‘ദുരിതാശ്വാസ നിധിയിൽ’ പ്രതിപക്ഷ നേതാവിന്‍റെ പേരില്‍ വ്യാജ പ്രചരണം; ഡിജിപിക്ക് പരാതി
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുതെന്ന വ്യാജ പ്രചരണത്തിനെതിരെ പൊലീസ് മേധാവിക്ക് പരാതി നൽകി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ്റെ ഓഫീസ്. ആരും പണം നൽകരുതെന്ന് പ്രതിപക്ഷ നേതാവ് ആഹ്വാനം ചെയ്തെന്ന തരത്തിൽ സാമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചരണത്തിനെതിരെയാണ് പരാതി.
നാട് ഒറ്റക്കെട്ടായി ദുരന്തമുഖത്ത് നിൽക്കുമ്പോൾ ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ഗൂഡലക്ഷ്യമാണ് പ്രചരണത്തിന് പിന്നിലെന്ന് പരാതിയിൽ പറയുന്നു. ഇത്തരത്തിൽ വ്യാജ വാര്‍ത്ത സൃഷ്ടിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ അടിയന്തിരമായി നിയമനടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ വ്യാജ പ്രചാരണത്തിൽ സൈബർ പൊലീസ് കേസെടുത്തു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ പോസ്റ്റ് പ്രചരിപ്പിച്ചതിനാണ് വയനാട് സൈബർ ക്രൈം പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചത്. ഭാരതീയ ന്യായ സംഹിതയിലെ 192, 45 വകുപ്പുകൾ, ദുരന്തനിവാരണ നിയമത്തിലെ 51 ആം വകുപ്പ് എന്നിവ അനുസരിച്ചാണ് കേസ്. സമൂഹമാധ്യമമായ എക്‌സിൽ ‘കോയിക്കോടൻസ് 2.0’ എന്ന പ്രൊഫൈലിൽ നിന്നും ‘കൊക്ക് കാക്ക കുയിൽ’ എന്ന ഫേസ്ബുക്ക് ഐഡിയിൽ നിന്നുമാണ് വ്യാജ പോസ്റ്റ് പ്രചരിച്ചിരിക്കുന്നത്.
തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ ഇത്തരം പോസ്റ്റുകൾ എഡിറ്റ് ചെയ്യുകയും നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കർശന നിയമനടപടി സ്വീകരിക്കുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളിൽ സൈബർ പൊലീസിന്റെ നിരീക്ഷണം ശക്തമാക്കിയതായും സംസ്ഥാന പൊലീസ് മീഡിയ സെൽ അറിയിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here