വിവാദങ്ങളോട് മൗനം പുലര്‍ത്തിയ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും; തൃശൂർ പൂരം റിപ്പോർട്ടും ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും

തൃശൂര്‍ പൂരം കലങ്ങിയതും ആഭ്യന്തര വകുപ്പിനെതിരെയുള്ള പി.വി.അന്‍വറിന്റെ ആരോപണങ്ങള്‍ ഉയര്‍ത്തിയ വിവാദച്ചൂടും നിലനില്‍ക്കെ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും. ഇതുവരെ മുഖ്യമന്ത്രി വിവാദങ്ങളില്‍ പരസ്യപ്രതികരണം നടത്തിയിരുന്നില്ല. ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത് കുമാറിനെതിരെ സിപിഐ രംഗത്ത് ഇറങ്ങിയിരിക്കെ മുഖ്യമന്ത്രിയുടെ പ്രതികരണം നിര്‍ണായകമാകും. രാവിലെ 11 മണിക്കാണ് വാർത്താസമ്മേളനം.
അന്‍വറിന്റെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി എന്തുകൊണ്ട് മൗനം തുടരുന്നു എന്ന ചോദ്യം ഉയര്‍ന്നിരുന്നു. ആ ചോദ്യത്തിനുള്ള മറുപടി മുഖ്യമന്ത്രി ഇന്ന് നല്‍കും. എഡിജിപി അജിത് കുമാറിനെതിരെ സിപിഐ രംഗത്തുവന്നെങ്കിലും പൂരം അട്ടിമറി വിവാദം മാത്രമല്ല തൃശൂരിലെ ഇടത് പരാജയത്തിന് കാരണം എന്ന അഭിപ്രായം സിപിഎമ്മിനുള്ളിലുണ്ട്.
50000 വോട്ടുകള്‍ ബിജെപി അധികമായി ചേര്‍ത്തതും കെ.മുരളീധരനെ പോലുള്ള ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതും ഇടതു തോല്‍വിയെ സ്വാധീനിച്ചുവെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ശക്തമാണ്. പക്ഷെ പി.വി.അന്‍വര്‍ ആഭ്യന്തരവകുപ്പിന് എതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും വലിയ ക്ഷീണമുണ്ടാക്കി എന്ന വിലയിരുത്തലുമുണ്ട്. ഇതിനെല്ലാമുള്ള മറുപടിയാകും മുഖ്യമന്ത്രി നല്‍കുക.
അതേസമയം തൃശൂർ പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് എഡിജിപി അജിത് കുമാര്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നിട്ടില്ലെന്ന് വിവരാവകാശപ്രകാരം മറുപടി നല്‍കിയ പോലീസ് ആസ്ഥാനത്തെ ഡിവൈഎസ്പിക്ക് എതിരെ ഇന്നലെ അച്ചടക്ക നടപടി എടുത്തിട്ടുണ്ട്. അന്വേഷണ വിധേയമായി എം.എസ്.സന്തോഷിനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here