അവതാരകയെ തിരുത്തി മുഖ്യമന്ത്രി വീണ്ടും; ‘അമ്മാതിരി കമന്റ് വേണ്ട, അടുത്ത ആളെ വിളിച്ചാല്‍ മതി’ എന്ന് നിര്‍ദ്ദേശം

തിരുവനന്തപുരം: മുഖാമുഖം പരിപാടിക്കിടെ പ്രസംഗത്തിന് നന്ദി അറിയിച്ച അവതാരകയെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഉദ്‌ഘാടന പ്രസംഗം കഴിഞ്ഞ് മുഖ്യമന്ത്രി ഇരിപ്പിടത്തിലേക്ക് മടങ്ങാൻ തുടങ്ങിയപ്പോഴാണ് അവതാരക നന്ദി അറിയിച്ചത്. ‘വളരെ നല്ല പ്രസംഗം കാഴ്ചവച്ച മുഖ്യമന്ത്രിക്ക് നന്ദി’ എന്നായിരുന്നു അവതാരക പറഞ്ഞത്. എന്നാൽ ‘അമ്മാതിരി കമന്റ് ഒന്നും വേണ്ട, നിങ്ങൾ അടുത്ത ആളെ വിളിച്ച മതിയെന്നാണ്’ മുഖ്യമന്ത്രി പ്രതികരിച്ചത്. മുഖാമുഖം പരിപാടിയുടെ ഭാഗമായി ന്യൂനപക്ഷ വകുപ്പ് സംഘടിപ്പിച്ച ഇൻസാഫ് പരിപാടിയുടെ ഉദ്ഘാടന വേദിയിലാണ് സംഭവം അരങ്ങേറിയത്.

തിരുത്തിയതിന് ശേഷം മുഖ്യമന്ത്രി ഇരിപ്പിടത്തിലേക്ക് മടങ്ങിയതിന് പിന്നാലെ അടുത്ത പ്രസംഗത്തിനായി അവതാരക റവന്യു മന്ത്രി കെ.രാജനെ ക്ഷണിക്കുകയും ചെയ്തു. മന്ത്രി അബ്ദുറഹിമാൻ, മുസ്ലിം സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ വേദിയിലിരിക്കെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കാസർകോട് ബേദഡ്കയിൽ കർഷകരുടെ സഹകരണ ബാങ്ക് കെട്ടിടത്തിന്റെ ഉദ്‌ഘാടന വേദിയിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. കെട്ടിടം ഉദ്ഘാടനം ചെയ്തതായി നിങ്ങളെ അറിയിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെ അവതാരകൻ അനൗൺസ്‌മെന്റ് തുടർന്നു. എന്നാൽ താൻ സംസാരിച്ച് കഴിയുന്നതിന് മുൻപ് അനൗൺസ്‌മെന്റ് തുടങ്ങിയെന്ന് പറഞ്ഞ് മുഖ്യമന്ത്രി സദസിൽ നിന്ന് ഇറങ്ങി പോവുകയായിരുന്നു. ‘എന്റെ വാചകം അവസാനിപ്പിക്കണ്ടേ, അയാൾക്ക് ചെവിടും കേൾക്കുന്നില്ലെന്നാണ് തോന്നുന്നത്’ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പ്രസംഗത്തിനിടെ മൈക്ക് പണി മുടക്കിയതിലും മുഖ്യമന്ത്രി നീരസം പ്രകടിപ്പിച്ചിരുന്നു. അതും ഏറെ ചര്‍ച്ചയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top