‘റിയാസ് മൗലവി കേസിൽ സർക്കാരിന് വീഴ്ച പറ്റിയിട്ടില്ല, വിധി ഞെട്ടിച്ചു’; കുടുംബത്തിന് പരാതിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കോഴിക്കോട്: റിയാസ് മൗലവി വധക്കേസിലെ വിധി സമൂഹത്തെ ഞെട്ടിച്ച വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതേസമയം അന്വേഷണത്തിലും കേസ് നടത്തിപ്പിലും വീഴ്ചയുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംഭവം നടന്ന് മൂന്ന് ദിവസത്തിനകം കുറ്റവാളികളെ പിടികൂടിയെന്നും 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

“അറസ്റ്റിലായ അന്ന് മുതൽ ഏഴു വർഷവും ഏഴു ദിവസവും പ്രതികൾ വിചാരണ തടവുകാരായി ജയിലിൽ കിടന്നു. പല ഘട്ടത്തിലും ജാമ്യത്തിന് ശ്രമിച്ചെങ്കിലും സർക്കാരിന്റെ കർക്കശമായ നിലപാട് മൂലം ജാമ്യം ലഭിച്ചില്ല. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത് മൗലവിയുടെ ഭാര്യ നിർദ്ദേശിച്ച അഡ്വക്കേറ്റിനെയാണ്. സർക്കാർ ഈ കേസിൽ പുലർത്തിയ ജാഗ്രതയും ആത്മാർത്ഥയും അർപ്പണബോധവും കുടുംബം പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട്”; മുഖ്യമന്ത്രി പറഞ്ഞു.

റിയാസ് മൗലവിയുടെ ഘാതകർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിനായി നിയമത്തിന്റെ എല്ലാ സാധ്യതകളും തേടുമെന്നും അതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഐപിസി 153എ പ്രകാരമുള്ള കുറ്റം പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. യുഎപിഎ ചുമത്താനുള്ള അപേക്ഷ ഹൈക്കോടതി വിചാരണക്കോടതിക്കാണ് വിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസില്‍ പ്രതികളാക്കിയവരെ ശിക്ഷിക്കാൻ മതിയായ തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയില്ല എന്നാണ് കോടതിവിധിയിൽ പറയുന്നത്. സമസ്ത ഉൾപ്പെടെയുള്ള സംഘടനകൾ സർക്കാരിനെതിരെ വിമർശനമുന്നയിച്ച് രംഗത്തെത്തിയിട്ടുമുണ്ട്.

2017 മാർച്ച് 20നാണ് കാസർകോട് ചൂരി പഴയ ജുമാ മസ്ജിദിനോട് ചേർന്നുള്ള വാസസ്ഥലത്തുവച്ച് കുടക്‌ സ്വദേശിയും പഴയചൂരി പള്ളിയിലെ മദ്രസാധ്യാപകനുമായിരുന്ന റിയാസ് മൗലവി കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top