കമ്യൂണിസ്റ്റ് മന്ത്രിസഭകളുടെ ചരിത്രത്തില്‍ അച്യുതാനന്ദന്‍ ഔട്ട്; കേരളത്തിന്റെ വളര്‍ച്ചയില്‍ വിഎസ് സര്‍ക്കാരിന്റെ നേട്ടങ്ങളില്ല; കലിപ്പുതീരാതെ പിണറായി

കേരളത്തിന്റെ വളര്‍ച്ചയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം വഹിച്ചത് താരതമ്യങ്ങള്‍ക്ക് അതീതമായ പങ്കാണെന്ന് പിണറായി വിജയന്‍. 1957 മുതലുള്ള കമ്യൂണിസ്റ്റ് സര്‍ക്കാരുടെ നേട്ടങ്ങള്‍ വിവരിച്ച് പുതിയ ലക്കം ചിന്ത വാരികയില്‍ പിണറായി എഴുതിയ ലേഖനത്തില്‍ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിനെക്കുറിച്ച് ഒരു പരാമര്‍ശം പോലും നടത്താതിരിക്കാന്‍ അദ്ദേഹം നന്നേ ശ്രദ്ധിച്ചു. 1996ലെ നായനാര്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിച്ച ശേഷം 2016ല്‍ അധികാരത്തില്‍ വന്ന സ്വന്തം സര്‍ക്കാരിന്റെ നേട്ടങ്ങൾ വർണിക്കുകയാണ്. ‘കേരളത്തിന്റെ സമഗ്ര വളര്‍ച്ചയ്ക്ക് കമ്യൂണിസ്റ്റ് – എല്‍ഡിഎഫ് സര്‍ക്കാരുകളുടെ സംഭാവനകള്‍’ എന്ന ലേഖനത്തിലാണ് വിഎസ് സര്‍ക്കാരിനെ തന്നെ തമസ്‌കരിച്ചത്.

സിപിഎമ്മിന്റെ കൊല്ലം സംസ്ഥാന സമ്മേളനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുതിയ ലേഖനമാണ് ഇത്. ഒന്നാം ഇഎംഎസ് മന്ത്രിസഭയുടെ നേട്ടങ്ങള്‍ പറഞ്ഞാണ് ലേഖനം ആരംഭിക്കുന്നത്. ‘ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനര്‍നിര്‍ണയം മുതല്‍ ഭൂപരിഷ്‌കരണം വരെയുള്ള കാര്യങ്ങള്‍ മുന്‍നിര്‍ത്തി നടത്തിയ പോരാട്ടങ്ങളുടെ ചരിത്രം ആധുനിക കേരള രൂപീകരണത്തിന്റെ ചരിത്രമാണ്. 1957ല്‍ കേരളത്തില്‍ അധികാരത്തില്‍ വന്നപ്പോള്‍ കാര്‍ഷികബന്ധങ്ങളും ഭൂബന്ധങ്ങളും അഴിച്ചുപണിതുകൊണ്ട് വാക്കുപാലിക്കുന്നവര്‍ കമ്യൂണിസ്റ്റുകാർ ആണെന്ന് ലോകത്തിനു മുമ്പില്‍ തെളിയിക്കുകയും ചെയ്തു’ എന്നാണ് പിണറായിയുടെ പുകഴ്ത്തല്‍.

1967, 1980, 1987, 1996 എന്നീ കാലഘട്ടങ്ങളിലെ ഇടത് സര്‍ക്കാരുകളെക്കുറിച്ച് പറഞ്ഞ ശേഷം 2016ലെ സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചാണ് ലേഖനത്തില്‍ പിണറായി പറഞ്ഞു പോകുന്നത്. 2006ല്‍ അധികാരത്തില്‍ വന്ന വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിനെക്കുറിച്ച് ഒരു വാക്കുപോലും ഇല്ല. 1980ലെ നായനാര്‍ സര്‍ക്കാരിനെക്കുറിച്ച് പറഞ്ഞു തുടങ്ങി 1996ലെ സര്‍ക്കാരുകള്‍ക്കു ശേഷം തന്റെ സര്‍ക്കാരിന്റെ നേട്ടത്തെക്കുറിച്ചാണ് അദ്ദേഹം വിശദീകരിക്കുന്നത്. ദോഷം പറയരുതല്ലോ, വിഎസ് അച്യുതാനന്ദന്റെ ഒരു ചിത്രം ലേഖനത്തിനൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

“1980ലാണ് പിന്നീട് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ കേരളത്തില്‍ അധികാരം ഏല്‍ക്കുന്നത്. രാജ്യത്ത് ആദ്യമായി കര്‍ഷകത്തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തിയത് ആ സര്‍ക്കാരാണ്. നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാൻ ഉതകുംവിധം കമ്പോളങ്ങളില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ശക്തിപ്പെടുത്തി മാവേലി സ്റ്റോറിന് തുടക്കംകുറിച്ചതും ആ സര്‍ക്കാര്‍ ആയിരുന്നു. 1987ല്‍ അധികാരത്തില്‍ വന്ന ഇടതു ജനാധിപത്യമുന്നണി സര്‍ക്കാര്‍ സമ്പൂര്‍ണ സാക്ഷരതയിലേക്ക് കേരളത്തെ നയിച്ചു. ക്ഷേമപെന്‍ഷനുകളെ വിപുലപ്പെടുത്താനും ക്ഷേമനിധി ആനുകൂല്യങ്ങള്‍ ശക്തിപ്പെടുത്താനും കേരളത്തിന്റെ ഐടി വികസനത്തിന് ദീര്‍ഘവീക്ഷണത്തോടെ അടിത്തറയിടാനും ആ സര്‍ക്കാരിനു കഴിഞ്ഞു.”

