വയനാട്ടിലേത് കേരളം കണ്ട അതീവ ദാരുണമായ ദുരന്തം; രക്ഷാപ്രവര്‍ത്തനത്തിന് തീവ്രശ്രമം; മുഖ്യമന്ത്രി
വയനാട് മുണ്ടക്കൈ, ചൂരല്‍മല, അട്ടമല എന്നിവിടങ്ങളിലെ ഉരുള്‍പൊട്ടലില്‍ ഒരു പ്രദേശം മുഴുവന്‍ ഇല്ലാതായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സൈനിക ടീം പുഴ മുറിച്ച് കടന്ന് മുണ്ടക്കൈ മാര്‍ക്കറ്റ് മേഖലയിലെത്തിയിട്ടുണ്ട്. അവിടെ കുടുങ്ങിക്കിടക്കുന്ന മുഴുവനാളുകളെയും രക്ഷപ്പെടുത്തി പുറത്തേക്ക് കൊണ്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്ന കുഞ്ഞുങ്ങള്‍ അടക്കമുള്ളവരാണ് നേരം പുലരുന്നതിന് മുന്‍പ് ജീവന്‍ നഷ്ടപ്പെട്ട് മണ്ണില്‍ പുതഞ്ഞു പോയത്. 34 മൃദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 18 മൃതദേഹങ്ങള്‍ ബന്ധുകള്‍ക്ക് വിട്ടുനല്‍കി. ഇന്നുവരെ കണ്ടതില്‍ അതീവ ദാരുണമായ പ്രകൃതി ദുരന്തങ്ങളിലൊന്നാണിതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഇനിയും നിരവധി ആളുകളെ കണ്ടെത്താനുണ്ട്. അതിനായി സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടില്‍ 45 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 3069 ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്‌സ്, എന്‍.ഡി.ആര്‍.എഫ്, പോലീസ്, തുടങ്ങിയ വിവിധ സേനകള്‍ യോജിച്ച് പ്രവര്‍ത്തിക്കുകയാണ്. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനും മറ്റുമുള്ള യന്ത്രസാമഗ്രികളുമായി ബാംഗ്ലൂരില്‍ നിന്ന് എത്തുന്ന കരസേനാവിഭാഗങ്ങള്‍ക്ക് തടസ്സം കൂടാതെ എത്തിച്ചേരുന്നതിനായി ട്രാഫിക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
വയനാട്ടില്‍ ദുരിതം അനുഭവിക്കുന്നവരെ എല്ലാവിധത്തിലും സഹായിക്കാന്‍ നാം ഒരുമിച്ച് ഇറങ്ങേണ്ട സാഹചര്യമാണ്. എങ്കില്‍ മാത്രമേ നാടിനെ പുനര്‍നിര്‍മ്മിക്കാന്‍ സാധിക്കുകയുള്ളൂ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കണം. 50 ലക്ഷം കേരള ബാങ്ക് നല്‍കിയിട്ടുണ്ട്. സിയാല്‍ 2 കോടി രൂപ വാഗ്ദാനം ചെയ്തു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ 5 കോടി രൂപ സഹായമായി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here