വീട് പണിക്ക് അനുമതി നല്‍കാത്ത ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യും; നിയമസഭയില്‍ മാസ് മറുപടിയുമായി മുഖ്യമന്ത്രി
![](https://www.madhyamasyndicate.com/wp-content/uploads/2025/02/cm-pinarai-vijayan.jpg)
വീടുവയ്ക്കാനുളള അനുമതി മുട്ടാപോക്ക് കാരണങ്ങള്‍ പറഞ്ഞ് വൈകിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. താമസിക്കാന്‍ സ്വന്തമായി വീടില്ലാത്ത കുടുംബത്തിന് വീട് നിര്‍മ്മിക്കാന്‍ ഡേറ്റാ ബാങ്കില്‍പ്പെട്ടാലും നെല്‍വയല്‍-തണ്ണീര്‍ത്തട പരിധിയില്‍പ്പെട്ടാലും ഗ്രാമപഞ്ചായത്തില്‍ 10 സെന്റും നഗരത്തില്‍ 5 സെന്റും സ്ഥലത്ത് അനുമതി നല്‍കണം. അത് പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ടിഐ മധുസൂധനന്‍ എംഎല്‍എയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കി.
സ്വന്തമായി ഭൂമി ഉണ്ടായിട്ടും വീട് നിര്‍മ്മിക്കുവാന്‍ അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന കാലതാമസവും തടസ്സവാദങ്ങളും സാധാരണക്കാര്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ്. പാവപ്പെട്ടവന് അടച്ചുറപ്പുള്ള വീട് എന്നത് ഇടതു സര്‍ക്കാരിന്റെ നയമാണ്. അതിനായി നെല്‍വയല്‍ നികത്തുന്നതിന് തടസ്സമായി നിലനിന്ന 2008 ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിലെ വ്യവസ്ഥയില്‍ സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നിട്ടുണ്ട്. ഈ ഭേദഗതി പ്രകാരം ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്ത നിലം ഇനത്തില്‍പ്പെട്ട ഭൂമിയുടെ വിസ്തീര്‍ണ്ണം 10 സെന്റില്‍ കവിയാത്ത പക്ഷം അവിടെ 1291.67 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീട് നിര്‍മ്മിക്കുന്നതിന് ഭൂമി തരംമാറ്റം ആവശ്യമില്ല.
ഇത്തരം ഭൂമിയിലെ വീടുകളുടെ നിര്‍മ്മാണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും പെര്‍മിറ്റ് ലഭിക്കുന്നതിന് ഒരു തടസവാദവും ഉന്നയിക്കാന്‍ കഴിയില്ല. ഇത്തരം അപേക്ഷകളില്‍ വീട് നിര്‍മ്മാണത്തിനുള്ള പെര്‍മിറ്റ് അനുവദിക്കുന്നതിന് ഭൂമി ബിടിആറില്‍ നിലം എന്നു രേഖപ്പെടുത്തിയത് തടസ്സമാവില്ല എന്ന് ഉറപ്പുവരുത്തുന്നതാണ്. അതുപോലെ 5 സെന്റ് വരെയുള്ള ഭൂമിയില്‍ 430.56 ചതുരശ്ര അടി വരെ വിസ്തീര്‍ണ്ണമുള്ള വാണിജ്യ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിനും പ്രസ്തുത നിയമത്തിലെ 27 (എ) വകുപ്പു പ്രകാരം തരംമാറ്റല്‍ ആവശ്യമില്ല. കെട്ടിടനിര്‍മ്മാണ അപേക്ഷയോടൊപ്പം നിര്‍ദ്ദിഷ്ട ഭൂമി ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതല്ല എന്ന സാക്ഷ്യപത്രം ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറി മുമ്പാകെ സമര്‍പ്പിച്ചാല്‍ മതിയാകും.
മേല്‍പ്രകാരമുള്ള ഇളവ് ലഭ്യമാണ് എന്നതറിയാതെ തരം മാറ്റത്തിനായി അപേക്ഷകര്‍ റവന്യൂ അധികാരികളെ ഇപ്പോഴും സമീപിക്കുന്ന നിലയുണ്ട്. അത്തരം അപേക്ഷകള്‍ പരിശോധിച്ച് മേല്‍പ്പറഞ്ഞ ആനുകൂല്യം അവര്‍ക്ക് ലഭ്യമാണ് എന്നത് തങ്ങളെ സമീപിക്കുന്ന അപേക്ഷകനെ അറിയിക്കുകയാണ് കൃഷി, തദ്ദേശസ്വയംഭരണം, റവന്യൂ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടത്. പലപ്പോഴും ഇതിന് തയ്യാറാകാത്ത സ്ഥിതിയുണ്ട്. ഇതിനാല്‍ നിയമ ഭേദഗതിയുടെ ആനുകൂല്യം ജനങ്ങള്‍ക്ക് ലഭിക്കാത്ത അവസ്ഥയാണ്. അപേക്ഷകള്‍ സ്വീകരിക്കാതെയും വസ്തുതകള്‍ മനസ്സിലാക്കാതെയും ഉദ്യോഗസ്ഥര്‍ വരുത്തുന്ന കാലതാമസം കാരണം നിരവധി പേരാണ് വീട് പണിയുന്നതിനുവേണ്ടി ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഓരോ കാരണം പറഞ്ഞ് അപേക്ഷകരെ മടക്കലാണ് തങ്ങളുടെ ഉത്തരവാദിത്വമെന്ന് ഉദ്യോഗസ്ഥര്‍ കരുതാന്‍ പാടില്ല. അര്‍ഹതപ്പെട്ടവര്‍ക്ക് സമയബന്ധിത മായി അനുമതി നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ ക്കതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത്തരം ആനുകൂല്യങ്ങള്‍ നിലവിലുണ്ട് എന്ന കാര്യം പൊതുജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. നിലവില്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുണ്ടെങ്കില്‍ അവ അടിയന്തരമായി തീര്‍പ്പ് കല്‍പ്പിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നമെന്നും മുഖ്യമന്ത്രി പറഞ്ഞു.
![whatsapp-chats](https://www.madhyamasyndicate.com/wp-content/themes/Nextline_V5/images/whatsapp-chats.png)
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here