എഡിജിപി അജിത് കുമാറിന് മാറ്റമില്ല; അന്‍വറിന്റെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം

പി.വി.അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ച് അന്വേഷണ സംഘത്തെ നിയോഗിച്ച സര്‍ക്കാര്‍ തത്ക്കാലം ആരോപണവിധേയനെ സ്ഥാനത്ത് നിന്നും മാറ്റില്ല. ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ സംഘം അന്വേഷണം നടത്തുന്നതിനാല്‍ എഡിജിപിക്ക് അന്വേഷണത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അജിത്‌കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് തുടരാന്‍ മുഖ്യമന്ത്രി അനുവദിച്ചത്. അതേസമയം ആരോപണ വിധേയനായ പത്തനംതിട്ട എസ്പി സുജിത് ദാസിനെ മാറ്റിയിട്ടുണ്ട്. പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലേക്കാണ് മാറ്റിയത്.

അജിത് കുമാറിനെ മാറ്റിയാല്‍ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയ്ക്കും പകരക്കാരനെ കണ്ടത്തേണ്ടി വരും എന്ന സാഹചര്യം ഉടലെടുത്തപ്പോഴാണ് മുഖ്യമന്ത്രി യുടേണ്‍ അടിച്ചത്. അജിത് കുമാറിനെതിരായ ആരോപണങ്ങള്‍ നേരിട്ട് അന്വേഷിക്കാന്‍ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു.

ഐജി ജി.സ്പര്‍ജന്‍ കുമാര്‍, തൃശൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ്, തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി എസ്.മധുസൂദനന്‍, എസ്എസ്ബി ഇന്റലിജന്‍സ് എസ്പി എ.ഷാനവാസ് എന്നിവരാണ് ഡിജിപിയുടെ സംഘത്തിലുള്ളത്. ഉന്നയിക്കപ്പെട്ട പരാതികളിലും ആരോപണങ്ങളിലും ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മുഖ്യമന്ത്രി പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയത്.

അന്‍വര്‍ ആരോപണമുയര്‍ത്തിയ എഡിജിപി എം.ആര്‍.അജിത് കുമാറിന് ക്രമസമാധാന ചുമതല നഷ്ടമാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അജിത് കുമാറിന് പകരം എഡിജിപി റാങ്കിലുള്ള എച്ച്.വെങ്കിടേഷ്, ബല്‍റാം കുമാര്‍ ഉപാധ്യായ എന്നിവരില്‍ ഒരാള്‍ക്ക് ക്രമസമാധാന പാലന ചുമതല കിട്ടുമെന്നാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി വെട്ടി. ഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണം എന്ന തീരുമാനത്തിലേക്ക് എത്തുകയും ചെയ്തു.

രാവിലെ മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് പോലീസ് മേധാവി കോട്ടയത്ത് ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍ ക്രമസമാധാന ചുതലയുള്ള എഡിജിപിയെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചു. ഇതിന് അനുസൃതമായി കോട്ടയത്തെ പോലീസ് അസോസിയേഷന്‍ യോഗത്തില്‍ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ പത്തനംതിട്ട എസ്പി സുജിത് ദാസിനെതിരെ നടപടി വരുമെന്ന സൂചന വന്നു. പോലീസ് മേധാവിയുടെ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചെന്ന തോന്നലുമുണ്ടായി. എന്നാല്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിയെ മാറ്റുന്നതില്‍ മുഖ്യമന്ത്രി കടുത്ത വിയോജിപ്പ് അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top