സോറോസ് വിഷയം ചര്‍ച്ച ചെയ്യണമെന്ന ബ്രിട്ടാസിന്റെ ആവശ്യത്തില്‍ വെട്ടിലായി സിപിഎം; ബിജെപി അന്തര്‍ധാരയെന്ന ആരോപണം സജീവമാക്കി കോണ്‍ഗ്രസ്
ജോര്‍ജ് സോറോസും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം രാജ്യസഭ ചര്‍ച്ച ചെയ്യണമെന്ന എംപി ജോണ്‍ ബ്രിട്ടാസിന്റെ നിലപാട് സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടിന് ഘടക വിരുദ്ധം. അമേരിക്കന്‍ കോടീശ്വരനായ ജോര്‍ജ് സോദോസിന് കോണ്‍ഗ്രസുമായി അടുത്ത ബന്ധമുണ്ടെന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബിജെ പി ആരോപിക്കുന്നതിനിടയിലാണ് ഇന്ത്യാ മുന്നണിയുടെ ഭാഗമായ സിപിഎം അംഗത്തിന്റെ ചുവട് മാറ്റം. ഫലത്തില്‍ ബിജെപി അനുകൂലമായ പ്രസ്താവനയാണ് ബ്രിട്ടാസ് നടത്തിയിരിക്കുന്നത്.
ALSO READ: സോറോസ് വിഷയത്തിൽ ബിജെപിയെ പിന്തുണച്ച് ബ്രിട്ടാസ്; എതിർത്ത് സിപിഐ
തിങ്കളാഴ്ച രാവിലെ രാജ്യസഭയില്‍ നടന്ന ചര്‍ച്ചക്കിടയിലാണ് ബ്രിട്ടാസ് സോറോസ് വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ടത്. ജോര്‍ജ് സോറോസ്, അദാനി വിഷയങ്ങള്‍ ഒരുമിച്ച് ചര്‍ച്ചയ്ക്കെടുക്കണം എന്നാണ് ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടത്. (‘Let there be a discussion on George Soros and Adani together on the floor of the House,’ – John Brittas ) ഇന്ത്യ സഖ്യത്തിലും കേരളത്തിലെ എല്‍ഡിഎഫിലും ഭിന്നതയുണ്ടാക്കുന്നതാണ് ബ്രിട്ടാസിന്റെ അനാവശ്യവും ദുരുപദിഷ്ടവുമായ പ്രസ്താവനയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
വീഡിയോ: ജോണ്‍ ബ്രിട്ടാസിന്റെ രാജ്യസഭയിലെ പ്രസംഗം
ബിജെപി ഉയര്‍ത്തുന്ന അതേ ആവശ്യം സിപിഎം എംപി കൂടി ആവശ്യപ്പെട്ടത് ഇടതു പാര്‍ട്ടികളെയും വെട്ടിലാക്കി. അദാനിയെ രക്ഷിക്കാനാണ് സോറോസ് വിവാദമെന്ന് ബ്രിട്ടാസിന് പിന്നാലെ സംസാരിച്ച സിപിഐയിലെ പി. സന്തോഷ് കുമാര്‍ ആരോപിക്കുകയും ചെയ്തിരുന്നു. ഇടതു പാര്‍ട്ടികളുടെ ഇരട്ട നിലപാട് ‘ഇന്ത്യ’ സഖ്യം നേതാക്കളെ അമ്പരപ്പിച്ചു. സിപിഎം- ബിജെപി അന്തര്‍ധാര കേരളത്തിലും കേന്ദ്രത്തിലും സജീവമാണെന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസുകാര്‍ ആക്ഷേപിക്കുന്നതിനിടയിലാണ് ബ്രിട്ടാസിന്റെ അദാനി – സോറോസ് പ്രേമം പുറത്തായത്.
മുഖ്യമന്ത്രി പിണറായി വിജയന്റ വിശ്വസ്തനായ ബ്രിട്ടാസിന്റെ ചുവട് മാറ്റത്തെക്കുറിച്ച് പാര്‍ട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല. ബ്രിട്ടാസിന്റെ പ്രസംഗം സിപിഎം പാര്‍ലമെന്ററി പാര്‍ട്ടിയുടെ അനുമതിയോടെ അല്ലെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്. വിവാദത്തില്‍ വിശദീകരണത്തിനോ തിരുത്തലിനോ ജോര്‍ജ് ബ്രിട്ടാസും ഇതുവരെ തയാറായിട്ടില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here