ഹിന്ദുക്കളെ മുഖ്യമന്ത്രി അപമാനിച്ചെന്ന് ബിജെപി; സനാതനധര്‍മ പരാമര്‍ശം ദേശീയ തലത്തില്‍ ചര്‍ച്ചയാകുന്നു
മുഖ്യമന്ത്രി പിണറായി വിജയന്‍റെ സനാതനധര്‍മ പരാമര്‍ശം ദേശീയതലത്തില്‍ ചര്‍ച്ചയാക്കി ബിജെപി. മുഖ്യമന്ത്രിയുടെ വാക്കുകള്‍ സനാതന ധര്‍മത്തിന് എതിരായ ഇന്ത്യാ സഖ്യത്തിന്റെ പൊതുനിലപാടായാണ് ബിജെപി ഉയര്‍ത്തിക്കാട്ടുന്നത്. ശിവഗിരി തീര്‍ഥാടനത്തിന്റെ ഉദ്ഘാടന സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. മനുഷ്യത്വപരമായ വിശ്വദര്‍ശനമാണ് ഗുരു ഉയര്‍ത്തിപ്പിടിച്ചത്. അതിനെ സനാതന തത്വത്തിന്റെ ചട്ടക്കൂടില്‍ ഒതുക്കാന്‍ ശ്രമിച്ചാല്‍ അത് ഗുരുവിനോട് ചെയ്യുന്ന വലിയ നിന്ദയാകും എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഹിന്ദുക്കളെ അവഹേളിക്കാനായുള്ള നീക്കമായാണ് മുഖ്യമന്ത്രിയുടെ വാക്കുകളെ ബിജെപി വ്യാഖാനിച്ചത്.
ഹിന്ദുക്കളെ മുഖ്യമന്ത്രി അപമാനിച്ചെന്നും മറ്റു മതങ്ങളെ അപമാനിക്കാന്‍ ധൈര്യമുണ്ടോ എന്നും ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല ചോദിച്ചു. ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളുടെ അടിത്തറ സനാതന ധര്‍മമാണെന്ന ബിജെപി വാദത്തെ ഖണ്ഡിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. എന്നാല്‍ സനാതന ധര്‍മത്തിന് എതിരെയുള്ള പരസ്യവിമര്‍ശനമായാണ് ബിജെപി ദേശീയ നേതൃത്വം പ്രചാരണം നടത്തിയത്. ചില പ്രത്യേക വിഭാഗങ്ങളെ സന്തോഷിപ്പിക്കാനാണ് അത്തരമൊരു പരാമര്‍ശം നടത്തിയത് എന്ന ആരോപണമാണ് കത്തുന്നത്.
സനാതന ധര്‍മത്തെക്കുറിച്ച് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ നാടത്തിയ പരാമര്‍ശങ്ങളും ഉത്തരേന്ത്യയില്‍ ബിജെപി ആയുധമാക്കിയിരുന്നു. ഉദയ്നിധി പങ്കെടുക്കുന്നു എന്ന ഒരൊറ്റ കാരണംകൊണ്ട് അന്ന് മധ്യപ്രദേശിലെ ഇന്ത്യാ സഖ്യറാലി കമല്‍നാഥ് ഇടപെട്ട് റദ്ദാക്കിയിരുന്നു. ഉദയ്നിധിയുടെ വാക്കുകളുടെ തുടര്‍ച്ചയായാണ് മുഖ്യമന്ത്രിയുടെ ശിവഗിരി പ്രസംഗത്തെ ചിത്രീകരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here