എഡിജിപി അജിത്കുമാറിനെ ഒഴിവാക്കി ശബരിമല അവലോകനയോഗം; പങ്കെടുക്കേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശം

വിവാദങ്ങളില്‍ ഉള്‍പ്പെട്ട ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്കുമാറിനെ പ്രധാന യോഗങ്ങളില്‍ പങ്കെടുപ്പിക്കാതെ സര്‍ക്കാര്‍. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല അവലോകന യോഗത്തിലാണ് ക്രമസമാധാന ചുമതലയുളള എഡിജിപിയെ പങ്കെടുപ്പിക്കാതരുന്നത്. ശബരിമല പോലൊരു പ്രധാന വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിയെ ഒഴിവാക്കിയത് ഏറെ സൂചനകള്‍ നല്‍കുന്നതാണ്.
ദേവസ്വം മന്ത്രി വി എന്‍ വാസവന്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, ദേവസ്വം സ്‌പെഷ്യല്‍ സെക്രട്ടറി ടിവി അനുപമ, പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ പോലീസില്‍ നിന്നും സംസ്ഥാന പോലീസ് മേധാവ് ഷെയ്ഖ് ദര്‍വേഷ് സാഹിബ്, എഡിജിപിമാരായ മനോജ് എബ്രഹാം, എസ് ശ്രീജിത്ത് എന്നിവരാണ് പങ്കെടുത്തത്. ഇത്തരമൊരു യോഗത്തെ കുറിച്ച് ഒരു അറിയിപ്പ് എഡിജിപി അജിത്കുമാറിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും നല്‍കിയിട്ടില്ലെന്നാണ് വിവരം.
പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, തൃശൂര്‍ പൂരം അലങ്കോലമായതിലെ വീഴ്ച തുടങ്ങി നിരവധി ആരോപണങ്ങളാണ് എഡിജിപി അജിത്കുമാറിനെതിരെ ഉയര്‍ന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് ഡിജിപി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് ഇന്ന് കൈമാറുമെന്നാണ് വിവരം. അജിത്കുമാറിനെതിരെ നടപടി വേണമെന്ന കടുത്ത നിലപാടിലാണ് സിപിഐ. ഈ സാഹചര്യത്തിലാണ് പ്രധാന യോഗത്തില്‍ നിന്നും അജിത്കുമാറിനെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് മാറ്റി നിര്‍ത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here