അകമ്പടിവാഹനം ഇടിച്ചിട്ടു; മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസുകാരന് കാലിന് ഗുരുതര പരുക്ക്

തിരുവനന്തപുരം: നവകേരള യാത്രക്ക് കരിങ്കൊടി കാണിച്ചവരെ ഇടിച്ചിട്ട് മുഖ്യമന്ത്രിയുടെ അകമ്പടിവാഹനം. വൈകിട്ട് കാട്ടാക്കടയിലുണ്ടായ സംഭവത്തിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മുഖ്യമന്ത്രിയുടെ ബസ് കടന്നുപോയ ശേഷം പിന്നാലെ എത്തുന്ന രണ്ട് കാറുകളും ഡോർ തുറന്നിട്ട് റോഡരികിലേക്ക് ചേർന്നാണ് പാഞ്ഞെത്തുന്നത്. ഇതിൽ യൂത്ത് കോൺഗ്രസുകാർ നിൽക്കുന്ന ഭാഗത്തെ ഡോറുകളും ഓട്ടത്തിൽ തന്നെ തുറന്നുപിടിച്ചിരിക്കുന്നത് കാണാം. ഇത് പ്രവർത്തകർക്ക് മേലേക്ക് ആഞ്ഞടിച്ചാണ് ഒരാൾ വീഴുന്നത്. വീണതിന് തൊട്ടടുത്ത നിമിഷം കാറിൻ്റെ പിൻചക്രങ്ങൾ ഇയാളുടെ കാലിലൂടെ കയറുന്നതും ദൃശ്യത്തിൽ കാണാം.

തൊട്ടുമുമ്പേ പോയ കറുത്ത കാറും വഴിയിൽ നിന്ന പ്രതിഷേധക്കാരെ ഇടിച്ചു തെറിപ്പിച്ചാണ് പോകുന്നത്. ഉള്ളിലിരിക്കുന്ന കോട്ടിട്ട പോലീസുകാർ ഡോർ തുറന്നുപിടിച്ചിരിക്കുന്നതും വ്യക്തമായി കാണാം. വാഹനം തുറന്ന് ഇറങ്ങാനല്ല, ബോധപൂർവം മനുഷ്യരെ ഇടിച്ചിടാനാണെന്ന് വ്യക്തം.

കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടിലേക്ക് മുഖ്യമന്ത്രിയും സംഘവും എത്തിയപ്പോഴാണ് പ്രതിഷേധം നടന്നത്. ബ്ലോക്ക് ജനറൽ സെക്രട്ടറി ആൻസലാ ദാസനാണ് കണ്ണിൽചോരയില്ലാത്ത ആക്രമണത്തിന് ഇരയായത്. ഇതിന് പിന്നാലെ എത്തിയ ഡിവൈഎഫ്ഐക്കാർ ആൻസല ദാസനെ മർദ്ദിക്കുകയും ചെയ്തു.

റോഡിൽ കാവലുണ്ടായിരുന്ന പൊലീസുകാരാണ് സംഘർഷത്തിന് ശേഷം ആൻസല ദാസനെ വാഹനത്തിൽ കയറ്റി ആശുപത്രിയിലേക്കു കൊണ്ടുപോയത്. ആദ്യം നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ രണ്ട് ഒടിവുകള്‍ കണ്ടതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

Logo
X
Top