സര്‍ക്കാര്‍ തീയറ്ററെല്ലാം മികച്ചതെന്ന് മേനിപറയും; കോടികളുടെ നവീകരണവും നടത്തി… പക്ഷെ മുഖ്യമന്ത്രി എംപുരാൻ കണ്ടതോ??

രാജ്യം മുഴുവൻ ശ്രദ്ധിക്കുന്ന വിവാദം, അതിൽ ഇരപക്ഷത്ത് നിൽക്കുന്ന സിനിമാ പ്രവർത്തകർക്ക് ഐകദാർഢ്യം അറിയിക്കാൻ കേരളത്തിൻ്റെ മുഖ്യമന്ത്രി ഇറങ്ങുന്നു, അദ്ദേഹം കുടുംബസമേതം തീയറ്ററിൽ പോയി ചിത്രം കാണുന്നു, രാജ്യത്തെ ഏക കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ ചങ്കുറപ്പുള്ള ഈ ഇടപെടലിനെ എല്ലാവരും ഉറ്റുനോക്കുന്നു… സിനിമ കാണുന്നത് രാഷ്ട്രിയ പ്രവർത്തനമാകുന്നു എന്ന് സോഷ്യൽ മീഡിയയിലെ ഇടതു ഹാൻഡിലുകൾ കൊട്ടിഘോഷിക്കുമ്പോൾ ഇതിന് വേദിയായതാകട്ടെ പ്രത്യേകിച്ച് പബ്ലിസിറ്റിയൊന്നും ആവശ്യമില്ലാത്ത ലുലു മാളും പിവിആർ ശൃംഖലയുടെ തലസ്ഥാനത്തെ തീയറ്ററും.

വാർത്താ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ഇത്രയേറെ നിറഞ്ഞ ഈ ഐകദാർഢ്യം പ്രകടിപ്പിക്കാൻ തലസ്ഥാനത്ത് തന്നെയുള്ള ഏതെങ്കിലും സർക്കാർ തീയറ്റർ മുഖ്യമന്ത്രി തിരഞ്ഞെടുത്തെങ്കിലോ?… അതിൻ്റെ നേട്ടം തീർച്ചയായും പൊതുമേഖലക്ക് ഉണ്ടാകുമായിരുന്നു എന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. കെഎസ്എഫ്ഡിസിയുടെ തിരുവനന്തപുരം നഗരമധ്യത്തിലെ കൈരളി, ശ്രീ, നിള തീയറ്ററുകളിലും വഴുതക്കാട്ടെ കലാഭവനിലും ആദ്യദിനം മുതൽ എംപുരാൻ ഓടുന്നുണ്ട്.

എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയൻ എമ്പുരാന്‍ കാണാന്‍ തീരുമാനിച്ചപ്പോൾ തിരഞ്ഞെടുത്തത് ലുലു മാളിലെ പിവിആർ ഐനോക്സ്. സംഘപരിവാര്‍ എതിര്‍പ്പിനെ തുടര്‍ന്ന് സിനിമയുടെ പ്രധാന ഭാഗങ്ങള്‍ എഡിറ്റുചെയ്ത് ഒഴിവാക്കാൻ തീരുമാനിച്ചു എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി സിനിമ കാണാന്‍ തീരുമാനിച്ചത്. ഭാര്യ കമല, കൊച്ചുമകന്‍ എന്നിവര്‍ക്കൊപ്പമാണ് മുഖ്യമന്ത്രി എംപുരാൻ കണ്ടത്. മുഖ്യമന്ത്രിക്കു പോലും സര്‍ക്കാര്‍ തീയറ്റര്‍ സുഖിക്കുന്നില്ലേ എന്ന ചോദ്യമാണ് ഉയരുന്നത്.

കേരളം എല്ലാ മേഖലയിലും നമ്പർ വണ്ണെന്ന് ആവര്‍ത്തിച്ച് പറയുന്നവരാണ് കേരളത്തിലെ മുഖ്യമന്ത്രിയും മന്ത്രിമാരും. അത് ആരോഗ്യമായാലും വിദ്യാഭ്യാസമായാലും ഏതെടുത്താലും അവകാശവാദങ്ങൾക്ക് ഒരു കുറവും ഉണ്ടാകില്ല. ഇതുപോലെ തന്നെയാണ് കേരളത്തിൽ സര്‍ക്കാര്‍ ഉടമസ്ഥതയിലുളള, അതായത് കേരള സ്‌റ്റേറ്റ് ഫിലിം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷൻ (KSFDC) നടത്തുന്ന തീയറ്ററുകളെല്ലാം മികച്ചതെന്ന് സര്‍ക്കാര്‍ പറയുന്നത്. ഗണേഷ്‌കുമാര്‍ സിനിമാ മന്ത്രിയായിരിക്കെ കോടികൾ ചിലവഴിച്ചാണ് ഈ തീയറ്ററുകളെല്ലാം നവീകരിച്ചത്.

കെഎസ്എഫ്ഡിസിയുടെ തിരുവനന്തപുരം നഗരമധ്യത്തിലെ കൈരളി, ശ്രീ, നിള തീയറ്ററുകൾ കേരളത്തിലെ ഏത് സിനിമാശാലയുമായും കിടപിടിക്കാൻ പോന്നതാണ് എന്നതിൽ ആർക്കും എതിരഭിപ്രായമില്ല. വിദേശ ഡെലിഗേറ്റുകളെല്ലാം പങ്കെടുത്ത് വർഷം തോറും നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാനവേദിയും ഈ തീയറ്റർ കോംപ്ലക്സാണ്. വഴുതക്കാട്ടെ കലാഭവനും സമീപകാലത്ത് നവീകരിച്ച തീയറ്ററാണ്.

വിദ്യാഭ്യാസ മേഖല സൂപ്പര്‍ എന്ന് പറയുകയും ജനപ്രതിനിധികൾ പലരും മക്കളെ സ്വകാര്യ, അൺഎയ്ഡഡ് സ്‌കൂളുകളിൽ അയക്കുന്നതും പതിവാണ്. മന്ത്രിമാർ അടക്കമുള്ളവർ ഇക്കാര്യത്തിൽ ആരോപണ വിധേയരായിട്ടുണ്ട്. കേരളത്തിൻ്റെ ആരോഗ്യ മേഖല മികച്ചതെന്ന് പറയും, എന്നാൽ അസുഖം വന്നാല്‍ മുഖ്യമന്ത്രിയടക്കം നേതാക്കൾ വിദേശത്ത് ചികിത്സക്ക് പോകും. ഇതിൽ മലയാളികൾക്ക് ആർക്കും പുതുമയൊട്ടുമില്ല. ഇതിന് സമാനമായി മുഖ്യമന്ത്രിയുടെ തീയറ്റർ തിരഞ്ഞെടുപ്പും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top