മുസ്ലിം വിരുദ്ധനല്ലെന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രി; ലോകത്തെ മുസ്ലിം വേട്ടകള്‍ എണ്ണിപ്പറഞ്ഞ് പ്രസംഗം; വിവാദങ്ങള്‍ക്ക് മറുപടി അവസാന ഭാഗത്ത്

മലപ്പുറത്തെ സ്വർണക്കടത്തുമായി ബന്ധപ്പെടുത്തി നടത്തിയ പരാമർശങ്ങൾ വിവാദമായതിന് പിന്നാലെ മുസ്ലിം വിരുദ്ധനല്ലെന്ന് സ്ഥാപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമം. വിവാദത്തിന് മൂർച്ചയേറ്റി ദ ഹിന്ദു ദിനപത്രത്തിൻ്റെ വിശദീകരണവും വന്നതിന് തൊട്ടുപിന്നാലെ നടന്ന ആദ്യ പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി ഭൂരിഭാഗവും സംസാരിച്ചത് ലോകത്തും രാജ്യത്തും നടക്കുന്ന മുസ്ലിം വേട്ടയെക്കുറിച്ച്. കോഴിക്കോട്ട് സിപിഎം ജില്ലാ കമ്മിറ്റി നിര്‍മ്മിച്ച എകെജി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ഈ പ്രസംഗം.

ഗാസയില്‍ നടക്കുന്ന ഇസ്രായേലിന്റെ ആക്രമണങ്ങളും മുസ്ലിം വേട്ടയും പറഞ്ഞായിരുന്നു മുഖ്യമന്ത്രി തുടങ്ങിയത്. ലോകത്ത് നടക്കുന്ന ഇത്തരം സംഭവങ്ങള്‍ വിവരിച്ച മുഖ്യമന്ത്രി പിന്നീട് എത്തിയത് രാജ്യത്ത് നടക്കുന്ന മുസ്ലിം വിരുദ്ധ പ്രവര്‍ത്തനങ്ങളിലാണ്. ഓരോ സംഭവങ്ങളും എണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി നടക്കുന്നത് സംഘപരിവാര്‍ അജണ്ടയാണെന്നും രാജ്യത്തെ മതനിരപേക്ഷത തകര്‍ക്കാനാണ് ശ്രമം നടക്കുന്നതെന്നും അത് ചെറുക്കേണ്ടതാണെന്നും പ്രസംഗിച്ചു.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെയും മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. ബംഗാളിലെ ആര്‍ജി കര്‍ ആശുപത്രിയിലെ യുവ ഡോക്ടറുടെ ബലാത്സംഗ കൊലപാതകവും മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍ കടന്നുവന്നു. പ്രസംഗത്തിന്റെ അവസാന ഭാഗത്ത് മാത്രമാണ് നിലവിലെ വിവാദങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയത്.

ഒരു ജില്ലയേയും മത വിഭാഗത്തേയും കുറ്റപ്പെടുത്തുന്ന സമീപനം ഒരു കാലത്തും ഉണ്ടാകില്ല. ഹിന്ദു പത്രത്തില്‍ താന്‍ പറയാത്ത കാര്യങ്ങളാണ് പ്രസിദ്ധീകരിച്ചത്. അത് പത്രം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വര്‍ഗീയ പരാമര്‍ശം ഒരിക്കലും നടത്തിയിട്ടില്ല. എന്നാല്‍ വര്‍ഗീയതയെ എതിര്‍ക്കുകയും ചെയ്യും. തെറ്റായ കാര്യങ്ങള്‍ ആര് ചെയ്താലും എതിര്‍ക്കും. അത് ആര്‍എസ്എസിന്റെ ഭൂരിപക്ഷ വര്‍ഗീയതയായാലും ന്യൂനപക്ഷ വര്‍ഗീയതയാലും എതിര്‍ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സര്‍ക്കാരുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തില്‍ സ്വര്‍ണക്കടത്തിന്റെ കണക്ക് വിശദീകരിച്ചപ്പോൾ കോഴിക്കോട് വിമാനത്താവളത്തെക്കുറിച്ച് പറയേണ്ടിവന്നു. അപ്പോഴാണ് മലപ്പുറം ജില്ലയുടെ കേസുകള്‍ പറഞ്ഞത്. അത് ആ ജില്ലക്ക് എതിരല്ല. സ്വര്‍ണ്ണക്കടത്തും ഹവാല ഇടപാടും രാജ്യസ്‌നേഹപരമല്ല. അതിനെതിരെ ശക്തമായ നടപടി തുടരും. കൃത്യമായ വര്‍ഗീയ അജണ്ടയുടെ ഭാഗമായി പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഏത് കൂട്ടരെയാണോ ഒപ്പം നിര്‍ത്താമെന്ന് കരുതുന്നത് അവര്‍ തന്നെ ഈ നീക്കങ്ങളെ തള്ളിപ്പറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്‍വറിന്റെ പരാതി സര്‍ക്കാര്‍ ഗൗരവമായാണ് പരിഗണിക്കുന്നത്. അന്വേഷണം നടക്കുന്നുണ്ട്. റിപ്പോര്‍ട്ട് കിട്ടിയാല്‍ ശക്തമായ നടപടിയെന്നും പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top