പെൻഷനില്ല, കുടുംബമില്ല… ആൻ്റണി രാജു മന്ത്രിയായപ്പോൾ കൂട്ടുപ്രതിയുടെ അവസ്ഥ ഇങ്ങനെ!! തൊണ്ടി തിരിമറിക്കേസിൻ്റെ ബാക്കിപത്രം
ലഹരിക്കടത്ത് പ്രതിയായി കേരളത്തിൽ കുടുങ്ങിയ വിദേശിയെ രക്ഷിക്കാൻ വക്കാലത്തെടുത്ത ആൻ്റണി രാജുവിൻ്റെ അതിബുദ്ധിക്ക് ഇരയായത് മാന്യനായ ഒരു കോടതി ജീവനക്കാരനാണ്. അന്ന് വെറും 30 വയസ് മാത്രമുണ്ടായിരുന്ന കെഎസ് ജോസ് ലഹരിക്കടത്ത് കേസ് പരിഗണിച്ചിരുന്ന ജുഡീഷ്യൽ സെക്കൻഡ് ക്ലാസ് കോടതിയിലെ തൊണ്ടി സെക്ഷൻ ക്ലാർക്ക് ആയിരുന്നു. തൊണ്ടിവസ്തുക്കളുടെ കസ്റ്റോഡിയൻ അറിയാതെ ഒന്നും പുറത്തെടുക്കാൻ ആകില്ല എന്നത് കൊണ്ടാണ് ആൻ്റണി രാജു തൊണ്ടിയിൽ നടത്തിയ തിരിമറിക്ക് ജോസ് പ്രതിയായത്. ഒന്നാം പ്രതിയാണ് ജോസ്, ആൻ്റണി രാജു രണ്ടാം പ്രതിയും.
സർവീസിലെ അയാളുടെ പരിചയക്കുറവ് ആൻ്റണി രാജുവും സീനിയർ അഭിഭാഷകയായിരുന്ന സെലിൻ വിൽഫ്രഡും ചേർന്ന് മുതലാക്കിയതാണ് എന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. അറിഞ്ഞു കൊണ്ട് തിരിമിറിക്ക് കൂട്ടുനിൽക്കില്ല, അദ്ദേഹം ഇരയായതാണ് എന്ന് പറയുന്നത് അടുപ്പക്കാർ മാത്രമല്ല, അദ്ദേഹത്തെ നേരിട്ടറിയുന്ന ജുഡീഷ്യൽ ഓഫീസർമാരും കൂടിയാണ്. തൊണ്ടി വസ്തുക്കളുടെ ചുമതലക്കാരൻ ജോസിൻ്റെ ജാഗ്രത കൊണ്ടാണ് തൊണ്ടിയായ അണ്ടർവെയർ പുറത്തെടുത്ത് കൊണ്ടുപോകുമ്പോൾ റജിസ്റ്ററിൽ ആൻ്റണി രാജുവിന് പേരെഴുതി ഒപ്പിടേണ്ടി വന്നത്. അല്ലായിരുന്നെങ്കിൽ ഈ നിർണായക തെളിവ് പോലും ഉണ്ടാകാമായിരുന്നില്ല എന്ന് വിശ്വസിക്കുന്നവരും കോടതി ജീവനക്കാരിലുണ്ട്. റിസീവ്ഡ് എന്നും റിട്ടേൺഡ് എന്നും എഴുതി ഒപ്പിട്ട ആ രേഖയാണ് ഇന്ന് ആൻ്റണി രാജുവിനെതിരായ പ്രധാന തെളിവ്.
കേസിൽ പ്രതിയായിട്ടും ഇന്നും ജോസ് സർ എന്ന് കോടതി സ്റ്റാഫെല്ലാം അതീവ ബഹുമാനത്തോടെ വിശേഷിപ്പിക്കുന്ന ആ മനുഷ്യൻ ഇപ്പോൾ ജോലിയിൽ നിന്ന് വിരമിച്ച് വിശ്രമ ജീവിതത്തിലാണ്. 2016ൽ കോടതിയിലെ ജൂനിയർ സൂപ്രണ്ട് തസ്തികയിൽ നിന്നാണ് വിമരിച്ചത്. കേസിൽപെട്ടത് കൊണ്ട് സാധാരണ നിലയ്ക്ക് പെൻഷൻ കിട്ടില്ല. എന്നാൽ വാങ്ങിയെടുക്കാൻ സഹായിക്കാമെന്ന അടുപ്പക്കാരുടെ പലരുടെയും വാഗ്ദാനം പോലും അദ്ദേഹം സ്വീകരിച്ചിട്ടില്ല, പെൻഷൻ അപേക്ഷിക്കുന്നേ ഇല്ല എന്ന ഉറച്ച തീരുമാനത്തിലാണ്. വിവാഹം ചെയ്തിട്ടില്ല. മുപ്പതാം വയസിൽ പറ്റിയ അബദ്ധം വേട്ടയാടിയപ്പോൾ വിവാഹം ഒഴിവാക്കിയതാണ് എന്നാണ് അടുത്ത സുഹൃത്തുക്കളും വിശ്വസിക്കുന്നത്. സഹോദരിക്കൊപ്പം പേരൂർക്കട ഇന്ദിര നഗറിലെ വീട്ടിലാണ് താമസം.
ജീവിതത്തെ തന്നെ താളംതെറ്റിച്ച 30 വയസിലെ ആ ദുരന്തത്തെക്കുറിച്ച് ഇന്നുവരെ ആരോടും ജോസ് മനസ് തുറന്നിട്ടില്ല. തൻ്റെ കൂട്ടുപ്രതി രാഷ്ട്രിയത്തിൽ വലിയ ഉയരങ്ങൾ കീഴടക്കിയപ്പോഴും അതിനിടെ തീർത്തും അപ്രീതീക്ഷിതമായി സുപ്രീം കോടതി വരെ കേസ് നടത്തിയപ്പോഴും കെഎസ് ജോസ് ഒന്നിലും ഇടപെട്ടില്ല. ഒരു അഭിഭാഷകനെയും വച്ച് ഒരു നീക്കവും നടത്തിയിട്ടില്ല. നിയമം അതിൻ്റെ വഴിക്ക് തന്നെ നീങ്ങട്ടെ എന്ന നിലപാടിലാണ് അദ്ദേഹമെന്നാണ് അടുത്ത് അറിയുന്നവർ പലരും പറയുന്നത്. തൊണ്ടിമുതലായ അണ്ടർവെയറിലെ തിരിമറി നടന്ന് 15 വർഷത്തിന് ശേഷമാണ് ആൻ്റണി രാജുവും കെഎസ് ജോസും പ്രതിസ്ഥാനത്ത് വരുന്നത്. അതുകൊണ്ട് തന്നെ അറസ്റ്റിന് പ്രസക്തി ഇല്ലെന്ന് കണക്കാക്കി പോലീസ് അന്നത് ഒഴിവാക്കുകയായിരുന്നു.
വീഡിയോ സ്റ്റോറി കാണാം:
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here