മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ട് ഉദ്യോഗസ്ഥന്‍റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്; സംഘർഷം

തിരുവനന്തപുരം: നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ്-കെഎസ് യു പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ട് ഉദ്യോഗസ്ഥന്‍ സന്ദീപിന്റെ വീട്ടിലേക്ക് പ്രകടനം. വീടിനു സമീപം യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് പോലീസ് തടഞ്ഞതോടെ സംഘര്‍ഷത്തില്‍ കലാശിച്ചു. കല്ലേറുണ്ടായതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ഗൺമാൻ അനിൽകുമാര്‍, എസ്കോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സന്ദീപ് എന്നിവരുടെ വീടുകൾക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. വീട്ടിലേക്ക് ആക്രമണം നടത്താനും ഇരുവരെയും അപായപ്പെടുത്താനും സാധ്യതയുണ്ടെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് സിറ്റി പൊലീസ് കമ്മിഷണർ സുരക്ഷ നല്‍കാന്‍ നിര്‍ദ്ദേശിച്ചത്.
ആലപ്പുഴയിലെ നവകേരള ബസിനു നേരെ മുദ്രാവാക്യം വിളിച്ച കെഎസ് യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ട് സംഘം ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. അമ്പലപ്പുഴയ്ക്കുള്ള യാത്രയ്ക്കിടെ ഇന്നലെ വൈകിട്ടാണ് സംഭവം. കെഎസ്‍യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസ്, സംസ്ഥാന സെക്രട്ടറി അജയ് ജുവലിന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരെയും ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here