ബിജെപിയുടെ ‘മോദി മിത്ര’ പൊളിഞ്ഞു പാളീസായി, ന്യൂനപക്ഷ വിഭാഗങ്ങളെ കൂടെക്കൂട്ടാനുള്ള ശ്രമത്തിനു തണുത്ത പ്രതികരണം

കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ന്യൂനപക്ഷങ്ങളെക്കൂടെ നിർത്താൻ ബിജെപി പുതിയ തന്ത്രവുമായി രംഗത്ത്. ക്രിസ്ത്യൻ, മുസ്ലിം വിഭാഗത്തിൽപ്പെട്ടവരെ സന്ദർശിച്ച് മോദി സർക്കാരിന്റെ ഗുണഗണങ്ങൾ അറിയിക്കുന്ന പരിപാടിയാണ് ‘മോദി മിത്ര’. ഇരു സമുദായങ്ങളിലേയും പ്രമുഖരെ നേരിൽ കണ്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാരിന്റെ കാഴ്ച്ചപ്പാടും നേട്ടങ്ങളുമൊക്കെ വിവരിക്കുകയൂം ചെയ്യുന്ന ക്യാമ്പയിനു കേരളത്തിൽ തണുത്ത പ്രതികരണമാണ്.
ഒരുലക്ഷം പേരെ ഈ പരിപാടിയിലേക്ക് ചേർക്കുമെന്നായിരുന്നു ന്യൂനപക്ഷ മോർച്ച നേതാക്കൾ അവകാശപ്പെട്ടിരുന്നത്. നേരത്തെ ക്രിസ്ത്യാനികളെ കൂടെനിർത്താൻ പരിപാടികൾ തുടങ്ങിയ ഘട്ടത്തിലാണ് മണിപ്പൂരിൽ ക്രൈസ്‌തവസഭാ വിഭാഗങ്ങൾക്കെതിരെ കൂട്ട ആക്രമണങ്ങളുണ്ടായത്. അതോടെ ന്യൂനപക്ഷങ്ങളെ പാർട്ടിയിലേക്ക് അടുപ്പിക്കാനുള്ള നീക്കങ്ങൾ പാതിവഴിയിലായി.
കോഴിക്കോട്, പത്തനംതിട്ട, മലപ്പുറം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലാണ് ന്യൂനപക്ഷ മോർച്ചയുടെ ആഭിമുഖ്യത്തിൽ ആരാധനാലയ-ഭവന സന്ദർശങ്ങളും സർട്ടിഫിക്കറ്റ് വിതരണവുമൊക്കെ നടക്കുന്നത്. റബ്ബറിന് 300 രൂപ വിലകിട്ടിയാൽ ബിജെപിയെ പിന്തുണയ്ക്കുമെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞെങ്കിലും അതിനനുകൂലമായ ഒരുനീക്കവും കേന്ദ്ര സർക്കാരിൽനിന്നു ഉണ്ടായില്ല. മണിപ്പൂർ കലാപം പൊട്ടി പുറപ്പെടുകയും ക്രിസ്ത്യൻ ദേവാലയങ്ങൾ വ്യാപകമായി അഗ്നിക്കിരയാക്കുകയും ചെയ്തപ്പോൾ മാർ പാംപ്ലാനിയും കത്തോലിക്കാസഭയും നിലപാടുകൾ പാടെ മാറ്റി. മണിപ്പൂരിൽ വംശഹത്യയാണ് നടക്കുന്നതെന്ന് ആർച്ച് ബിഷപ്പ് പാംപ്ലാനി തുറന്നടിക്കുകയും ചെയ്തു. ഇതോടെ കേരളത്തിൽ ബിജെപിയുമായി അടുക്കാനുള്ള കത്തോലിക്കാ സഭയിൽപ്പെട്ട ഏതാനും ബിഷപ്പുമാരുടെയും പുരോഹിതരുടെയും നീക്കം പൊളിഞ്ഞു പാളീസായി. ക്രൈസ്‌തവർക്ക് ഭൂരിപക്ഷമുള്ള പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് കെട്ടിവച്ച കാശുപോലും കിട്ടാത്ത അവസ്ഥയുണ്ടായി.
