‘എല്ലാം ഇവിടെത്തന്നെ പുറത്തുവിടും’; സർക്കാർ നടപടിയെ ഭയക്കാതെ അഡീഷണൽ ചീഫ് സെക്രട്ടറിക്കെതിരെ വീണ്ടും കളക്ടർ ബ്രോ

സോഷ്യൽ മീഡിയയിൽ ഐഎഎസ് ഉദ്യോഗസ്ഥർ തമ്മിലുള്ള പോര് മുറുകുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെതിരെ ഇന്നും ഫെയ്സ്ബുക്ക് പോസ്റ്റുമായി കളക്ടർ ബ്രോ എന്നറിയപ്പെടുന്ന എൻ പ്രശാന്ത് രംഗത്തെത്തി. തുടർച്ചയായ മൂന്നാം ദിവസമാണ് പ്രശാന്ത് ജയതിലകിനെതിരെ സോഷ്യൽ മീഡിയയിൽ രംഗത്ത് വന്നിരിക്കുന്നത്. ‘പെരുമാറ്റച്ചട്ടവും ചവറ്റുകുട്ടയിലായോ’ എന്ന തലക്കെട്ടിലുള്ള മാതൃഭൂമിയുടെ ദിനപത്രത്തിൻ്റെ എഡിറ്റോറിയലിനെയും രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചിരിക്കുന്നത്.

ALSO READ: ‘കളക്ടർ ബ്രോ’ ചതിയൻ; ഐഎഎസ് പോരിനിടയിലേക്ക് മുൻ മന്ത്രിയുടെ എൻട്രി
തനിക്കെതിരെ മാതൃഭൂമിയിൽ വരുന്ന വാർത്തകൾക്ക് പിന്നിൽ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് എന്ന് ആവർത്തിക്കുന്നതാണ് പുതിയ കുറിപ്പും. സിവിൽ സർവീസ് ചട്ടങ്ങൾ പ്രകാരം സർക്കാർ നയങ്ങളെയോ സർക്കാരിനെയോ വിമർശിക്കരുത് എന്നാണ് പറയുന്നത്. മാതൃഭൂമിയേയോ ജയതിലകനെയോ ഗോപാലകൃഷ്ണനെയോ വിമർശിക്കരുതെന്നല്ല. അഞ്ച് കൊല്ലം നിയമം പഠിച്ച തനിക്ക് സർവ്വീസ് ചട്ടങ്ങളെക്കുറിച്ച് മഞ്ഞപ്പത്രത്തിന്റെ എഡിറ്റോറിയൽ ഉപദേശം വേണ്ട. ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 19(1)(a) ഏതൊരു പൗരനുമെന്ന പോലെ തനിക്കും ഉള്ളതാണെന്നും പ്രശാന്ത് സോഷ്യൽ മീഡിയയിൽ കുറിച്ചു.

ALSO READ: സോഷ്യൽ മീഡിയയിൽ ഐഎഎസ് യുദ്ധം; അഡീഷണൽ ചീഫ് സെക്രട്ടറിയും കളക്ടർ ബ്രോയും കൊമ്പുകോര്‍ക്കുന്നു
വിവരങ്ങൾ പുറത്ത് വരുന്നതിൽ എന്തിനാണ് ഭയം. തൻ്റെ എഫ്ബി പേജിലൂടെത്തന്നെ എല്ലാ വിവരങ്ങളും പുറത്തുവിടുമെന്നും പ്രശാന്ത് വ്യക്തമാക്കി. ഒരു വിസിൽ ബ്ലോവർക്ക് 2011ലെ നിയമ പ്രകാരം കിട്ടേണ്ടുന്ന എല്ലാ സംരക്ഷണവും സുരക്ഷയും തനിക്കും ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ഇന്നത്തെ പോസ്റ്റിൽ പങ്കുവച്ചു. പ്രശാന്തിനെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറെടുക്കുന്നു എന്ന വാർത്തകൾ പുറത്തു വരുന്നതിനിടയിലാണ് വീണ്ടും യുദ്ധപ്രഖ്യാപനവുമായി പ്രശാന്ത് രംഗത്ത് എത്തിയിരിക്കുന്നത്. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, എൻ. പ്രശാന്തിനോട് വിശദീകരണം തേടും. മറുപടിയുടെ അടിസ്ഥാനത്തിൽ തുടർന്ന് നടപടികളിലേക്ക് കടക്കാനാണ് സർക്കാരിന്റെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ.

മുൻ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഇന്ന് പ്രശാന്തിനെ രൂക്ഷമായി വിമർശിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റിട്ടിരുന്നു. വഞ്ചനയുടെ പര്യായമായ ഉദ്യോഗസ്ഥനായ പ്രശാന്ത് വീണ്ടും വില്ലൻ റോളിൽ എന്നാണ് സിപിഎം നേതാവ് ഫെയ്സ്ബുക്കിൽ കുറിച്ചത്. താൻ ഫിഷറീസ് മന്ത്രിയായിരിക്കുന്ന കാലത്തെ ‘കടൽ വിറ്റു’ എന്ന ആരോപണത്തിന് പിന്നിൽ കളക്ടർ ബ്രോ ആണെന്നാണ് അവരുടെ ആരോപണം. രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പ്രശാന്ത് യുഡിഎഫിന് വേണ്ടി വിടുവേല ചെയ്തുവെന്നും മുൻ മന്ത്രി ആരോപിച്ചു.

എൻ പ്രശാന്ത് ചെയർമാനായിരുന്ന പിന്നാക്ക ക്ഷേമ വകുപ്പിന് കീഴിലുള്ള ‘ഉന്നതി’യുമായി ബന്ധപ്പെട്ട ഫയലുകൾ കാണാതായതായി വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയായിരുന്നു പ്രശാന്ത് അഡീഷണൽ ചീഫ് സെക്രട്ടറിക്കെതിരെ സോഷ്യൽ മീഡിയ ആക്രമണം ആരംഭിച്ചത്. ഉന്നതിയുമായി ബന്ധപ്പെട്ട് പ്രശാന്തിനെതിരെ ജയതിലക് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റിപ്പോർട്ടിലെ പരാമർശങ്ങൾ കഴിഞ്ഞ ദിവസം വാർത്തയായതിന് പിന്നിൽ അഡീഷണൽ ചീഫ് സെക്രട്ടറിയാണെന്നും പ്രശാന്ത് കുറിപ്പിൽ ആരോപിച്ചിരുന്നു. ജയതിലക് എന്ന വ്യക്തി തന്നെയാണ് മാടമ്പള്ളിയിലെ യഥാർത്ഥ ചിത്തരോഗിയെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.


കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here