കത്തോലിക്കാ സ്ഥാപനങ്ങളിലെ ‘ഡൊണേഷന്‍’ബിസിനസ്; നല്ല അയല്ക്കാരന് ആരെന്ന് ചോദ്യം ഉന്നയിച്ച് വൈദികന്റെ കുറിപ്പ്; വൈറലായതിനു പിന്നാലെ പോസ്റ്റ് അപ്രത്യക്ഷം
തിരുവനന്തപുരം: കത്തോലിക്കാ സ്ഥാപനങ്ങളെല്ലാം പണം സമാഹരിക്കാനുള്ള പ്രസ്ഥാനങ്ങളായി മാറിക്കഴിഞ്ഞെന്ന് രൂക്ഷ വിമര്‍ശനവുമായി ഫാ. സിറിയക് തുണ്ടിയിൽ സിഎംഐ. ഇന്ന് ക്രൈസ്തവ സ്നേഹം എന്നത് മഷിയിട്ടാല്‍ കാണുമോ എന്ന് സമൂഹമാധ്യമക്കുറിപ്പിലൂടെ അദ്ദേഹം ഉന്നയിച്ചു. “നമ്മുടെ സ്ഥാപനങ്ങള്‍” എന്ന തലക്കെട്ടില്‍ ഫേസ്ബുക്കിലാണ് പോസ്റ്റ് ഇട്ടത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം വൈറലാകുകയും പിന്നാലെ അത് ഫേസ്ബുക്ക് പേജില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തു. സഭാകേന്ദ്രങ്ങളില്‍ നിന്നുള്ള സമ്മര്‍ദം മൂലമാകാം അദ്ദേഹം പോസ്റ്റ് നീക്കം ചെയ്തതെന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച് മാധ്യമ സിന്‍ഡിക്കറ്റ് ഫാ.സിറിയക്കിനെ ബന്ധപ്പെട്ടെങ്കിലും പ്രതികരണത്തിന് തയ്യാറായില്ല.
സുഹൃത്തിന്റെ മകളുടെ സ്കൂള്‍ അഡ്മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. പ്ലസ് വണ്‍ അഡ്മിഷന് എടുക്കാന്‍ കത്തോലിക്കാ സ്കൂളിൽ ചെന്നപ്പോള്‍ ഇരുപത്തയ്യായിരം രൂപ ഡൊണേഷന്‍ ആവശ്യപ്പെട്ടു. ചോദിച്ച പണം കൈവശം ഇല്ലാത്തതിനാല്‍ അടുത്തുള്ള ഹിന്ദു സ്കൂളിൽ പോയി. അവിടെ അഡ്മിഷന് ലഭിച്ചു. അധിക ഡൊണേഷന്‍ ചോദിച്ചുമില്ല. “ഇതില്‍ ആരാണ് നല്ല അയല്ക്കാരന്” എന്ന ചോദ്യം ഉന്നയിക്കുകയാണ് ഫാ. സിറിയക്.
കത്തോലിക്കാ സ്ഥാപനങ്ങള്‍ക്ക് പണത്തോടുള്ള കൊതി കുറയുന്നില്ല. കാലം കഴിയുംതോറും അത് വര്‍ധിക്കുകയാണ്. താന്‍ ഉള്‍പ്പെടുന്ന സിഎംഐ സ്ഥാപനങ്ങളായിരുന്നു പണ്ടുമുതല്‍ ഇതുപോലെ ഫീസ് വാങ്ങിച്ചിരുന്നത്. ഇപ്പോഴും തങ്ങള്‍ തന്നെയാണ് മുന്‍പന്തിയില്‍ എന്ന് വൈദികന് പറയുന്നു. കത്തോലിക്കാ സ്ഥാപനങ്ങളെല്ലാം പണം സമാഹരിക്കാനുള്ള പ്രസ്ഥാനങ്ങളായി മാറി പോയിരിക്കുന്നു. ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധിക്കണം. ഇനി അവരുംകൂടെ അറിഞ്ഞുകൊണ്ടാണോ ഇതൊക്കെ നടക്കുന്നത് എന്ന ആശങ്കയും കുറിപ്പിലൂടെ വൈദികന് പങ്കുവെച്ചു.
“പ്രിൻസിപ്പലിന്റെ ഓഫീസ് ഒരു കോർപ്പറേറ്റ് കമ്പനിയുടെ സിഇഒയുടെ ഓഫീസിനു സമാനമാക്കി. കെട്ടിടങ്ങളുടെ ഭംഗിയും മനോഹാരിതയും പ്രധാനമായി. ഇതിനോടകം കന്യാസ്ത്രികളും അച്ചന്മാരെ കടത്തിവെട്ടുന്ന ബിസിനസുകാരായി മാറി. അച്ചന്മാരായ പ്രിൻസിപ്പൽമാരെക്കാൾ കന്യാസ്ത്രികളായ പ്രിൻസിപ്പൽമാർ ശക്തരായി, കർക്കശക്കാരായി, അപ്രാപ്യരായി. പ്രത്യേകിച്ച് അഡ്മിഷൻ സമയത്തു പ്രിൻസിപ്പൽമാരെ മഷി ഇട്ടാൽ കാണില്ല. സേവനമേഖല ആയിരിക്കേണ്ടത് പൂർണമായും കച്ചവടമായി അറിയാതെത്തന്നെ രൂപാന്തരപ്പെട്ടു.” ഫാ. സിറിയക് പറഞ്ഞു.
സ്കൂളുകളും കോളേജുകളും ബിസിനസ് സാമ്രാജ്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. സ്നേഹം, കരുണ എന്നിവയുടെ സ്ഥാനത്തു ഡിസിപ്ലിൻ, ടേൺഓവർ എന്നിവയായി പ്രധാന മൂല്യങ്ങൾ. മേലധികാരികളെ പണ്ട് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നെങ്കില്‍ ഇന്ന് അവരെ ഭയപ്പെടുകയും വെറുക്കുകയും ചെയ്യുന്നു. ഇതാണ് ഇന്നത്തെ ദുഃഖകരമായ സ്ഥിതി. ആദ്യകാല മിഷണറിമാരുടെ ചൈതന്യത്തിലേക്കു തിരിച്ചുപോകണം. അല്പം ബുദ്ധിമുട്ടാണ്. ഒന്ന് മാറ്റി ചിന്തിക്കേണ്ടി വരും. പക്ഷെ ശ്രമിക്കാവുന്നതാണ്, ശ്രമിക്കേണ്ടതാണെന്നും കുറിപ്പിന്റെ അവസാനം അച്ചന് കൂട്ടിച്ചേര്‍ത്തു.
ഒരു തിരിച്ചുപോക്കുമില്ല. ഇതുപോലുള്ള തിരുത്തൽ വാദങ്ങളെ പരമാവധി നിശബ്ദമാക്കുകയാണ് പോംവഴി എന്ന് സഭാ നേതൃത്വം കരുതുന്നു എന്നാണ് ഈ പോസ്റ്റ് അപ്രത്യക്ഷ്യമായതിനു ശേഷം ഉയരുന്ന വിമർശനം. സ്കൂളുകളായും കോളേജുകളായും കേരളത്തിലും പുറത്തും ഏറ്റവുമധികം സ്ഥാപനങ്ങൾ നടത്തുന്ന ക്രൈസ്തവ സഭകളിലൊന്നാണ് സിഎംഐ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here