പാർട്ടി ആസ്ഥാനത്ത് പോലും ഭാരവാഹിയെ കണ്ടെത്താനാകാതെ കോൺഗ്രസ്; കെപിസിസി അധ്യക്ഷനും ഡിസിസി അധ്യക്ഷനും തമ്മിൽ ശീതയുദ്ധം

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റുമാരെച്ചൊല്ലി തർക്കം മുറുകുന്നു. ഗ്രൂപ്പ് തർക്കങ്ങളെ തുടർന്ന് ജില്ലയിലെ 42 മണ്ഡലങ്ങളിൽ അധ്യക്ഷൻമാരെ പ്രഖ്യാപിക്കാനാകാതെ നട്ടംതിരിയുകയാണ് പാർട്ടി നേതൃത്വം. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന്‍ സ്ഥിതി ചെയ്യുന്ന ശാസ്തമംഗലത്തുപോലും സമവായത്തിലൂടെ അന്തിമ തീരുമാനമെടുക്കാൻ നേതൃത്വത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇവിടെ മണ്ഡലം പ്രസിഡൻ്റിന്‍റെ പേരില്‍ തർക്കങ്ങൾ തുടങ്ങി ഒന്നര വർഷം പിന്നിടുമ്പോഴും ഡിസിസിയും കെപിസിസിയും പ്രശ്ന പരിഹാരമുണ്ടാക്കാൻ ഇടപെടുന്നില്ലെന്നാണ് പ്രവർത്തകരുടെ പരാതി. കെപിസിസി പ്രസിഡൻ്റ് കെ. സുധാകരനും ഡിസിസി പ്രസിഡൻ്റ് പാലോട് രവിയും തമ്മിലുള്ള ശീതയുദ്ധം കാരണമാണ് തീരുമാനം വൈകുന്നതെന്ന പരാതിയും നേതാക്കൾക്കും പ്രവർത്തകർക്കുമുണ്ട്. കെപിസിസി സംഘടിപ്പിക്കുന്ന പരിപാടികളിൽ നിന്നും തുടർച്ചയായി പാലോട് രവി വിട്ടുനിൽക്കുന്നതും സുധാകരനോടുള്ള വിയോജിപ്പ് കാരണമാണെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.

പതിനാറ് വർഷം തുടർച്ചയായി മണ്ഡലം പ്രസിഡൻ്റായിരുന്ന മധുചന്ദ്രനെ മാറ്റി ഡിസിസി അധ്യക്ഷൻ പാലോട് രവിയുടെ അടുപ്പക്കാരനായ അരുൺ കാർത്തികേയനെ നിയമിച്ചത് മുതലാണ് പ്രശ്നങ്ങളുടെ തുടക്കം. മണ്ഡലം പുനസംഘടനയുടെ ഭാഗമായി മുൻ കൗൺസിലർ ഗോപൻ ശാസ്തമംഗലം പ്രസിഡൻ്റാകണമെന്നായിരുന്നു ഭൂരിപക്ഷാഭിപ്രായം. എന്നാൽ അരുൺ തന്നെ തുടരട്ടെയെന്ന് പാലോട് രവി തീരുമാനിക്കുകയായിരുന്നുവെന്ന് പാർട്ടിയിലെ ഒരു വിഭാഗം ആരോപിക്കുന്നു.

ഗോപൻ ശാസ്തമംഗലത്തെ പ്രസിഡൻ്റാക്കാനുള്ള അഭിപ്രായത്തിനെതിരെ ശാസ്തമംഗലം മോഹൻ്റെ നേതൃത്വത്തിൽ ഒരു വിഭാഗം രംഗത്തെത്തിയതോടെയാണ് വിഷയം കൂടുതൽ വഷളാകുന്നത്. ശാസ്തമംഗലം കൗൺസിലറായിരുന്ന ഗോപനെ തദ്ദേശ തിരഞ്ഞെടുപ്പിൽ കാലുവാരി തോൽപ്പിച്ചതിൻ്റെ പിന്നില്‍ മോഹനാണെന്ന് ഒരു വിഭാഗം കരുതുന്നു. ഇതോടുകൂടി കെപിസിസി ആസ്ഥാനം നിൽക്കുന്ന വാർഡ് പിന്നീട് സിപിഎമ്മിന്റെയും ബിജെപിയുടെയും കയ്യിലായി. ഇതാണ് മോഹനെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധം ശക്തമാകാന്‍ കാരണം.

എന്നാൽ ശാസ്തമംഗലം മണ്ഡലത്തിൽ തർക്കങ്ങളൊന്നുമില്ലെന്നും പ്രസിഡൻ്റിനെ കെപിസിസി പുനസംഘടനാ സമിതി തീരുമാനിക്കുമെന്നും ശാസ്തമംഗലം മോഹൻ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. “മണ്ഡലം പ്രസിഡൻ്റായി അരുണിനെ നിയമിച്ചത് താല്ക്കാലികമായിട്ടാണ്. വിഷയത്തിൽ അന്തിമ തീരുമാനം കെപിസിസിയുടേതാണ്”.- ഗോപൻ ശാസ്തമംഗലം മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

ഒക്ടോബർ 30-ന് മുമ്പ് കേരളത്തിലെ എല്ലാ മണ്ഡങ്ങളിലേയും പ്രസിഡൻ്റുമാരെ തീരുമാനിച്ചില്ലെങ്കിൽ കെപിസിസി ഇടപെട്ട് നിയമനം നടത്തുമെന്നായിരുന്നു പാർട്ടി അധ്യക്ഷൻ കെ സുധാകരൻ്റെ അന്ത്യശാസനം. പാർട്ടി ആസ്ഥാനമിരിക്കുന്ന ശാസ്തമംഗലത്ത് തൻ്റെ അറിവോടുകൂടി വേണം നിയമനം നടത്താൻ എന്നും കെപിസിസി പ്രസിഡൻ്റ് നിർദേശിച്ചിരുന്നു. ഇതിനോട് ഡിസിസി പ്രസിഡൻ്റ് പാലോട് രവി മുഖം തിരിച്ച് നിൽക്കുകയാണ്. മണ്ഡലം പ്രസിഡൻ്റ്മാരെ പ്രഖ്യാപിക്കാത്ത 42 മണ്ഡങ്ങളിൽ 30 എണ്ണത്തിൽ സമവായത്തിലെത്തിയെന്നും ശേഷിക്കുന്നിടത്ത് പ്രസിഡൻ്റുമാരെ ഇന്ന് പ്രഖ്യാപിക്കുമെന്നുമാണ് നേതൃത്വത്തിൻ്റെ അവകാശവാദം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top