മരപ്പട്ടി മേയുന്ന ക്ലിഫ് ഹൗസ് !! മാധ്യമ സിൻഡിക്കറ്റ് അന്നേ പറഞ്ഞു; മുഖ്യമന്ത്രി ഇപ്പോൾ സമ്മതിച്ചു; ഏറ്റെടുത്ത് സകല മാധ്യമങ്ങളും

തിരുവനന്തപുരം: ‘സ്വന്തം കിടപ്പുമുറിയില്‍ ഒരു ഗ്ലാസ് വെള്ളം അടച്ചു വച്ചില്ലെങ്കില്‍ മരപ്പട്ടിയുടെ മൂത്രം വീഴുമെന്ന സ്ഥിതിയാണ്’; കേരളത്തിന്റെ മുഖ്യമന്ത്രിയുടെ വാക്കുകളാണിത്. മന്ത്രി മന്ദിരങ്ങളുടെ അവസ്ഥ വിവരിച്ചാണ് മുഖ്യമന്ത്രി ഇത് പറഞ്ഞത്. ക്ലിഫ് ഹൗസ് അടക്കം മന്ത്രിമന്ദിരങ്ങളുടെ ദയനീയാവസ്ഥയെക്കുറിച്ച് രണ്ടുമാസം മുൻപ് മാധ്യമ സിൻഡിക്കറ്റ് റിപ്പോർട്ട് ചെയ്തതെല്ലാം അക്ഷരംപ്രതി ശരിവയ്ക്കുകയാണ് മുഖ്യമന്ത്രി. 81 വർഷം പഴക്കമായ ക്ലിഫ് ഹൗസ് കെട്ടിടം മുഖ്യമന്ത്രിക്കെന്നല്ല മനുഷ്യർക്കാർക്കും പാർക്കാൻ യോഗ്യമല്ല എന്ന വിദഗ്ധസമിതിയുടെ റിപ്പോർട്ടിലെ കണ്ടെത്തലുകളാണ് ഇക്കഴിഞ്ഞ ജനുവരി രണ്ടിന് മാധ്യമ സിൻഡിക്കറ്റ് പുറത്തുവിട്ടത്. വൈദ്യുതി, കുടിവെള്ള കണക്ഷനുകളെല്ലാം പുതുക്കിയെടുക്കാൻ കഴിയാത്ത വിധം കാലഹരണപ്പെട്ടിരിക്കുന്നു. തടിയിൽ തീർത്ത തട്ടും തറയുമെല്ലാം പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു. ഈ പഴുതുകളിലൂടെയെല്ലാം മരപ്പട്ടികൾ ഓടിക്കളിക്കുന്നു. അക്ഷരാർത്ഥത്തിൽ ഇതാണ് മുഖ്യമന്ത്രി തുറന്നുപറഞ്ഞിരിക്കുന്നത്.

“വലിയ സൗകര്യങ്ങളോടു താമസിക്കുന്നവരാണ് മന്ത്രിമാര്‍ എന്നാണല്ലോ സാധാരണ ജനങ്ങളൊക്കെ കണക്കാക്കുന്നത്. ആ മന്ത്രിമാര്‍ താമസിക്കുന്ന ചില വീടുകളുടെ അവസ്ഥ എന്താണ്? രാവിലെ ഇടേണ്ട ഷര്‍ട്ടൊക്കെ ഇസ്തിരിയിട്ടു വച്ചുവെന്ന് വിചാരിക്കുക. കുറച്ചു കഴിയുമ്പോള്‍ അതിന്റെ മേല്‍ വെള്ളം വീഴും. ഏതാ വെള്ളം? മരപ്പട്ടി മൂത്രമൊഴിച്ച വെള്ളം”; മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ആക്കുളത്ത് കഴിഞ്ഞദിവസം ഐഎഎസുകാർക്കുള്ള പാർപ്പിട സമുച്ചയങ്ങൾ ഉദ്ഘാടനം ചെയ്യുമ്പോഴാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

പിന്നെന്താണ് പുതുക്കിപ്പണിയാൻ തടസമെന്ന് മുഖ്യമന്ത്രി തെളിച്ച് പറഞ്ഞില്ല. വിവാദങ്ങളാണ് പ്രധാന പ്രശ്നം. തിരഞ്ഞെടുപ്പുകൾ പലതു വരാനിരിക്കെ, അത് വൻ തലവേദനയായേക്കും. മുൻപെല്ലാം നടത്തിയ അറ്റകുറ്റപ്പണികളുടെ ഫലം അതായിരുന്നു. എന്നാൽ അത്തരം മിനുക്കുപണികൾ നടത്തി കാശ് കളയുന്നത് കൊണ്ടിനി കാര്യമില്ലെന്നും പൊതുമരാമത്ത്, വൈദ്യുതി, വാട്ടർ അതോറിറ്റി എന്നീ വകുപ്പുകളിലെ വിദഗ്ധർ ചേർന്ന് നടത്തിയ പരിശോധനയുടെ റിപ്പോർട്ടിൽ കൃത്യമായി പറഞ്ഞിരുന്നു. പൊളിച്ചു പണിയാൻ തീരുമാനിച്ചാൽ മറ്റൊരു വെല്ലുവിളി കൂടിയുണ്ട്. ഇപ്പോഴത്തേത് പോലെ മുഖ്യമന്ത്രിക്ക് എല്ലാ സുരക്ഷയും നൽകാൻ പാകത്തിലുള്ള മറ്റൊരു കെട്ടിടം കണ്ടുപിടിക്കണം. അതും പ്രശ്നമാണ്.

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തുതന്നെ ക്ലിഫ് ഹൗസ് പൊളിച്ചുപണിയാൻ ശുപാർശ ഉണ്ടായിരുന്നു. ഏതായാലും മാധ്യമ സിൻഡിക്കറ്റ് വാർത്ത മുഖ്യമന്ത്രി തുറന്നുസമ്മതിച്ചതോടെ ഇക്കാര്യത്തിൽ വൈകാതെ നടപടിയുമായി മുന്നോട്ടുപോകുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മറ്റൊരു മാധ്യമത്തിനും റിപ്പോർട്ട് ചെയ്യാൻ കഴിയാത്തത്ര കൃത്യതയോടെ മാധ്യമ സിൻഡിക്കറ്റ് ഈ വർഷമാദ്യം പുറത്തുവിട്ട റിപ്പോർട്ടിലെ വിവരങ്ങളാണ് ഇന്നിപ്പോൾ മലയാളത്തിലെ സകല മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുത്.

Logo
X
Top