പൂരം കലക്കാൻ ശ്രമം നടന്നതായി സമ്മതിച്ച് പിണറായി; അൻവറിന് വീണ്ടും മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

മുഖ്യമന്ത്രിയുടെ ഓഫീസിനും ആഭ്യന്തര വകുപ്പിനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച പിവി അൻവറിന് പരോക്ഷ താക്കീതുമായി വീണ്ടും പിണറായി വിജയൻ. പറഞ്ഞിട്ടു മനസിലാക്കുമ്പോൾ വഴങ്ങിയില്ലെങ്കിൽ സർക്കാരിന് വേറെ വഴിതേടേണ്ടി വരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. നിഷിപ്ത താല്പര്യക്കാരുടെ എതിർപ്പിന് മുന്നിൽ കീഴടങ്ങില്ല. അങ്ങനെയങ്ങ് ഒലിച്ചുപോകുന്ന പാർട്ടിയല്ല സിപിഎം എന്നും മുഖ്യമന്ത്രി പറഞ്ഞു.

തൃശൂരിൽ നടന്ന അഴിക്കോടൻ രാഘവൻ അനുസ്മരണത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തൃശൂർപൂരം അലങ്കോലമാക്കാൻ ഒരു ശ്രമം നടന്നു. അതിൻ്റെ റിപ്പോർട്ട് തൻ്റെ കൈവശം ലഭിച്ചിട്ടില്ല. ഡിജിപിയുടെ കയ്യിലാണ് റിപ്പോര്‍ട്ടുള്ളത്‌. നാലു ദിവസത്തിന് ശേഷം റിപ്പോർട്ട് പരസ്യമാകും. അതുവരെ കാത്തിരിക്കുക. മാധ്യമങ്ങൾ അവർക്ക് തോന്നുംപോലെ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം തൻ്റെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാറിനും എതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങൾ മുഖ്യമന്ത്രി തള്ളിയിരുന്നു. പി ശശിക്ക് ക്ലീൻ ചിറ്റ് നൽകിയ പിണറായി എ ഡിജിപിക്ക് എതിരെ തൽക്കാലം നടപടിയില്ലെന്നും അറിയിച്ചിരുന്നു. പരസ്യ പ്രതികരണം തുടർന്നാൽ തനിക്കും അതിന് മറുപടി നൽകേണ്ടി വരുമെന്നും നിലമ്പൂർ എംഎൽഎയ്ക്ക് അദ്ദേഹം വാർത്താ സമ്മേളനത്തിൽ താക്കീത് നൽകിയിരുന്നു.

ഗവർണർ എംഎൽഎയ്ക്ക് എതിരെ ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടുണ്ടെന്നും അൻവറിനെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഓർമപ്പെടുത്തിയിരുന്നു. സ്വർണക്കടത്തുകാരുമായി ഇടത് അംഗത്തിന് ബന്ധമുണ്ടെന്ന സൂചനകളും പിണറായി നൽകിയിരുന്നു. മലപ്പുറം ജില്ലയിലെ സ്വർണ- ഹവാല കടത്തു കേസുകളുടെ കണക്ക് എണ്ണിപ്പറഞ്ഞായിരുന്നു പിണറായിയുടെ മറുപടി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top