വീണയുടെ മാസപ്പടി വിവാദം: അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ, മകള്‍ വീണ വിജയന്‍ എന്നിവര്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള റിവിഷൻ ഹര്‍ജി പിൻവലിക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. പരാതിക്കാരൻ ഗിരീഷ് ബാബു മരിച്ചതിനാല്‍ ഹര്‍ജിയുമായി മുന്നോട്ട് പോകാനില്ലെന്നും ഹര്‍ജിയില്‍ കക്ഷി ചേരാനില്ലെന്നും കുടുംബം ഇന്ന് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ റിവിഷന്‍ ഹര്‍ജി നിലനിൽക്കുമെന്നും ഹർജിയിൽ കുടുംബം പങ്കുചേരേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. രണ്ടാഴ്ചയ്ക്ക് ശേഷം ഹർജി വീണ്ടും പരിഗണിക്കും.
സിഎംആര്‍എലും മുഖ്യമന്ത്രിയുടെ മകൾ ഉടമയായ എക്‌സാലോജികും തമ്മിലുള്ള സാമ്പത്തിക ഇടപാട് അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. മുഖ്യമന്ത്രിക്കും മകള്‍ക്കും പുറമേ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും അന്വേഷണം വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
അതേസമയം, സിഎംആര്‍എല്‍ -എക്‌സാലോജിക് കരാറില്‍ അന്വേഷണം വേണമെന്ന ആവശ്യം മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ തളളിയിരുന്നു. ഇത് ചോദ്യംചെയ്താണ് ഗിരീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here