‘കേന്ദ്രസർക്കാർ ആർഎസ്എസ് അജണ്ട നടപ്പാക്കുന്നു, കോൺഗ്രസ് ആത്മാർത്ഥമായി അണിനിരന്നില്ല’ ; പൗരത്വ ഭേദഗതിയിൽ വിമർശനവുമായി മുഖ്യമന്ത്രി
മലപ്പുറം: പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കുന്നതിലൂടെ ആർഎസ്എസ് അജണ്ട നടക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്ലിം പൗരന്മാരെ രണ്ടാം തരക്കാരായി മാറ്റുന്ന രീതിയാണ് കേന്ദ്രം സ്വീകരിക്കുന്നത്. രാജ്യത്തിന്റെ സാംസ്‌കാരിക ചരിത്രത്തെ ഇല്ലാതാക്കാനാണ് ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. മലപ്പുറത്ത് സിഎഎക്കെതിരെ നടന്ന ഭരണഘടനാ സംരക്ഷണ റാലി ഉദ്‌ഘാടന ചടങ്ങിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.
പൗരത്വ ഭേദഗതി നടപ്പാക്കുന്നതിനെതിരെ കോൺഗ്രസ് ആത്മാർത്ഥമായി പ്രതികരിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രക്ഷോപങ്ങൾ നടക്കുമ്പോൾ രാഹുൽ ഗാന്ധി വിദേശത്തായിരുന്നു. ദേശീയതലത്തിൽ കോൺഗ്രസിന്റെ നിലപാടിന് വ്യത്യസ്തമായാണ് സംസ്ഥാന കോൺഗ്രസ് ആദ്യം നിലപാട് എടുത്തത്. ഒറ്റക്കെട്ടായ പ്രക്ഷോപത്തിനില്ലെന്ന് പിന്നീടാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം മാറ്റി പറഞ്ഞതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
“അസീമുള്ള ഖാനാണ് ‘ഭാരത് മാതാ കി ജയ് എന്ന മുദ്രാവാക്യം ഉണ്ടാക്കിയതെന്ന് ആർഎസ്എസ് ഓർക്കണം. ഒരു മുസ്ലിം ഉണ്ടാക്കിയത് കൊണ്ട് ഇനി ആ മുദ്രാവാക്യം വിളിക്കണ്ടെന്നുവയ്ക്കുമോ. രാജ്യത്തിൻറെ സംസ്കാരം പ്രകാശപൂർണമാക്കുന്നതിൽ മുസ്ലിം വിഭാഗവും വലിയ പങ്കുവഹിച്ചുണ്ട്. എല്ലാ വിഭാഗക്കാരും ഒറ്റ മനസോടെയായിരുന്നു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയത്. എന്നാൽ ഇന്ത്യയുടെ ആ സാംസ്‌കാരിക ചരിത്രത്തെ ഇല്ലാതാക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്”; പിണറായി വിജയൻ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here