ഹിന്ദുവോ മുഖ്യമന്ത്രിയോ, ആര് തിരുത്തണം? മലപ്പുറത്തെ സ്വർണക്കടത്ത് പരാമർശത്തിൽ സിപിഎം കണക്കുകൂട്ടൽ പാളിയപ്പോൾ

മലപ്പുറത്തിൻ്റെ കാര്യത്തിൽ ഒരാഴ്ചയുടെ വ്യത്യാസത്തിൽ രണ്ടിടത്ത് മുഖ്യമന്ത്രി പറഞ്ഞത് ഒരേവിധമായത് യാദൃശ്ചികമല്ല. ‘ദ ഹിന്ദു’ ദിനപത്രത്തിന് ഡൽഹിയിൽ നിന്നാണ് മുഖ്യമന്ത്രി അഭിമുഖം നൽകിയത്. മലയാളിയായ മുതിർന്ന ലേഖിക ശോഭന കെ.നായർ ആണ് അഭിമുഖം നടത്തിയത്. ഹിന്ദുവിൻ്റെ തനത് ശൈലിയിൽ ഒരു വ്യാഖ്യാനങ്ങളിലേക്കും കടക്കാതെ മുഖ്യമന്ത്രിയുടെ വാക്കുകൾ അതുപടിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൃത്യതക്ക് വേണ്ടി അഭിമുഖം റെക്കോർഡ് ചെയ്തിട്ടുമുണ്ട് എന്നാണ് വിവരം. ഇന്നലെ (സെപ്തംബർ 30 തിങ്കളാഴ്ച) അച്ചടിച്ചുവന്ന അഭിമുഖത്തിലെ ‘മലപ്പുറം പരാമർശം’ ഉണ്ടാക്കിയതിലും വലുതാണ് ഉണ്ടാക്കാനിരിക്കുന്ന പരുക്കെന്നും അത് പരിഹരിച്ചെടുക്കാൻ എളുപ്പമാകില്ലെന്നും ബോധ്യപ്പെടാൻ മുഖ്യമന്ത്രിയുടെ ഓഫീസിന് 24 മണിക്കൂറിലേറെ വേണ്ടിവന്നു. ഇതോടെയാണ് തിരുത്തൽ ആവശ്യപ്പെട്ട് ഇന്ന് പത്രത്തിന് കത്തയച്ചത്.
ഹിന്ദു ദിനപത്രത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെ: “150 കിലോ സ്വര്‍ണവും 123 കോടിയുടെ ഹവാല പണവും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ മലപ്പുറത്ത് നിന്ന് സംസ്ഥാന പോലീസ് പിടിച്ചിട്ടുണ്ട്. ഇത് കേരളത്തിലേക്ക് എത്തിക്കുന്നത് രാജ്യ- സംസ്ഥാന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ്. സ്വര്‍ണക്കടത്തിനും മറ്റും എതിരെ ശക്തമായ നടപടി സ്വീകരിക്കുമ്പോള്‍ സര്‍ക്കാര്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ നിലകൊള്ളുകയാണ് എന്ന് ചിത്രീകരിക്കാന്‍ ഒരു വിഭാഗം ശ്രമിക്കുകയാണ്.”
ഇതേ കാര്യം തന്നെയാണ് തന്നെയാണ് പി.വി.അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയായി ഈ കഴിഞ്ഞ 21ന് നടത്തിയ വാര്‍ത്താസമ്മേളനത്തിൽ വിശദീകരിച്ചത്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ: “ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പൊലീസ് പിടികൂടിയ കള്ളക്കടത്ത് സ്വര്‍ണ്ണത്തിന്‍റെയും ഹവാല പണത്തിന്‍റെയും കണക്കുകള്‍ ഇവിടെയുണ്ട്. 2022ല്‍ 98 കേസുകളിലായി 79.9 കിലോ സ്വര്‍ണ്ണവും, 23ല്‍ 61 കേസുകളില്ലായി 48.7 കിലോഗ സ്വര്‍ണ്ണവും, ഈ വര്‍ഷം 26 കേസുകളിലായി 18.1 കിലോ സ്വര്‍ണ്ണവുമാണ് പിടികൂടിയത്. മൂന്നു വര്‍ഷത്തില്‍ ആകെ 147.79 കിലോ സ്വര്‍ണ്ണം പിടികൂടി. അതില്‍ മലപ്പുറം ജില്ലയില്‍ മാത്രം പിടിച്ചത് 124.47 കിലോ സ്വര്‍ണ്ണമാണ്.”
“2020 മുതല്‍ സംസ്ഥാനത്താകെ 122.5 കോടി രൂപയുടെ ഹവാലപ്പണമാണ് പൊലീസ് പിടിച്ചെടുത്തത്. അതില്‍ 87.22 കോടി മലപ്പുറത്തു നിന്നാണ്. കരിപ്പൂര്‍ വിമാനത്താവളം വഴി വലിയ തോതില്‍ സ്വര്‍ണ്ണവും ഹവാലപ്പണവും വരുന്നു എന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് കര്‍ക്കശമായി തടയുന്നത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണ്. സ്വര്‍ണ്ണം, മയക്കുമരുന്ന്, കള്ളപ്പണം എന്നിവ കടത്തുന്നത് നാടിനെതിരായ കുറ്റകൃത്യം തന്നെയാണ്. അത് ഒരു വിധത്തിലും അനുവദിക്കില്ല. പരിശോധനകള്‍ കര്‍ശനമാക്കാനും കള്ളക്കടത്തുകാരെ കര്‍ക്കശമായി കൈകാര്യം ചെയ്യാനും പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല.” -മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഈ വാക്കുകളോട് സ്വാഭാവികമായും പി.വി.അൻവർ രൂക്ഷമായി പ്രതികരിച്ചു. രാഷ്ട്രിയത്തിന് അതീതമായി മുസ്ലിം സമുദായ സംഘടനകൾ ഇടപെട്ടു. ലീഗ് അടക്കം പാർട്ടികളും കിട്ടിയ അവസരം ഉപയോഗിക്കാൻ ശ്രമിച്ചു. കാത്തിരുന്ന് കിട്ടിയത് പോലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചാടിവീണ് റിപ്പോർട്ട് ആവശ്യപ്പെട്ടു. ദേശീയതലത്തിലടക്കം മുഖ്യമന്ത്രിയുടെ പരാമർശം ചർച്ചയാകുന്ന സ്ഥിതിയുമായി. കാൽച്ചുവട്ടിലെ മണ്ണെന്ന് പറയാവുന്ന മുസ്ലിം സമൂഹത്തിൽ ഇത് ചർച്ചയായ അതേ വേഗത്തിൽ, സിപിഎം ഇപ്പോൾ ലക്ഷ്യമിടുന്ന ഹിന്ദു വോട്ടുകൾ പാർട്ടിയിലേക്ക് തിരികെവരില്ലെന്നും ഉറപ്പാണ്. ഡാജേമ് കൺട്രോളെന്ന നിലയിൽ പത്രത്തിന് അയച്ച കത്തിൻ്റെ പകർപ്പ് പുറത്തുവിട്ടത് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ്.


കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here