ദുരിതാശ്വാസ നിധിയില്‍ പണം നല്‍കുന്നതില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം; നല്‍കരുതെന്ന് സുധാകരന്‍; നല്‍കി ചെന്നിത്തല; തര്‍ക്കിക്കാനുള്ള സമയമല്ലെന്ന് സതീശന്‍
വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം നല്‍കുന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി പ്രമുഖരും സാധാരണക്കാരുമെല്ലാം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കുകയാണ്. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എംഎല്‍എ എന്ന നിലയില്‍ ലഭിക്കുന്ന ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തതോടെയാണ് കോണ്‍ഗ്രസില്‍ തര്‍ക്കം തുടങ്ങിയത്. കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും സ്വന്തം നിലയില്‍ വീട് നിര്‍മ്മിച്ച് നല്‍കുന്നതുള്‍പ്പെടെ പദ്ധതികള്‍ പ്രഖ്യാപിച്ചതിനിടയിലാണ് ചെന്നിത്തല ഏകപക്ഷീയമായ നീക്കം നടത്തിയത്.
ഇതോടെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തി. ഇടതുപക്ഷത്തിന്റെ കയ്യില്‍ മാസ ശമ്പളം കൊടുക്കേണ്ട കാര്യമില്ല. സര്‍ക്കാരിന് സംഭാവന കൊടുക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പണം സ്വരൂപിക്കാന്‍ അതിന്റെതായ ഫോറം ഉണ്ട്. പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും ദുരിതാശ്വാസ നിധി തുടങ്ങിയിട്ടുണ്ട്. രമേശ് ചെന്നിത്തലയും അതുവഴിയാണ് പണം നല്‍കേണ്ടതെന്ന സുധാകരന്‍ ഒരു മാധ്യമത്തിന് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കി.
സുധാകരന്റെ നിലപാടിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. ദുരന്ത സമയത്തും രാഷ്ട്രീയ നേട്ടം നോക്കുകയാണ് സുധാകരന്‍ എന്ന പ്രതികരണങ്ങളാണ് കൂടുതലായും ഉയര്‍ന്നത്. ഇതോടെ പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റിനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പണം നല്‍കുന്നതില്‍ ഒരു തെറ്റുമില്ല. നിരവധി നേതാക്കള്‍ പണം നല്‍കുന്നുണ്ട്. ആരോടും നല്‍കരുതെന്ന് പറഞ്ഞിട്ടില്ല. എന്ത് സഹായം വേണമെങ്കിലും ചെയ്യാം. ഇപ്പോള്‍ വിമര്‍ശിക്കേണ്ട സമയമല്ലെന്നും സതീശന്‍ പറഞ്ഞു.
സംഘടനപരമായി തമ്മില്‍ തല്ലുന്ന കോണ്‍ഗ്രസില്‍ പുതിയൊരു വിഷയം കൂടി ലഭിച്ച അവസ്ഥയാണ്. നാട് ദുരന്തം അനുഭവിക്കുന്ന സമയത്ത് തന്നെ ഇത് വേണമോയെന്ന ചോദ്യമാണ് ഉയരുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here