എഡിജിപി അജിത്‌ കുമാറിന്റെ കസേര ഉടനെ ഇളകില്ല; അന്വേഷണത്തില്‍ ആരോപണങ്ങള്‍ തെളിഞ്ഞാല്‍ മാത്രം നടപടി എന്ന് മുഖ്യമന്ത്രി

നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍.അജിത്‌ കുമാറിനെതിരെ നടപടി ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി. ആരോപണങ്ങള്‍ ആര്‍ക്കും ഉന്നയിക്കാം. അതിന്റെ ബലത്തില്‍ ഒരാള്‍ക്ക് എതിരെയും നടപടി ഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തീര്‍ത്തു പറഞ്ഞത്.

എഡിജിപിക്ക് എതിരെ അന്വേഷണം നടക്കുന്നുണ്ട്. അതിന്റെ റിപ്പോര്‍ട്ട് വന്ന ശേഷം ആ കാര്യം പരിശോധിക്കും. അജിത്‌ കുമാറിന്റെ കാര്യത്തില്‍ ആദ്യം എടുത്ത നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. അന്‍വര്‍ എന്തെങ്കിലും വിളിച്ചുപറഞ്ഞാല്‍ അത് ചെയ്യാന്‍ വേണ്ടിയല്ല ശശി പൊളിറ്റിക്കല്‍ സെക്രട്ടറി പോസ്റ്റില്‍ ഇരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

“പ്രതിപക്ഷ നേതാവാണ്‌ എന്റെ ദൗത്യവുമായി എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടത് എന്ന ആരോപണം ഉന്നയിച്ചത്. മാധ്യമങ്ങള്‍ അത് ഏറ്റുപിടിക്കുകയായിരുന്നു. രാഷ്ട്രീയ ദൗത്യങ്ങൾക്കായി പൊലീസിനെ അയക്കുന്നത് ഞങ്ങളുടെ രീതിയല്ല. അജിത് കുമാര്‍ ആര്‍എസ്എസ് നേതാവിനെ കണ്ടതില്‍ ചട്ടപ്രകാരം എന്തെങ്കിലും വീഴ്ചകള്‍ ഉണ്ടെങ്കില്‍ അത് പ്രകാരം നടപടിയെടുക്കും.” – മുഖ്യമന്ത്രി വ്യക്തമാക്കി. സിപിഐ നേതാവ് പ്രകാശ് ബാബുവിന്റെ ജനയുഗം ലേഖനത്തിനെ കുറിച്ച് ചോദ്യം വന്നപ്പോള്‍ അതിനുള്ള മറുപടിയും ഇതാണ് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

വെങ്ങാനൂര്‍ ബാലകൃഷ്ണന്‍ എഴുതി മൈത്രി ബുക്ക്സ് പ്രസിദ്ധീകരിച്ച മുന്‍ ഡിജിപി ജയറാം പടിക്കലിന്റെ ജീവചരിത്രവും അദ്ദേഹം ഉദ്ധരിച്ചു. “കുപ്രസിദ്ധമായ കോ-ലീ-ബി സഖ്യത്തിന് ഇടനിലയും കാര്‍മികത്വവും വഹിച്ചത് താന്‍ തന്നെയാണെന്ന് കെ.കരുണാകരന്‍റെ ഏറ്റവും വിശ്വസ്തനായ പോലീസ് മേധാവി ജയറാം പടിക്കല്‍ ആണ് വെളിപ്പെടുത്തിയത്. ജയറാം പടിക്കല്‍ ജീവിച്ചിരുന്ന ഘട്ടത്തിലൊന്നും ഈ ആരോപണം അവാസ്തമാണെന്ന് പറയാന്‍ ആരും തയ്യാറായിട്ടില്ല. ഇന്നും വിപണിയില്‍ ലഭ്യമായ ഈ പുസ്തകവും അതിലെ വെളിപ്പെടുത്തലും പച്ചയായ സത്യമായി മുന്നിലുളളപ്പോള്‍ ആണ് പ്രതിപക്ഷനേതാവ് അദ്ദേഹത്തിനും അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്കും അതിന്‍റെ പഴയ നേതാവിനും ചേരുന്ന തൊപ്പി എന്‍റെ തലയില്‍ ചാര്‍ത്താന്‍ നോക്കുന്നത്.” – മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എഡിജിപി അജിത്‌ കുമാറിനെതിരെ നിരന്തര ആരോപണങ്ങളാണ് പി.വി.അന്‍വര്‍ ഉന്നയിക്കുന്നത്. അജിത് കുമാര്‍ കള്ളപ്പണം വെളുപ്പിച്ചെന്നും കൈക്കൂലി പണം ഉപയോഗിച്ച് ഫ്‌ളാറ്റുകള്‍ വാങ്ങി മറിച്ചുവിറ്റു എന്നൊക്കെയുള്ള ആരോപണങ്ങള്‍ അന്‍വര്‍ ഉന്നയിച്ചിട്ടുണ്ട്. ഇതിനെല്ലാമുള്ള മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top