ഒരു പ്രതിപക്ഷ ബഹുമാനവും കാണിക്കാത്ത പിണറായി ശൈലി; വാക്കു കൊണ്ട് മാത്രം പ്രതിഷേധിക്കുന്ന സതീശനും; വെളിവാകുന്നത് കോണ്‍ഗ്രസിന്റെ ദൗര്‍ബല്യം

പ്രതിപക്ഷത്തെ പരമാവധി ഒതുക്കി ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കുക എന്ന ശൈലിയാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റേത്. അതിന് സഹായകമാകുന്നതാകട്ടെ കോണ്‍ഗ്രസിലെ സംഘടനാ ദൗര്‍ബല്യവും. ചരിത്രത്തില്‍ ഇത്രത്തോളം പ്രതിപക്ഷത്തെ ഒതുക്കുകയും അവഗണിക്കുകയും ചെയ്ത മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങള്‍ കണ്ടതായി പോലും മുഖ്യമന്ത്രിയോ മന്ത്രിമാരോ സിപിഎമ്മോ നടിക്കാറില്ല. നിയമസഭയില്‍ മാത്രമാണ് പ്രതിപക്ഷ ശബ്ദത്തിന് ഭരണപക്ഷം മറുപടി നല്‍കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മിഷനിങ് ചടങ്ങില്‍ നിന്നാണ് പുതിയതായി പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഒഴിവാക്കിയിരിക്കുന്നത്. ആദ്യമായല്ല വിഴിഞ്ഞത്തെ പരിപാടികളില്‍ നിന്നും പ്രതിപക്ഷ നേതാവിനെ വെട്ടുന്നത്. ട്രയല്‍ റണ്‍ ഉദ്ടഘാടന ചടങ്ങിലും സതീശനെ സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ഇപ്പോഴത്തെ ഒഴിവാക്കലിന് കാരണമായി പറയുന്നത് സര്‍ക്കാരിന്റെ നാലാ വാര്‍ഷികാഘോഷത്തിന്റെ ഭാഗമാണ് ചടങ്ങ് എന്നാണ്. സര്‍ക്കാരിന്റെ വാര്‍ഷികം പ്രതിപക്ഷം ബഹിഷ്‌കരിച്ചിട്ടുണ്ട്. ഇത് അവസരമാക്കിയാണ് വെട്ടിനിരത്തിയത്.

വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമുകുമ്പോള്‍ അതിന് തുടക്കം കുറിച്ച ഉമ്മന്‍ചാണ്ടിയുടെ പേര് പോലും ഒരിടത്തും പരാമര്‍ശിക്കാതിരിക്കാന്‍ പിണറായി സര്‍ക്കാര്‍ എല്ലായിപ്പോഴും പ്രത്യേക കരുതല്‍ എടുക്കാറുണ്ട്. പ്രതിപക്ഷ നേതാവ് ചടങ്ങിനെത്തിയാല്‍ ഉമ്മന്‍ചാണ്ടി എടുത്ത നടപടികളും അന്ന് സിപിഎമ്മും അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായ പിണറായി വിജയന്‍ സ്വീകരിച്ച നിലപാടുകളും പറയുമോ എന്ന സര്‍ക്കാര്‍ ഭയക്കുന്നുണ്ട്. അത് ഒഴിവാക്കാനുള്ള മുന്‍കരുതലാണ് ഈ പേര് വെട്ടിമാറ്റല്‍.

പ്രതിപക്ഷത്തെ ഇത്രയും അവഗണിച്ചിട്ടും യുഡിഎഫ് മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന് ഒന്നും പറയാതെ മിണ്ടാതിരിക്കുകയാണ്. സര്‍ക്കാരിനെതിരെ നിയമസഭയില്‍ പൊരുതുന്നതിന്റെ വീര്യത്തിൻ്റെ പകുതി പോലും കോണ്‍ഗ്രസ് പുറത്ത് കാണാറില്ല. പലപ്പോഴും പേരിന് ഒരു പ്രതിഷേധമായി മാറുകയാണ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍. അതില്‍ മാറ്റം വരണമെങ്കില്‍ കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ശക്തമാകണം. അതിന് ഒരു നടപടിയും ഇതുവരെ സ്വീകരിച്ച് കണ്ടിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top