മണിച്ചൻ്റെ കുടിശ്ശിക ഇളവുചെയ്യാൻ നീക്കം; സർക്കാരിന് ശുപാർശ അയച്ച് വാണിജ്യനികുതി കമ്മിഷണർ

തിരുവനന്തപുരം: അബ്കാരി കരാറുകാരൻ മണിച്ചൻ്റെ ഇരുപത് കോടിയോളം വരുന്ന വിൽപനനികുതി കുടിശ്ശിക എഴുതിത്തള്ളാൻ ശുപാർശ. ഇളവുചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ച തുക പൂർണമായും ഒഴിവാക്കി കൊടുക്കാനാണ് വാണിജ്യ നികുതി കമ്മിഷണർ സർക്കാരിലേക്ക് ശുപാർശ നൽകിയിരിക്കുന്നത്. മന്ത്രിസഭ പരിഗണിച്ച് പ്രത്യേക ഉത്തരവ് ഇറക്കിയാൽ മാത്രമേ നടപടി ഉണ്ടാകൂ. അതേസമയം ഇക്കാര്യങ്ങളിൽ എല്ലാം ധാരണയായി കഴിഞ്ഞതായാണ് സൂചന.

കല്ലുവാതുക്കൽ വ്യാജമദ്യ ദുരന്തക്കേസിൽ പ്രതിയായി മണിച്ചൻ എന്ന ചന്ദ്രൻ ജയിലിൽ ആയതിന് പിന്നാലെ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി പിടികൂടിയ രേഖകളുടെ അടിസ്ഥാനത്തിൽ ആണ് വിൽപന നികുതി കണക്കാക്കിയത്. ഇളവ് തേടി 2007ൽ മണിച്ചൻ ഹൈക്കോടതിയെ സമീപിക്കുമ്പോൾ തുക എട്ടുകോടി ആയിരുന്നു. അപേക്ഷ ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ്റെ ബെഞ്ച് തള്ളിയ ശേഷം ഡിവിഷൻ ബെഞ്ചിൽ അപ്പീൽ ഫയൽ ചെയ്തെങ്കിലും അതും നിരസിക്കപ്പെട്ടു. 15 വർഷം എത്തുമ്പോൾ പലിശ സഹിതം കുടിശ്ശിക നേരെ ഇരട്ടിയിലധികം ആയിട്ടുണ്ടാകും. ഇതാണ് എഴുതിത്തള്ളാൻ നീക്കം തുടങ്ങിയത്.

തുക ഒടുക്കാനാവില്ലെന്നും വരുമാന മാർഗം ഒന്നുമില്ലെന്നും കാണിച്ച് മണിച്ചൻ്റെ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് വാണിജ്യ നികുതി വകുപ്പിൻ്റെ ശുപാർശ എന്നാണ് സൂചന. എങ്കിലും ഉന്നതതലത്തിൽ കൂടിയാലോചിക്കാതെ കമ്മിഷണർ ഇങ്ങനെ അയക്കില്ല എന്നത് സാമാന്യയുക്തിയാണ്. കഴിഞ്ഞയാഴ്ച അയച്ച ശുപാർശയുടെ മേൽ ബുധനാഴ്ച ഫയൽ പുട്ടപ് ചെയ്തിട്ടുണ്ട്. ഇതുടൻ മന്ത്രി കെഎൻ ബാലഗോപാലിന് മുന്നിലെത്തും. തുടർന്ന് മന്ത്രിസഭയുടെ പരിഗണനക്ക് വിട്ടേക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top