‘പാണക്കാട് തങ്ങളെ പിണറായി അളക്കേണ്ട’; മുഖ്യമന്ത്രിയുടെ ജമാഅത്തെ ഇസ്ലാമി പരാമര്‍ശത്തിന് മറുപടിയുമായി ചന്ദ്രിക

സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടിയുമായി മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രിക. പാണക്കാട് കുടുംബത്തെയും സാദിഖലി ശിഹാബ് തങ്ങളെയും ലക്ഷ്യംവെക്കുന്നതിലൂടെ പിണറായി വിജയന്‍ സംഘപരിവാര്‍ താല്‍പര്യങ്ങള്‍ക്ക് കൈത്താങ്ങാണ് നല്‍കിയിരിക്കുന്നതെന്ന് ചന്ദ്രിക വിമര്‍ശിക്കുന്നു. സാമുദായിക സൗഹാര്‍ദ്ദത്തിന്റെ അംബാസിഡറെന്ന് മലയാളക്കര വിളിച്ച പാണക്കാട് തങ്ങള്‍മാരുടെ യോഗ്യത അളക്കാനുള്ള പിണറായി വിജയന്റെ ശ്രമം അദ്ദേഹവും സി.പി.എമ്മും എത്തിച്ചേര്‍ന്നിട്ടുള്ള വര്‍ഗീയബാന്ധവത്തിന്റെ ബഹിസ്ഫുരണമായി മാത്രമേ കാണാന്‍ കഴിയൂയെന്നും ‘പാണക്കാട് തങ്ങളെ പിണറായി അളക്കേണ്ട’ എന്ന തലക്കെട്ടില്‍ എഡിറ്റോറിയലില്‍ പറയുന്നുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ അനുയായിയുടെ മട്ടില്‍ പെരുമാറുന്നയാള്‍ എന്നായിരുന്നു മുഖ്യമന്ത്രി തങ്ങളെ വിമര്‍ശിച്ചത്.
ബാബരി മസ്ജിദ് തകര്‍ത്തതിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യത്തെ തങ്ങളെ വിമര്‍ശിക്കാന്‍ പിണറായി ഉപയോഗിച്ചത് യാദൃശ്ചികമായി കാണാനാകില്ല. കേരളത്തിന്റെ സാമുദായിക സൗഹാര്‍ദ്ദത്തിന്റെ കടക്കല്‍ കത്തിവെക്കാനുളള സംഘപരിവാര്‍ ശ്രമങ്ങള്‍ക്ക് ഗുണം ചെയ്യുന്ന നീക്കങ്ങളാണ് ഇടതുസര്‍ക്കാറിന്റെയും മുഖ്യമന്ത്രിയുടേയും ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. തൃശ്ശൂര്‍പൂരം കലങ്ങിയതിലും ആര്‍.എസ്.എസ് ബന്ധത്തിന്റെ പേരില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ഉന്നത ഉദ്യോഗസ്ഥരോടുള്ള അനുഭാവ പൂര്‍ണമായ സമീപനത്തിലും മുനമ്പം വിഷയം അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതുമെല്ലാം ഈ സഹായഹസ്തത്തിന്റെ ലാഞ്ചനകളാണ് നിറഞ്ഞുനില്‍ക്കുന്നതെന്നും ചന്ദ്രിക വിമര്‍ശിക്കുന്നു.
ബി.ജെ.പിയുടെ ഉന്നതാധികാര സമിതി അംഗമായിരുന്ന സന്ദീപ് വാര്യര്‍ നിബന്ധനകളില്ലാതെയാണ് മതേതരപക്ഷത്തേക്ക് കടന്നുവരികയും കൊടപ്പനക്കല്‍ തറവാട്ടിലെത്തി ആശിര്‍വാദം വാങ്ങുകയും ചെയ്തത്. ഇതില്‍ മുഖ്യമന്ത്രിക്ക് അസ്വസ്ഥതയും അസഹിഷ്ണുതയുമുണ്ടാകുന്നുവെങ്കില്‍ അത് സംഘപരിവാര്‍ ബാന്ധവത്തിന്റെ അനുരണനമല്ലാതെ മറ്റെന്താണെന്നാണ് ചന്ദ്രിക ചോദിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here