മുഖ്യമന്ത്രിക്ക് ഹെലികോപ്റ്റർ കൊടുത്തുകൂടേ… ചോദ്യങ്ങളുയരുന്നു; പോലീസ് റോഡിൽ നാട്ടുകാരോട് ചെയ്യുന്നത് അദ്ദേഹം അറിയുന്നുണ്ടോ?
കൊച്ചി: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം നാട്ടുകാർക്ക് തലവേദനയാകുന്നു എന്ന് ആരോപിച്ച് തുടരെ കുറിപ്പുകൾ. രണ്ടു ദിവസത്തിനിടെ മൂന്ന് സംഭവങ്ങളാണ് പുറത്തേക്ക് വരുന്നത്. കൊച്ചിയിൽ നിന്ന് തലസ്ഥാനത്തേക്ക് മകനുമായി യാത്ര ചെയ്ത പാർവതി നായർ എന്ന യുവതിയാണ് ആദ്യം ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ചടയമംഗലത്ത് കേൾവി പരിമിതിയുള്ള ഒരുസംഘം വിദ്യാർത്ഥികൾ ആണ് ഒടുവിൽ മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ചൂടറിഞ്ഞത്.
മുഖ്യമന്ത്രിക്ക് ഹെലികോപ്റ്റർ കൊടുത്തുകൂടേ എന്ന ചോദ്യം ഉന്നയിച്ചാണ് പാർവതിയുടെ പോസ്റ്റ്. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ഭക്ഷണം കഴിക്കാൻ ചെങ്ങന്നൂരിൽ കാർ നിർത്തി അഞ്ചു മിനിറ്റിനുള്ളിൽ ആണ് മുഖ്യമന്ത്രിയുടെ വരവ്. ഉടൻ കാർ മാറ്റാൻ പറഞ്ഞ് ഓടിവന്ന പോലീസുകാരൻ്റെ മട്ടും ഭാവവും കണ്ട് മകൻ പേടിച്ചുപോയി. കാർ മാറ്റില്ല എന്നാരും പറഞ്ഞില്ലല്ലോ, പിന്നെന്തിന് പേടിപ്പിക്കുന്നു, എന്ന് ചോദിച്ചുപോയെന്ന് പാർവതി എഴുതുന്നു. മുഖ്യമന്ത്രി പോകുന്നു എന്നതിൻ്റെ പേരിൽ രാത്രി തീരെ തിരക്കില്ലാത്ത സമയത്ത് ആളുകളോട് എന്തിന് ഇങ്ങനെ ചെയ്യണം. സ്ത്രീസുരക്ഷ തീരെയില്ലാത്ത ഈ ലോകത്ത് ഞങ്ങൾ നേരത്തെ വീടെത്തുന്നത് ആണ് മുഖ്യമന്ത്രി എത്തുന്നതിനേക്കാൾ അത്യാവശ്യം, എന്നുകൂടി പാർവതി പറയുന്നു.
പത്തനംതിട്ട തിരുവനന്തപുരം റൂട്ടിൽ യാത്ര ചെയ്ത ഡോ പ്രവീൺ സകല്യ എന്നയാളാണ് ഇതേ ദിവസം അടുത്ത പോസ്റ്റ് ഇട്ടത്. അതിശക്തമായ മഴയിൽ നാലാഞ്ചിറ വരെ കാറോടിച്ച് എത്തിയപ്പോൾ അപായ സൂചന പോലെ ‘ഹൈ ഡെസിബൽ’ ശബ്ദം കേട്ടു. തൊട്ടുപിന്നാലെ കന്നുകാലികളെ ആട്ടിപ്പായിക്കുന്നത് പോലെ വണ്ടിയുടെ പുറത്തേക്ക് ബീക്കൺ ലൈറ്റ് വീശിയടിച്ച് മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനം വന്നു. വീതി കുറഞ്ഞ റോഡിൽ, വശങ്ങളിൽ ഓടയാണോ തോടാണോ എന്ന് പോലും നിശ്ചയിക്കാൻ പറ്റാത്ത വിധമുള്ള മഴയിൽ, ഇരുചക്ര യാത്രികർ അടക്കമുള്ളവർ പെട്ടുപോയെന്ന് പോസ്റ്റിൽ പറയുന്നു. പഴയകാലത്ത് ജന്മി വരുമ്പോൾ കുടിയാൻ മാറേണ്ടിവരുന്നത് പോലുള്ള അവസ്ഥ; പ്രതിഷേധിക്കുന്നു മുഖ്യമന്ത്രിയുടെ ഈ ശൈലിയോട്, അല്ലെങ്കിൽ ആത്മവഞ്ചനയാകുമെന്ന് കുറിച്ചാണ് ഡോ പ്രവീൺ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഏറ്റവും ഒടുവിൽ ശനിയാഴ്ച മുഖ്യമന്ത്രി കോട്ടയത്തേക്ക് പോകുമ്പോൾ യാത്ര തടസപ്പെടുത്തി എന്നാരോപിച്ചാണ് കേൾവി പരിമിതിയുള്ള അഞ്ച് വിദ്യാർത്ഥികളെ പോലീസ് പിടികൂടിയത്. ചടയമംഗലത്ത് വച്ച് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൻ്റെ മുന്നിൽപെട്ട ഇവർ അകമ്പടി വാഹനങ്ങളുടെ ഹോണടിയോ ബഹളങ്ങളോ കേട്ടില്ല. ഒടുവിൽ വാഹനം തടഞ്ഞു നിർത്തി കസ്റ്റഡിയിൽ എടുത്ത ശേഷമാണ് അഞ്ചുപേരുടെയും സാഹചര്യം പോലീസിന് മനസ്സിലായത്. ഇവർ തിരുവനന്തപുരത്ത് പഠിക്കുന്ന സ്ഥാപനത്തിൽ നിന്ന് അധ്യാപകരെ വിളിച്ചുവരുത്തി “കുറ്റകൃത്യത്തിൻെറ ഗൗരവം” ബോധ്യപ്പെടുത്തി വിട്ടയച്ചു എന്നാണ് മാധ്യമ സിൻഡിക്കറ്റ് ബന്ധപ്പെട്ടപ്പോൾ ചടയമംഗലം പോലീസ് അറിയിച്ചത്. അതുകൊണ്ട് തന്നെ പരാതിയായി ആരും വിഷയം ഉയർത്തിക്കൊണ്ട് വരാതിരിക്കാൻ വേണ്ട മുൻകരുതലും പോലീസ് സ്വീകരിച്ചിട്ടുണ്ട് എന്നുറപ്പായി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here