കോസ്റ്റൽ സൈക്ലത്തോൺ: തീരസുരക്ഷക്കായുള്ള സിഐഎസ്എഫ് സൈക്കിൾ റാലി പൂർത്തിയാകുന്നു

ഇന്ത്യയുടെ വിശാലമായ തീരപ്രദേശങ്ങളിലെ സുരക്ഷാപഴുതുകൾ മുതലെടുത്ത് നടക്കുന്ന കുറ്റകൃത്യങ്ങൾ തടയാൻ ഉദ്ദേശിച്ച് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF) സംഘടിപ്പിക്കുന്ന സൈക്കിൾ റാലി ഇന്ന് കന്യാകുമാരിയിൽ അവസാനിക്കും. 11 സംസ്ഥാനങ്ങളിലൂടെയും കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും 25 ദിവസം കൊണ്ട് കടന്നുവന്ന സൈക്ലത്തോൺ 6553 കിലോമീറ്റർ സഞ്ചരിച്ചു. 14 സ്ത്രീകൾ ഉൾപ്പെടെ 125 സൈക്ലിസ്റ്റുകളാണ് പങ്കെടുക്കുന്നത്.

തീരദേശ സംരക്ഷണത്തിന് പുറമെ ദേശീയ സുരക്ഷ, പരിസ്ഥിതി സൗഹൃദ ഗതാഗതം, ആരോഗ്യകരമായ ജീവിതശൈലി എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് ഉദ്ദേശ്യം. സിഐഎസ്എഫ് വാർഷികം പ്രമാണിച്ചാണ് റാലി സംഘടിപ്പിച്ചത്. ഈമാസം ഏഴിന് തുടങ്ങിയ സൈക്കിൾ റാലിയാണ് ഇന്ന് കന്യാകുമാരിയിൽ അവസാനിക്കുന്നത്. തമിഴ്നാട്ടിലെ റാണിപെട്ട് ജില്ലയിലെ തക്കോലത്തുള്ള സിഐഎസ്എഫ് റീജിയണൽ ട്രെയിനിങ് സെൻ്ററിൽ നിന്ന് ആഭ്യന്തരമന്ത്രി അമിത്ഷായാണ് റാലി ഫ്ലാഗ്ഓഫ് ചെയ്തത്.

രാജ്യത്തുടനീളമുള്ള കമ്മ്യൂണിറ്റി ഇടപെടൽ പ്രോത്സാഹിപ്പിക്കുകയും ഒപ്പം തീരസുരക്ഷയെക്കുറിച്ച് അവബോധം വളർത്തുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്ന് റാലിക്ക് തുടക്കം കുറിച്ചുകൊണ്ട് സിഐഎസ്എഫ് അഡീഷണൽ ഡയറക്ടർ ജനറൽ സുധീർ കുമാർ അറിയിച്ചിരുന്നു. സിഐഎസ്എഫ് വെബ്‌സൈറ്റായ www.cisfcyclothon.com ൽ രജിസ്റ്റർ ചെയ്തുകൊണ്ട് ആർക്കും സൈക്ലത്തണിൽ പങ്കെടുക്കാനും അവസരം നൽകിയിരുന്നു. രണ്ടുകോടിയിലേറെ ആളുകളുടെ ഇടപെടലുകൾ ഉണ്ടായെന്ന് സിഐഎസ്എഫ് ഐജി ജോസ് മോഹൻ അറിയിച്ചു. 25 ലക്ഷം പേരുടെ നേരിട്ടുള്ള പങ്കാളിത്തവും ഉണ്ടായിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top