വരുമാനത്തിന്റെ 29 ഇരട്ടി സ്വത്ത്; കുഴൽനാടനെതിരെ ആരോപണം കടുപ്പിച്ച് സിപിഎം

മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴൽനാടനെതിരെ ആരോപണങ്ങൾ കടുപ്പിച്ച് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ.മാത്യുവിന്റെ സ്വത്തിനും റിസോർട്ടിനും ഏഴുകോടി രൂപ വിലവരുമെന്നും അദ്ദേഹം ആരോപിച്ചു. ഈ തുകയ്ക്ക് സ്റ്റാമ്പ് ഡ്യൂട്ടി അടച്ചില്ലെന്നും രജിസ്ട്രേഷൻ ഫീസിൽ തട്ടിപ്പ് നടത്തിയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

ചിന്നക്കനാല്‍ പഞ്ചായത്തിനകത്ത് സ്വന്തമായി വീടില്ലാത്തവര്‍ക്ക് വീട് വെച്ച് താമസിക്കാന്‍ വേണ്ടി മാത്രമാണ് ഭൂമി അനുവദിക്കുന്നത്. അദ്ദേഹം ചിന്നക്കനാല്‍ വില്ലേജ് ഓഫീസര്‍ക്ക് നല്‍കിയ കത്തില്‍ സ്ഥിരതാമസക്കാരന്‍ അല്ലെന്നാണ് പറയുന്നത്. എന്നാൽ ഇത് വസ്തുതാവിരുദ്ധമാണ്. ചിന്നക്കനാലിലുള്ളത് റിസോര്‍ട്ടല്ല ഗസ്റ്റ് ഹൗസാണെന്നാണ് ഇന്നലെ മാത്യു പറഞ്ഞത്. എന്നാൽ ഇത് പറയുന്ന സമയത്ത് അദ്ദേഹത്തിന്റെ റിസോർട്ടിലേക്കുള്ള ബുക്കിങ്‌ നടക്കുന്നുണ്ടെന്നും സി.എൻ മോഹനൻ ആരോപിച്ചു.

കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കന്മാര്‍ക്ക് വിയര്‍പ്പിന്റെ വില അറിയില്ലെന്നാണ് അദ്ദേഹം ഇന്നലെ പറഞ്ഞത്. കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കളെക്കുറിച്ച് കുഴല്‍നാടന്‍ പറയേണ്ട കാര്യമില്ല, അത് ജനങ്ങള്‍ക്കറിയുന്ന കാര്യമാണ്. അദ്ദേഹത്തിന് കൊച്ചിയിലും വിവിധ ന​ഗരങ്ങളിലും ലീഗല്‍ സ്ഥാപനങ്ങളുണ്ട്. തനിക്കും ഭാര്യക്കുമായി 95,86,650 രൂപയുടെ വരുമാനമുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ മാത്യു കുഴല്‍നാടന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നിന്നും വ്യക്തമാകുന്നത്. റിസോര്‍ട്ട് വാങ്ങുന്നതിനായി മുടക്കിയ പണം ലോണെടുത്തതായി സത്യവാങ്മൂലത്തിൽ പറയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

96 ലക്ഷത്തിനടുത്ത് വരുമാനം കാണിച്ചിട്ടുള്ള വ്യക്തിയുടെ ആകെ സ്വത്ത് 35 കോടിയാണ്. അതില്‍ 4.5 കോടി രൂപ പാരമ്പര്യസ്വത്താണ്. അത് കഴിഞ്ഞാല്‍ 30.5 കോടി രൂപ. അതായത് അദ്ദേഹത്തിന്റെ വരുമാനത്തിന്റെ 29 ഇരട്ടിയോളം സ്വത്ത് ആദ്ദേഹത്തിനുണ്ടെന്ന് അദ്ദേഹം തന്നെ സത്യവാങ്മൂലത്തില്‍ പറയുകയാണ്- സി.എന്‍ മോഹനന്‍ ചൂണ്ടിക്കാട്ടി.

ഏഴ് കോടി രൂപ വിലയുള്ള സ്വത്ത് മൂന്ന് കോടി രൂപയ്ക്ക് കിട്ടാന്‍ കാരണം തന്റെ വൈറ്റ് മണി കാരണമാണെന്നാണ് അദ്ദേഹം പറഞ്ഞത്. അത്രയ്ക്ക് പ്രയാസമുണ്ടോ വൈറ്റ് മണിക്ക്. അങ്ങിനെയെങ്കില്‍ ഈ വൈറ്റ് മണിയുടെ ഉറവിടം വ്യക്തമാക്കാന്‍ കുഴല്‍നാടന്‍ തയ്യാറാകണം. വിഷയം സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top