സിആര്‍പിഎഫ് കേരളം ഭരിക്കുമോ; ആരോഗ്യ പ്രശ്നങ്ങളുണ്ടോയെന്ന് ഗവര്‍ണര്‍ പരിശോധിക്കണം; പരിഹസിച്ചും വിമര്‍ശിച്ചും മറുപടി നല്‍കി മുഖ്യമന്ത്രി
തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്തെങ്കിലും ആരോഗ്യ പ്രശനങ്ങളുണ്ടോയെന്ന് പരിശോധിക്കണമെന്ന് പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അധികാര സ്ഥാനത്തിരിക്കുന്നവര്‍ക്കെതിരെ പ്രതിഷേധം സ്വാഭാവികമാണ്. അതിന് തെരുവില്‍ ഇറങ്ങി പ്രതികരിക്കുന്നത് പുതിയ കാഴ്ചയാണ്. പ്രത്യേകമായ രീതിയിലാണ് ഗവര്‍ണര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. കരിങ്കൊടി കാണിക്കുന്നവര്‍ക്ക് നേരെ പൊലീസ് എന്ത് ചെയ്യുന്നുവെന്ന് ഇറങ്ങി നോക്കുന്ന ശീലം ആര്‍ക്കുമില്ല. പോലീസ് സുരക്ഷയൊരുക്കുകയും പ്രതിഷേധക്കാരെ തടയുകയും ചെയ്യും. ആ ജോലി അവര്‍ ചെയ്യും. എന്നാല്‍ അത് നോക്കാന്‍ റോഡില്‍ ഇറങ്ങി നില്‍ക്കുന്നതും എഫ്‌ഐആറിന് വേണ്ടി സമരം ഇരിക്കുന്നതും പുതിയ കാഴ്ചയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സുരക്ഷ കിട്ടുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരുടെ നിരയിലേക്കാണ് ഗവര്‍ണറും എത്തിയിരിക്കുന്നത്. ആ കൂട്ടില്‍ ഒതുങ്ങാനാണ് ഗവര്‍ണർ ശ്രമിക്കുന്നത്. സിആര്‍പിഎഫിന് കേസെടുക്കാനാകില്ല. അദ്ദേഹം ആഗ്രഹിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കാനും കഴിയില്ല. സിആര്‍പിഎഫ് കേരളം ഭരിക്കുമോയെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
എല്ലാത്തിനും എഴുതപ്പെട്ട നിയമങ്ങളുണ്ട്. അധികാരം നിയമത്തിന് മുകളിലല്ല. ജനാധിപത്യ മര്യാദയും, പക്വതയും വിവേകവും എല്ലാവരും കാണിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നയപ്രഖ്യാപനം വായിക്കാന്‍ സമയമില്ല റോഡില്‍ കുത്തിയിരിക്കാന്‍ സമയമുണ്ട്. കേരളത്തോടുള്ള വെല്ലുവിളിയാണ് ഗവര്‍ണര്‍ നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here