‘രാഹുലും പ്രിയങ്കയും ജയിച്ചത് മുസ്ലിം തീവ്രവാദികളുടെ വോട്ട് നേടിത്തന്നെ’; വിജയരാഘവൻ പറഞ്ഞത് പാർട്ടി നിലപാടെന്ന് സിപിഎം
ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽനിന്ന് വിജയിച്ചത് മുസ്ലീം വർഗീയ-തീവ്രവാദ ചേരിയുടെ പിന്തുണയോടെയാണെന്ന് പിബി അംഗം എ വിജയരാഘവന്റെ പ്രസ്താവന പാർട്ടി നിലപാടെന്ന് സിപിഎം. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പരാമർശത്തെ ശരിവച്ചിരിക്കുകയാണ്. യുഡിഎഫ് നേതാക്കൾ പ്രസ്താവനക്കെതിരെ കടുത്ത പ്രതിഷേധവും വിമർശനവും ഉയർത്തുന്നതിന് ഇടയിലാണ് സിപിഎം നിലപാട് വന്നിരിക്കുന്നത്.
എ വിജയരാഘവൻ പറഞ്ഞത് വളരെ കൃത്യമാണെന്നും പാർട്ടി നിലപാടാണ് പറഞ്ഞതെന്നുമാണ് എംവി ഗോവിന്ദൻ്റെ പ്രതികരണം. ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും യുഡിഎഫിന്റെ ഘടകകക്ഷിയെപ്പോലെ പ്രവർത്തിക്കുന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ അത് കണ്ടതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
ജമാ അത്തെ ഇസ്ലാമിക്കെതിരായ വിമർശനം മുസ്ലീങ്ങൾക്കെതിരല്ല. ആർഎസ്എസിനെ വിമർശിക്കുന്നത് ഹിന്ദുക്കൾക്കും എതിരല്ല. ഭൂരിപക്ഷ – ന്യൂനപക്ഷ വർഗീയതകൾ ശക്തിയായി വരുന്നു. അവയെ എതിർക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ജമാ അത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും സഖ്യകക്ഷിയാണ് കോൺഗ്രസ്. എസ്ഡിപിഐയുടെയും ജമാ അത്തെ ഇസ്ലാമിയുടെയും വക്താക്കളാക്കി മുസ്ലിം ലീഗിനെ മാറ്റാനാണ് അവർ ശ്രമിക്കുന്നത്. എസ്ഡിപിയുടെയും ജമാ അത്തെ ഇസ്ലാമിയുടെയും സഖ്യകക്ഷി എന്ന രീതിയിൽ തന്നെയാണ് തിരഞ്ഞെടുപ്പിൽ വോട്ട് ലഭിച്ചതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
വിജയരാഘവൻ പാർട്ടി നയമാണ് പറഞ്ഞതെന്നും തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും സിപിഎം കേന്ദ്ര കമ്മറ്റി അംഗം പികെ ശ്രീമതി പറഞ്ഞു. വർഗീയവാദികളും തീവ്രവാദികളും കേരളത്തിലും തലപൊക്കാൻ നോക്കുകയാണ്. അത്തരം പ്രവർത്തനം കേരളത്തിൽ നടത്താൻ അനുവദിക്കില്ല. അത് ഹിന്ദു വർഗീയവാദികളായാലും മുസ്ലിം വർഗീയവാദികളായാലും സിപിഎം ശക്തമായ നടപടിയെടുക്കുമെന്നും ശ്രീമതി പറഞ്ഞു.
വയനാട് ലോക്സഭ മണ്ഡലത്തിൽ നിന്ന് വിജയിച്ച് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാർലമെൻ്റിൽ എത്തിയത് മുസ്ലിം വർഗീയ ചേരിയുടെ ദൃഢമായ പിന്തുണയോടെയാണ് എന്നായിരുന്നു വിജയരാഘവൻ്റെ വിവാദ പരാമർശം. അവരുടെ പിന്തുണ ഇല്ലെങ്കിൽ രാഹുൽ ഗാന്ധി ജയിക്കുമായിരുന്നില്ല. പ്രിയങ്ക ഗാന്ധിയുടെ ഓരോ ഘോഷയാത്രയുടെ മുന്നിലും പിന്നിലും ന്യൂനപക്ഷ വർഗീയതയിലെ ഏറ്റവും മോശപ്പെട്ട വർഗീയ, തീവ്രവാദ ഘടകങ്ങൾ ആയിരുന്നുവെന്നും വിജയരാഘവൻ പറഞ്ഞിരുന്നു. സിപിഎം വയനാട് ജില്ല സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവെയായിരുന്നു പ്രസ്താവന.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here