തലസ്ഥാന കോൺഗ്രസിൽ പൊട്ടിത്തെറി; ബ്ലോക്ക് പുനസംഘടനയിൽ പ്രതിഷേധിച്ച് കൂട്ടരാജി; എ ഗ്രൂപ്പ് അവഗണിക്കപ്പെടുന്നുവെന്ന വികാരം ശക്തമാകുന്നു

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ മരണത്തോടെ എ ഗ്രൂപ്പ് അവഗണിക്കപ്പെടുന്നുവെന്ന വികാരം പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു. തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ എ ഗ്രൂപ്പിലെ 16 പേര്‍ പാർട്ടിയിൽ നിന്ന് രാജിവച്ചത് ഇതിൻ്റെ ആദ്യ സൂചനയാണ്. വിളപ്പില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുനഃസംഘടനാ ലിസ്റ്റിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഏറ്റവും പുതിയ പ്രകോപനം. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് തലസ്ഥാനത്ത് വെല്ലുവിളിയാകുകയാണ് ഈ സാഹചര്യം.

പീഡനക്കേസ് പ്രതിയെയും, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ എല്‍ഡിഎഫിന് വേണ്ടി രാഷ്ട്രീയഗാനം ഉണ്ടാക്കിയവരെയും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി എന്നതാണ് രാജിവച്ചവരുടെ പ്രധാന ആരോപണം. ഡിസിസിയുടെ കെടുകാര്യസ്ഥതയായി ഇത് ഉയര്‍ത്തിയാണ് എ ഗ്രൂപ്പ് പ്രതിഷേധം. മറ്റ് ബ്ലോക്കുകളിലും സമാന പരാതികളുണ്ട്. കടുത്ത നിലപാട് അവിടെയും എ ഗ്രൂപ്പ് എടുക്കും. അതിനിടെ ഈ സ്ഥിതി ഉപയോഗപ്പെടുത്താന്‍ ബിജെപിയും രംഗത്തുണ്ട്. ഇതെല്ലാം തിരുവനന്തപുരത്തെ കോണ്‍ഗ്രസ് രാഷ്ട്രീയത്തെ പ്രശ്‌ന കലുഷിതമാക്കുന്നു.

വിളപ്പിലിലേത് പ്രതിഷേധത്തിന്റെ തുടക്കമാണെന്ന് എ ഗ്രൂപ്പ് പറയുന്നു. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ വിളപ്പില്‍ ശശിധരന്‍നായര്‍, നേമം ബ്ലോക്ക് പഞ്ചായത്ത് അംഗവും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ എസ്.ശോഭനകുമാരി, യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് എന്‍.ഷാജി, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗം ജി.പങ്കജാക്ഷന്‍ എന്നിവര്‍ ഉള്‍പ്പെടെയാണ് ഡിസിസി പ്രസിഡന്റിന് രാജി സമര്‍പ്പിച്ചത്. “പാര്‍ട്ടിക്കുള്ളില്‍ ഒരു ചര്‍ച്ചയും നടക്കുന്നില്ല. ഭാരവാഹികളെ മുഴുവന്‍ ഏകപക്ഷീയമായാണ് തീരുമാനിച്ചത്. ഡിസിസി ഒന്നിലും ഇടപെടുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്കായി പ്രവര്‍ത്തിച്ചയാളെ വരെ ഭാരവാഹിയാക്കി. ഇങ്ങനെ തുടരാന്‍ കഴിയാത്തതിനാല്‍ രാജി.” വിളപ്പിൽ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് കൂടിയായ ശോഭനാ കുമാരി മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

അതേസമയം തർക്കമുണ്ടായ സാഹചര്യത്തിൽ പട്ടിക മരവിപ്പിക്കുമെന്ന് കോൺഗ്രസ് ഉന്നതനേതൃത്വം മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. ഉയർന്ന ആക്ഷേപങ്ങൾ പരിശോധിക്കാൻ നടപടി സ്വീകരിക്കുമെന്നും നേതൃത്വം അറിയിച്ചു.

ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ പെടുന്നതാണ് വിളപ്പില്‍. അതുകൊണ്ട് തന്നെ അതിശക്തമായ ത്രികോണ പോരിന് സാധ്യതയുള്ള കാട്ടക്കട മേഖലയിലെ കോണ്‍ഗ്രസിലെ പൊട്ടിത്തെറി യുഡിഎഫ് ജയസാധ്യതകളേയും ബാധിച്ചേക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top