരണം. പിആര്‍ഏജന്‍സി മുഖ്യമന്ത്രിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന് ഇതില്‍ നിന്നും വ്യക്തമാണ്.
മുഖ്യമന്ത്രിയുടെ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്ത ഭാഗം കഴിഞ്ഞ മാസം പകുതിയോടെ തന്നെ ഡല്‍ഹിയില്‍ പ്രചരിക്കാന്‍ തുടങ്ങിയ വാര്‍ത്താക്കുറിപ്പിലുണ്ട്. അതും ഒരു പിആര്‍ ഏജന്‍സി തന്നെയാണ് ഇറക്കിയത്. പല മാധ്യമ പ്രവർത്തകർക്കും ഇമെയിലായും വാട്സാപ്പിലും കിട്ടിയ കുറിപ്പില്‍ പ്രധാനമായും ഉൾപ്പെട്ടിരുന്നത് മലപ്പുറത്തെ സ്വർണ-ഹവാല കേസുകളുടെ കണക്കായിരുന്നു. ഇത് തന്നെയാണ് മുഖ്യമന്ത്രിയുടെ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടതും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here