സഹകരണ ബാങ്ക് നിക്ഷേപത്തിന് എന്ത് ഗ്യാരണ്ടി? നിക്ഷേപമായുള്ളത് രണ്ടേമുക്കാല്‍ ലക്ഷം കോടി; സെക്യൂരിറ്റി ആകെ147 കോടി മാത്രവും

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളും സഹകരണ സംഘങ്ങളും പൊളിഞ്ഞാല്‍ നിക്ഷേപകര്‍ക്ക് നിക്ഷേപം തിരികെ ലഭിക്കില്ല. കേരളത്തിലെ 1265 സഹകരണ ബാങ്കുകളിലായി രണ്ടേമുക്കാല്‍ ലക്ഷം കോടി രൂപ നിക്ഷേപമുള്ളപ്പോഴാണ് ഈ അവസ്ഥ നിക്ഷേപകരെ തുറിച്ച് നോക്കുന്നത്. സഹകരണ ബാങ്കുകള്‍ പൊളിഞ്ഞാല്‍ ഗ്യാരണ്ടി നല്‍കുന്നത് കേരള സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട്‌ ബോര്‍ഡാണ്. ഫണ്ട് ബോര്‍ഡില്‍ ആകെയുള്ളത് 147 കോടി രൂപയാണ്.

തൃശൂര്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് നടത്തി പൊളിച്ചപ്പോള്‍ നിക്ഷേപകര്‍ക്ക് തിരികെ നല്‍കാനുള്ളത് 300 കോടി രൂപയാണ്. ഗ്യാരണ്ടി ഫണ്ട് ബോര്‍ഡിലുള്ള ആകെ തുക എടുത്താല്‍ പോലും ഈ തുകയുടെ പകുതി പോലും കൊടുത്ത് തീര്‍ക്കാന്‍ കഴിയില്ല. കരുവന്നൂര്‍ ബാങ്ക് ആണെങ്കില്‍ ഗ്യാരണ്ടി ഫണ്ട് ബോര്‍ഡിന്‍റെ ലിസ്റ്റിലുള്ള ബാങ്കുമല്ല. അതുകൊണ്ട് ബോര്‍ഡിന് അതില്‍ ഉത്തരവാദിത്തവുമില്ല.

ബോര്‍ഡിന്‍റെ ലിസ്റ്റിലുള്ള ബാങ്കുകളാണ് തകരുന്നതെങ്കില്‍ ബോര്‍ഡ് നല്‍കുന്ന നഷ്ടം രണ്ട് ലക്ഷം രൂപയാണ്. കരുവന്നൂരിന്റെ പശ്ചാത്തലത്തില്‍ അതിപ്പോള്‍ അഞ്ച് ലക്ഷം രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. 50 ലക്ഷം നിക്ഷേപിച്ച ഒരാള്‍ക്ക് പരമാവധി ലഭിക്കുക അഞ്ച് ലക്ഷം രൂപയാണ്.

സഹകരണ ബാങ്ക് തകര്‍ന്നാല്‍ സര്‍ക്കാരും കേരള സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട്‌ ബോര്‍ഡും രക്ഷയ്ക്ക് എത്തും എന്ന് കരുതുന്നത് വെറുതെയാണ്. ഈ സംവിധാനങ്ങളെല്ലാം തന്നെ നോക്കുകുത്തിയാണ്. കരുവന്നൂര്‍ ബാങ്ക് തകര്‍ന്നപ്പോള്‍ സര്‍ക്കാര്‍ കാഴ്ചക്കാരായി. ഗ്യാരണ്ടി ഫണ്ട് ബോര്‍ഡിന്‍റെ കയ്യില്‍ മതിയായ ഫണ്ടുമില്ല.

‘2011 നു ശേഷമാണ് കേരള സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട്‌ ബോര്‍ഡ് രൂപീകരിച്ചത്. സഹകരണ ബാങ്കുകള്‍ തകര്‍ന്നാല്‍ ബോര്‍ഡിന് സഹായം നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ്. ഉള്ള ഫണ്ടില്‍ നിന്നു മാത്രമേ തുക നല്‍കാന്‍ കഴിയൂ- വൈസ് ചെയര്‍മാന്‍ കെ.പി.സതീഷ്‌ ചന്ദ്രന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. സഹകരണ ഭേദഗതി നിയമം വന്നാല്‍ തകര്‍ച്ചയില്‍ കൂടുതലായി ഇടപെടാന്‍ കഴിയും. അത് വരെ കാക്കുക മാത്രമേ വഴിയുള്ളൂ-സതീഷ്‌ ചന്ദ്രന്‍ പറയുന്നു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലേക്ക് വന്നാലോ? വായ്പാ തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് കരുവന്നൂര്‍ സഹകരണ ബാങ്ക് പൊളിഞ്ഞപ്പോള്‍ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് പണം തിരികെ നല്‍കും എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കണ്‍സോര്‍ഷ്യം നല്‍കുന്ന പണത്തിന് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കില്ലെന്ന് വ്യക്തമായപ്പോള്‍ ആദ്യം കേരള ബാങ്ക് പിന്മാറി.

100 കോടി സമാഹരിക്കും എന്ന് പ്രഖ്യാപനം പിന്നീട് 50 കോടിയായി. കേരള ബാങ്ക് പിന്മാറിയപ്പോള്‍ തുക 20 കോടിയായി. സമാഹരിക്കാന്‍ കഴിഞ്ഞത് പത്ത് കോടി രൂപയും. 300 കോടി തിരികെ നല്‍കാനുള്ളപ്പോള്‍ 10 കോടി സമാഹരിച്ചാല്‍ നിക്ഷേപകര്‍ക്ക് ഗുണം ലഭിക്കില്ല. ഇപ്പോഴും നിക്ഷേപകര്‍ പണം തിരികെ ലഭിക്കാതെ വലയുകയാണ്.

കരുവന്നൂരല്ല ഏത് സഹകരണ ബാങ്ക് തകര്‍ന്നാലും ഇതാണ് അവസ്ഥ. തൃശൂരില്‍ തന്നെ കരുവന്നൂര്‍ കൂടാതെ തൃശൂര്‍ സഹകരണ ബാങ്ക്, അയ്യന്തോള്‍ സഹകരണ ബാങ്ക്, പത്തനംതിട്ട മൈലപ്ര സഹകരണ ബാങ്ക് എന്നിവിടങ്ങളിലെല്ലാം വായ്പാ തട്ടിപ്പ് വെളിയില്‍ വന്നിട്ടുണ്ട്. കണ്ട്ല സഹകരണ ബാങ്കും കരുവന്നൂരിനൊപ്പം തകര്‍ന്ന ബാങ്കുകളുടെ പട്ടികയില്‍ ഉള്‍പ്പെടുകയാണ്. പത്തനംതിട്ട ജില്ലയിലും നിരവധി സഹകരണ ബാങ്കുകള്‍ തകര്‍ച്ചയിലാണെന്ന് സൂചനയുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top