ലൗവ് ജിഹാദ് ഉൾപ്പെടെ ഉയർത്തി ബിജെപി നടത്തിയ നീക്കത്തോട് ചില ക്രിസ്ത്യൻ പുരോഹിതർ അനുകൂല സമീപനം ആദ്യഘട്ടത്തിൽ സ്വീകരിച്ചെങ്കിലും മണിപ്പൂർ കലാപത്തോടെ ഇവർക്ക് നിലപാട് മാറ്റേണ്ടിവന്നു. മണിപ്പൂരിൽ ക്രിസ്തുമത വിശ്വാസികളായ കുക്കി സമുദായത്തിനുനേരെ നടന്ന ആസൂത്രിതമായ ആക്രമണങ്ങൾ ബിജെപിക്കെതിരെയുള്ള പ്രതിഷേധമായി വളരുകയായിരുന്നു. ഈ നീക്കം ദയനീയ പരാജയമായെങ്കിലും പുതിയ തന്ത്രങ്ങളുമായി ബിജെപി വീണ്ടും രംഗത്ത് എത്തുന്നത് വലിയ പരിഹാസ്യമായി മാറിയിട്ടുണ്ട്.
ഇസ്ലാം വിരുദ്ധത പ്രചരിപ്പിച്ച് ക്രിസ്ത്യൻ വിഭാഗത്തെ സമീപിച്ച ബിജെപി ഇത്തവണ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് ഇസ്ലാം വിഭാഗത്തിൽ പെട്ടവരെയാണെന്നതും കൗതുകകരമാണ്. നരേന്ദ്ര മോദിയുടെ നിർദേശപ്രകാരമാണ് ബിജെപി ന്യൂനപക്ഷ മോർച്ച ദേശീയ അധ്യക്ഷൻ ജമാൽ സിദ്ദിഖിയുടെ നേതൃത്വത്തിൽ മോദി മിത്ര പരിപാടി സംഘടിപ്പിക്കുന്നത്. നരേന്ദ്ര മോദി സർക്കാരിന്‍റെ ക്ഷേമ പ്രവർത്തനങ്ങൾ പറഞ്ഞാണ് ജമാൽ സിദ്ദിഖിയുടെ നേതൃത്വത്തിലുള്ള മോദി മിത്ര സംഘം കോഴിക്കോട്ടെ പ്രമുഖ മുസ്ലിം തറവാടുകളിലും ആരാധനാലയങ്ങളിലും എത്തിയത്. ചില പ്രമുഖ വ്യാപാരികൾക്ക് മോദി മിത്ര സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.
ചോദ്യങ്ങളെയൊന്നും അഭിസംബോധന ചെയ്യാതെ മോദി സ്തുതി വാഴ്ത്തിപ്പാടുക മാത്രമാണ് ന്യൂനപക്ഷ മോർച്ച-ബിജെപി നേതാക്കളുടെ സംഘം ചെയ്യുന്നത്. കൃത്യമായ നിലപാടുമായി നിൽക്കുന്ന ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവർക്ക് മുമ്പിൽ മോദി മിത്ര പരിപാടിയുമായി ഇവർ പ്രഹസന പര്യടനം തുടരുകയാണ്. 48 ശതമാനത്തോളം വരുന്ന സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെ പിന്തുണയില്ലാത്തെ തെരഞ്ഞെടുപ്പ് വിജയം അസാധ്യമാണെന്ന് തിരിച്ചറിവിലാണ് ബിജെപി വീണ്ടും ന്യൂനപക്ഷങ്ങളെ ആകർഷിക്കാനിറങ്ങുന്നത്. ക്രൈസ്‌തവർക്കുനേരെ മണിപ്പൂരിലുണ്ടായ ആക്രമണങ്ങളെ കേന്ദ്ര സംസ്ഥാന ബിജെപി നേതൃത്വങ്ങൾ ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല.
കേരളത്തിൽ നേട്ടമുണ്ടാക്കണമെങ്കിൽ ന്യൂനപക്ഷ വോട്ടുകൾ ലഭിക്കണമെന്ന് ബിജെപിക്ക് നന്നായറിയാം. ഇതിനായി ഇസ്ലാം മതവിദ്വേഷം പ്രചരിപ്പിച്ച് ക്രിസ്ത്യൻ മതവിഭാഗത്തെ പാർട്ടിയിലേക്ക് അടുപ്പിക്കാനായി വലിയ ക്യാമ്പയിൻ പാർട്ടി നേരത്തെ ആരംഭിച്ചിരുന്നു. ക്രിസ്ത്യൻ മത പുരോഹിതരുമായുള്ള കൂടിക്കാഴ്ചയും ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ട വ്യക്തികളുടെ ഭവനസന്ദർശനവുമെല്ലാം നടത്തിയെങ്കിലും പദ്ധതികൾ പാളിപ്പോവുകയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here