പി വിജയനെ പ്രതിയാക്കാനും ഗൂഡാലോചന!! സർക്കാരിൻ്റെ അപ്രീതിക്ക് ഇരയായപ്പോൾ നടന്നത് വൻനീക്കങ്ങൾ; സ്വപ്നതുല്യം ഈ തിരിച്ചുവരവ്

ഗുരുതര നടപടിദൂഷ്യമെന്ന ആരോപണത്തിൽ സസ്പെൻഷൻ നേരിട്ട ശേഷം തിരിച്ചുകയറി ഒരുവർഷത്തിനുള്ളിൽ അഡീഷണൽ ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം, തൊട്ടുപിന്നാലെ സംസ്ഥാനത്തെ ഏറ്റവും തന്ത്രപ്രധാന പദവിയായ പോലീസ് ഇൻ്റലിജൻിസിൻ്റെ മേധാവി, ഇപ്പോഴിതാ രാഷ്ട്രപതിയുടെ വിശിഷ്ടസേവാ മെഡലും. സസ്പെൻഷന് മുൻപും അതിന് ശേഷവും പി വിജയൻ എന്ന ഐപിഎസ് ഉദ്യോഗസ്ഥൻ്റെ കരിയർ ഗ്രാഫ് മാറിമറിയുന്നത് അവിശ്വസനീയമായാണ്. ഇതെല്ലാം മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിൽ തന്നെ.

2023 ഏപ്രിൽ രണ്ടിന് ആലപ്പുഴ – കണ്ണൂർ എക്സ്പ്രസ് ട്രെയിൻ കോഴിക്കോട് എലത്തൂരിൽ എത്തിയപ്പോൾ ഡി-1 കോച്ചിൽ തീവച്ച ഷാരൂഖ് സെയ്ഫി എന്ന ഡൽഹിക്കാരൻ, യഥാർത്ഥത്തിൽ തീകോരിയിട്ടത് പി വിജയനെന്ന താരതമ്യേന മികച്ച പ്രതിഛായ ഉണ്ടായിരുന്ന ഐജി റാങ്കുകാരൻ്റെ കരിയറിൽ കൂടിയാണ്. തീവ്രവാദ വിരുദ്ധസ്ക്വാഡ് തലവനായിരുന്ന വിജയൻ തിരുവനന്തപുരത്ത് നിന്ന് കുതിച്ചുപാഞ്ഞ് കോഴിക്കോട്ടെത്തി ആദ്യഘട്ട അന്വേഷണങ്ങൾക്ക് നേതൃത്വം നൽകി.

എന്നാൽ പിന്നീടാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. ക്രമസമാധാന ചുമതല ഉണ്ടായിരുന്ന എഡിജിപി എംആർ അജിത് കുമാർ പൂർണനിയന്ത്രണം ഏറ്റെടുത്തു. ഇതിന് ശേഷവും എടിഎസ് മേധാവിയെന്ന നിലയിൽ വിജയൻ അന്വേഷണ വിവരങ്ങൾ ശേഖരിച്ചു കൊണ്ടിരുന്നു. പ്രതിയെ മഹാരാഷ്ട്രയിൽ നിന്ന് പിടികൂടി കൊണ്ടുവരുമ്പോൾ സംഘത്തിൽ ഉണ്ടായിരുന്നവരെ വിജയൻ ഫോണിൽ ബന്ധപ്പെട്ടത് പക്ഷെ വിനയായി. ഇത് മാധ്യമങ്ങൾക്ക് വാർത്ത ചോർത്താനായിരുന്നു എന്നും ഇതിലൂടെ സുരക്ഷ അപകടത്തിലാക്കി എന്നും ആരോപിച്ചായിരുന്നു പിന്നീടുണ്ടായ നടപടികൾ.

ഉന്നത ഉദ്യോഗസ്ഥരുടെ തലത്തിൽ ആർക്കും ഇതുവരെ ഉണ്ടാകാത്ത വേഗത്തിൽ സസ്പെൻഷൻ എത്തി. എംആർ അജിത് കുമാറിൻ്റെ പ്രാഥമിക റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ആയിരുന്നു ഈ നടപടി. എന്നാൽ പിന്നീട് അന്വേഷണം നടത്തിയ ഡിജിപി കെ പത്മകുമാറാകട്ടെ, ഒരുപടി കൂടി കടന്ന് വിജയൻ്റെ കോൾലിസ്റ്റ് പരിശോധിച്ച് അന്വേഷണത്തിൽ അന്യായ ഇടപെടലുണ്ടായെന്നും ഇത് ഗൂഡാലോചനയാണെന്നും റിപ്പോർട്ട് നൽകി. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് ചേവായൂർ പോലീസ് മുൻപേ റജിസ്റ്റർ ചെയ്ത കേസുമായി ചേർത്ത് അന്വേഷണം വേണമെന്ന പത്മകുമാറിൻ്റെ വ്യക്തമായ ശുപാർശ കൂടിയായതോടെ ഐജിയെ പ്രതിചേർത്ത് കടുത്ത നടപടിക്ക് കളമൊരുങ്ങി.

എന്നാൽ പിന്നീട് മനോജ് എബ്രഹാം നടത്തിയത് അന്വേഷണമാണ് നിർണായകമായത്. ഇത് മുൻവിധികളൊന്നും ഇല്ലാതെ മുഖ്യമന്ത്രി അംഗീകരിച്ചതോടെ ആണ് വിജയന് തിരിച്ചെത്താൻ വഴിതെളിഞ്ഞതും എഡിജിപി റാങ്കിലേക്കുള്ള പ്രമോഷൻ മുടങ്ങാതെ കിട്ടിയതും. തൊട്ടുപിന്നാലെ പോലീസ് അക്കാദമി ഡയറക്ടറായി നിയമിക്കുകയും ചെയ്തു. പലവിധ ആരോപണങ്ങളുടെ പേരിൽ എഡിജിപി എംആർ അജിത് കുമാറിനെ ചുമതലയിൽ നിന്ന് നീക്കിയതോടെ ഉണ്ടായ മാറ്റങ്ങളുടെ ഭാഗമായി ഇക്കഴിഞ്ഞ ഒക്ടോബറിൽ ഇൻ്റലിജൻസ് തലപ്പത്തേക്ക് വിജയൻ എത്തുകയും ചെയ്തു.

സർക്കാരിനും മുഖ്യമന്ത്രിക്കും അനഭിമതനായപ്പോൾ സർവീസിൽ നിന്ന് പുറത്തായ ഉദ്യോഗസ്ഥനാണ് വെറും 20 മാസം എത്തുമ്പോൾ മുഖ്യമന്ത്രിയുമായി ദിനംപ്രതി ഏറ്റവും അടുത്ത് ഇടപെടേണ്ട റോളിലേക്ക് എത്തിയത് എന്നതാണ് ഇതുവരെ ഉണ്ടായിരുന്ന കൗതുകം. ഇപ്പോഴാകട്ടെ ഇതേ സർക്കാരിൻ്റെ തന്നെ ശുപാർശയിൽ പോലീസുകാർക്കുള്ള പരമോന്നത അംഗീകാരമായ രാഷ്ട്രപതിയുടെ വിശിഷ്ടസേവാ മെഡലും നെഞ്ചേറ്റാൻ ഒരുങ്ങുന്നു. അടുത്ത റിപബ്ലിക് ദിനത്തിലാകും മുഖ്യമന്ത്രി നേരിട്ട് ഇത് അണിയിക്കുക.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top