പിണറായിക്കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്ന് ഉന്നതര്‍ കേന്ദ്രഏജന്‍സികളുടെ പരിധിയില്‍; എല്ലാം കോടികളുടെ കളികള്‍; ഇപ്പോള്‍ മകളും

എല്ലാം ശരിയാക്കും എന്ന് പറഞ്ഞാണ് 2016ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ കയറിയത്. ഓരോ ഫയലും ഓരോ ജിവിതങ്ങള്‍ എന്നെല്ലാം പ്രസംഗിച്ച് കൈയ്യടി നേടി. വലിയ ആരോപണങ്ങള്‍ ഒന്നും ഇല്ലാതെ മുന്നോട്ടു പോയ പിണറായി സര്‍ക്കാരിന് തിരിച്ചടിയായത് സ്വര്‍ണ്ണക്കടത്ത് കേസായിരുന്നു. നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണ്ണക്കടത്ത് വിവരം പുറത്തു വന്നതോടെ സര്‍ക്കാര്‍ വലിയ രീതിയില്‍ പ്രതിസന്ധിയിലായി.
മുഖ്യമന്ത്രി പിണറായി വിജയന് സ്വര്‍ണ്ണക്കടത്തില്‍ ബന്ധമെന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തിയെങ്കിലും അത് കാര്യമായ ഇംപാക്ട് ഉണ്ടാക്കിയില്ല. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ കേസ് ബാധിച്ചത് വലിയ രീതിയിലായിരുന്നു. സിഎം ഓഫീസിലെ സര്‍വ്വാധികാരിയായി വിലസിയിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന്‍ കേസില്‍ പ്രതിയായി. സ്വപ്‌ന സുരേഷ് അടക്കമുളള പ്രതികള്‍ക്ക് എല്ലാ സഹായവും ചെയ്തതും സ്വര്‍ണ്ണം പിടിച്ചപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതും ശിവശങ്കരന്‍ ആണെന്ന് തെളിഞ്ഞു. ഇതോടെ ശിവശങ്കരന്‍ തെറിച്ചു. പിന്നാലെ ജയിലിലുമായി. ഇതിന്റെ കളങ്കം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ മേല്‍ നിന്നും ഇതുവരെ മാറിയിട്ടില്ല. ശിവശങ്കരന്റെ ചുവടുപറ്റിയാണ് കേന്ദ്രഏജന്‍സികള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയത്.
കേന്ദ്ര ഏജന്‍സികള്‍ അടുത്ത് നോട്ടമിട്ടത് മുഖ്യമന്ത്രിയോട് ഏറെ അടുത്തു നില്‍ക്കുന്ന അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ. സ്വര്‍ണ്ണക്കടത്ത് കേസില്‍ പലതവണ ചോദ്യം ചെയ്യാന്‍ രവീന്ദ്രന് കേന്ദ്ര ഏജന്‍സികള്‍ നോട്ടീസ് നല്‍കി. എന്നാല്‍ ആരോഗ്യ കാരണം പറഞ്ഞ് പലവട്ടം ഒഴിഞ്ഞുമാറി. കടുപ്പിച്ചപ്പോള്‍ ചോദ്യം ചെയ്യാന്‍ ഹാജരായി. എന്നാല്‍ ശിവശങ്കരന് സംഭവിച്ചതു പോലെ അറസ്റ്റും ജയില്‍വാസവുമൊന്നും ഉണ്ടായില്ല. അടുത്തത് മുഖ്യമന്ത്രി എന്നെല്ലാം അഭ്യൂഹം പരന്നെങ്കിലും സ്വര്‍ണ്ണക്കടത്ത് കേസ് ആവിയായി. അത് സിപിഎം ബിജെപി ഡീല്‍ എന്ന ആരോപണം ഇപ്പോഴും നിലനില്‍ക്കുകയാണ്.
ഒരു ഇടവേളക്ക് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉന്നതന്‍ കൂടി കേന്ദ്ര ഏജന്‍സിയുടെ അന്വേഷണ പരിധിയില്‍ എത്തുകയാണ്. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെഎം എബ്രഹാമിനെതിരെ സിബിഐ അന്വേഷണം നടത്താന്‍ ഉത്തവിട്ടിരിക്കുകയാണ് ഹൈക്കോടതി. അനധികൃത് സ്വത്ത് സമ്പാദനത്തിലാണ് മുന്‍ ചീഫ്‌സെക്രട്ടറിക്കെതിരെ അന്വേഷണം. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട പ്രവര്‍ത്തന കാലത്ത് അല്ലെങ്കിലും കോടതി അന്വേഷണത്തിന് ഉത്തരവിട്ട് ഒരാളെ എങ്ങനെ ഇത്രയും പ്രധാനപ്പെട്ട സ്ഥാനത്ത് ഇരുത്തും എന്നത് പ്രസക്തമായ ചോദ്യമാണ്.
കളങ്കിതരായ ഉദ്യോഗസ്ഥരോട് മാറി നില്‍ക്കണം എന്ന് ആവശ്യപ്പെടാന്‍ പോലും കഴിയാത്ത വിധം പ്രതിരോധത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ മകള്‍ വീണ തന്നെ വിവാദമായ മാസപ്പടി കേസില്‍ പ്രതിയാണ്. വീണക്കെതിരെ ഇഡി അന്വേഷണവും വരും എന്ന് ഏറെക്കുറേ ഉറപ്പായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തരം കൊള്ളക്കാരുമായി മുന്നോട്ട് പോകാനെ മുഖ്യമന്ത്രിക്ക് കഴിയൂ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here