“ആഗോള- ഉദാരവത്കരണ സാമ്പത്തിക നയങ്ങള്‍ രാജ്യത്ത് അതിതീവ്രമായി നടപ്പിലാക്കി തുടങ്ങിയ ഘട്ടത്തിലാണ് 1996ല്‍ ഇടതു ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തില്‍ വരുന്നത്. ഇന്ത്യയിലെ വലതുപക്ഷ രാഷ്ട്രീയം ജനാധിപത്യത്തെ മുതലാളിത്തത്തിനു തീറെഴുതിയ ആ കാലത്ത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന അധികാര വികേന്ദ്രീകരണത്തിന്റേതായ ജനകീയാസൂത്രണ ബദല്‍ ആ സര്‍ക്കാര്‍ നടപ്പാക്കി. ജനാധിപത്യ പ്രക്രിയയിലും വികസന പ്രവര്‍ത്തനങ്ങളിലും പൊതുജനത്തിനുള്ള പങ്ക് വര്‍ദ്ധിപ്പിക്കാനും ശക്തിപ്പെടുത്താനും ഉതകിയ ജനകീയാസൂത്രണ പരിപാടി ലോകശ്രദ്ധ ആകര്‍ഷിക്കുന്നതായിരുന്നു” -ഇങ്ങനെ 1996ലെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറഞ്ഞ ശേഷം നേരെ പോകുന്നത് തന്റെ ഭരണകാലത്തിലേക്ക് ആണ്.

“അസമത്വം വളര്‍ത്തുന്ന ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ സമഗ്രമായ ജനകീയ വികസനത്തിന്റെ ബദല്‍ നയങ്ങളുമായാണ് 2016ലെ ഇടതു ജനാധിപത്യ മുന്നണി സര്‍ക്കാരും അധികാരമേറ്റത്. പൊതുമേഖലയെ സംരക്ഷിക്കുക, സാമൂഹ്യസുരക്ഷ ശക്തിപ്പെടുത്തുക, ആരോഗ്യ–വിദ്യാഭ്യാസ മേഖലകളിലെ രണ്ടാംതലമുറ പ്രശ്നങ്ങള്‍ പരിഹരിക്കുക, അടിസ്ഥാന സൗകര്യവികസനം ഊര്‍ജ്ജിതമാക്കുക, കാര്‍ഷിക– വ്യവസായ മേഖലകളെ ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളില്‍ ഊന്നുന്ന നയങ്ങളാണ് ആ സര്‍ക്കാര്‍ നടപ്പിലാക്കിയത്. വികസനരംഗത്ത് മുന്നേറ്റങ്ങള്‍ സൃഷ്ടിക്കുമ്പോഴും കേരളത്തിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥ സംരക്ഷിക്കാനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചു” -ഇതാണ് തന്റെ സര്‍ക്കാരിനെ കുറിച്ചുളള വിലയിരുത്തല്‍.

കിഫ്ബി കൊണ്ട് നാട്ടില്‍ വന്ന വികസന നേട്ടങ്ങളെക്കുറിച്ച് അദ്ദേഹം ആവേശം കൊള്ളുന്നുണ്ട്. മുന്‍ കാലങ്ങളില്‍ കേരളം ഭരിച്ച കോണ്‍ഗ്രസ്, സിപിഐ സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ല എന്നാണ് വരികള്‍ക്കിടയില്‍ പറയുന്നത്. എല്ലാ നേട്ടങ്ങളും 2016ന് ശേഷമാണെന്ന മട്ടിലാണ് ലേഖനത്തിലെ അവകാശ വാദം. 1964ലെ സിപിഎം രൂപീകരണത്തിന് നേതൃത്വം കൊടുത്തവരില്‍ ഇന്ന് ജീവനോടെ അവശേഷിക്കുന്ന മുതിര്‍ന്ന നേതാവിനെയാണ് ഒരു വാക്കു കൊണ്ടു പോലും ഓര്‍ക്കാതെ പിണറായി ലേഖനം അവസാനിപ്പിക്കുന്നത്. വിഭാഗീയതയുടെ കാലത്തെ വിഎസിനോടുള്ള കലിപ്പ് പിണറായിക്ക് ഇനിയും തീര്‍ന്നിട്ടില്ലെന്ന് ഇതോടെ വിമർശനം ഉയരുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top