വിനേഷ് മരിച്ചു പോകുമെന്ന് ഭയപ്പെട്ടു; അതികഠിന വ്യായാമം, ഇടയ്ക്ക് തളർന്നു വീണു; പരിശീലകന്റെ വെളിപ്പെടുത്തൽ

പാരിസ് ഒളിമ്പിക്സിൽ 50 കിലോഗ്രാം ഗുസ്തി വിഭാഗത്തിലെ ഫൈനൽ മൽസരത്തിനു മുൻപായി ശരീര ഭാരം കുറയ്ക്കാനുള്ള വിനേഷ് ഫോഗട്ടിന്റെ കഠിന ശ്രമത്തെ താൻ ഭയപ്പെട്ടതായി പരിശീലകൻ വോളർ അകോസ്. ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ തുടർന്ന് വിനേഷ് മരിച്ചു പോകുമെന്ന് ഭയപ്പെട്ടിരുന്നതായാണ് അകോസ് ഫെയ്സ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചത്. എന്നാൽ, പോസ്റ്റ് ഷെയർ ചെയ്ത് അധികം വൈകാതെ തന്നെ അദ്ദേഹം ഡിലീറ്റ് ചെയ്യുകയും ചെയ്തു.

“സെമി ഫൈനലിനുശേഷം, 2.7 കിലോ ഭാരം കൂടുതലായി ഉണ്ടായിരുന്നു. ഒരു മണിക്കൂറും ഇരുപത് മിനിറ്റും വ്യായാമം ചെയ്തു. എന്നിട്ടും 1.5 കിലോ ബാക്കിയായി. പിന്നീട്, 50 മിനിറ്റ് സൗന ബാത്ത് നടത്തിയിട്ടും ഒരു തുള്ളി വിയർപ്പ് പോലും പൊടിഞ്ഞില്ല. മറ്റ് വഴികളൊന്നും ഇല്ലാത്തതിനാൽ അർധരാത്രി മുതൽ പുലർച്ചെ 5.30 വരെ കാർഡിയോ മെഷീനുകളിൽ വർക്ക്ഔട്ട് ചെയ്തു. മുക്കാല്‍ മണിക്കൂര്‍ കൂടുമ്പോള്‍ രണ്ടോ മൂന്നോ മിനിറ്റുകള്‍ മാത്രമായിരുന്നു വിശ്രമിച്ചത്. അതിനുശേഷം വീണ്ടും പരിശ്രമം തുടരും. സൗന ബാത്ത് വീണ്ടും നടത്തുന്നതിനു മുൻപായി അവൾ തളർന്നു വീണു. ഒരുവിധേന ഞാൻ പിടിച്ചെഴുന്നേൽപ്പിച്ചു. തുടർന്ന് ഒരു മണിക്കൂർ സൗന ബാത്ത് നടത്തി. അവൾ മരിച്ചുപോകുമെന്നാണ് ഞാൻ കരുതിയത്,” പരിശീലകൻ പോസ്റ്റിൽ വ്യക്തമാക്കി.

ഡീഹൈഡ്രേഷൻ കാരണം പിന്നീട് വിനേഷിനെ ഒളിമ്പിക് വില്ലേജിൽ ആശുപത്രിയിലാക്കി. ആശുപത്രിയിൽനിന്നും മടങ്ങി എത്തിയശേഷം വിനേഷ് തന്നോട് പറഞ്ഞ ചില കാര്യങ്ങളെക്കുറിച്ചും പരിശീലകൻ വെളിപ്പെടുത്തിയിട്ടുണ്ട്. “കോച്ച്, സങ്കടപ്പെടരുത്. എനിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുള്ള സാഹചര്യത്തിലും അധിക ഊർജം ആവശ്യമാകുമ്പോഴും, ലോക ഒന്നാം നമ്പർ താരം ജപ്പാന്റെ യുയി സുസാകിയെ ഞാൻ തോൽപ്പിച്ചിട്ടുണ്ടെന്ന കാര്യം ഓർക്കണമെന്ന് താങ്കൾ എന്നോട് പറയുമായിരുന്നു. ഞാൻ എന്റെ ലക്ഷ്യം നേടി, ലോകത്തിലെ ഏറ്റവും മികച്ചവരിൽ ഒരാളാണ് ഞാൻ എന്ന് തെളിയിച്ചു. ഗെയിംപ്ലാനുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഞങ്ങൾ തെളിയിച്ചു. മെഡലുകളും പോഡിയങ്ങളും വെറും വസ്തുക്കളാണ്. പ്രകടനം എന്നത് എടുത്തുകളയാൻ കഴിയില്ല.

ഒളിമ്പിക്സിൽ 50 കിലോ ഫ്രീസ്റ്റൈൽ ഗുസ്തി മൽസരത്തിന്റെ ഫൈനലിനു തൊട്ടു മുൻപായാണ് വിനേഷ് ഫോഗട്ട് ഭാരപരിശോധനയിൽ പരാജയപ്പെട്ട് അയോഗ്യയാക്കപ്പെട്ടത്. ഭാരപരിശോധനയിൽ 100 ഗ്രാം അധികഭാരം കണ്ടെത്തിയതോടെയാണ് താരത്തെ അയോഗ്യയാക്കിയത്. ഒളിമ്പിക് കമ്മിറ്റി നടപടിയെ ചോദ്യം ചെയ്തും വെള്ളി മെഡൽ പങ്കിടണമെന്നും ആവശ്യപ്പെട്ട് താരം അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതിയിൽ അപ്പീൽ നൽകിയെങ്കിലും തള്ളുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top