എസ്എഫ്‌ഐയെ ന്യായീകരിച്ച് മുഖ്യമന്ത്രി; കാര്യവട്ടം ക്യാമ്പസില്‍ സംഘര്‍ഷമുണ്ടാക്കിയത് കെഎസ്‌യുകാര്‍ക്കൊപ്പം പുറത്ത് നിന്നെത്തിയവര്‍
തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിലെ ഇടിമുറി മര്‍ദ്ദനത്തില്‍ എസ്എഫ്‌ഐയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കെഎസ്‌യു നേതാവിനൊപ്പം പുറത്തു നിന്നെത്തിയവരാണ് സംഘര്‍ഷമുണ്ടാക്കിയതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പുറത്തു നിന്നുള്ളയാള്‍ ഹോസ്റ്റലില്‍ എത്തിയപ്പോഴുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായത്. കെഎസ്‌യു നേതാവിനൊപ്പമാണ് ജോബിന്‍സണ്‍ എന്നയാള്‍ എത്തിയതെന്ന് പോലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് ശ്രീകാര്യം പോലീസ് കേസെടുത്തിട്ടുണ്ട്. 15 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതായും മുഖ്യമന്ത്രി പറഞ്ഞു.
ശ്രീകാര്യം പോലീസ് സ്‌റ്റേഷന്‍ ഉപരോധത്തിനിടെ പോലീസിന് നേരെ കല്ലേറുണ്ടായി. ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തു. ഈ സംഭവത്തിലാണ് എംഎല്‍എമാരായ ചാണ്ടി ഉമ്മന്‍, എം വിന്‍സന്റ് എന്നിവര്‍ക്കും കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരേയും കേസെടുത്തു. ഇവിടെയുണ്ടായിരുന്ന 20 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേയും കേസെടുത്തതായും മുഖ്യമന്ത്രി പറഞ്ഞു.
ഒരു രാഷ്ട്രീയ വിവേചനുവുമില്ലാതെയാണ് നടപടി സ്വീകരിച്ചത്. ഇത്തരത്തില്‍ കാമ്പസുകളില്‍ സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here