സോമനാഥ് ചാറ്റര്‍ജിയുടെ കുടുംബത്തിന് പിന്നാലെ രാജുവിന്റെയും; നീതികേട് കാണിച്ചിട്ട് മരണാനന്തര സ്‌നേഹം വേണ്ടെന്ന് കമ്യൂണിസ്റ്റ് നേതാക്കളുടെ മക്കള്‍

അന്തരിച്ച സിപിഐ എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി പി രാജുവിന്റെ മൃതദേഹം പാര്‍ട്ടി ഓഫിസില്‍ പൊതുദര്‍ശനത്തിന് വെക്കേണ്ടെന്നാണ് അദ്ദേഹത്തിന്റെ കുടുംബം തീരുമാനിച്ചത്. ഇക്കാര്യം ബന്ധുക്കള്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചത് ഞെട്ടലോടെയാണ് നേതാക്കള്‍ കേട്ടത്. പിന്നില്‍ നിന്ന് കുത്തിയവര്‍ മൃതദേഹം കാണാന്‍ വരേണ്ടതില്ലെന്നും രാജുവിന്റെ കുടുംബം നിലപാടെടുത്തു. പാര്‍ട്ടിയില്‍ നിന്നും നീതി ലഭിച്ചില്ലെന്ന വികാരത്തിലായിരുന്നു ഈ പ്രതികരണം.
രാജു മരിക്കാന്‍ കാരണക്കാരായിട്ടുള്ളവര്‍ ഒരു കൊടിയും പൊക്കിപ്പിടിച്ച് വരണ്ട. ജില്ലാ നേത്യത്വത്തില്‍ നിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയ ആളുടെ പിന്നാലെ എന്തിനാണ് നടക്കുന്നത്. അതില്‍ വേറെ ഉദ്ദേശമുണ്ട്. ഇപ്പോഴത്തെ സിപിഐ ജില്ല സെക്രട്ടറി ദിനകരനെതിരെയാണ് കുടുംബത്തിന്റെ രോഷം മുഴുവനും. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രാജുവിന്റെ വീട്ടിലെത്തിയപ്പോഴും ജില്ലാസെക്രട്ടറി അങ്ങോട്ട് എത്തിയില്ല.
സ്വാതന്ത്ര്യസമര സേനാനിയും ആദ്യകാല കമ്യൂണിസ്റ്റ് നേതാവുമായിരുന്ന എന്‍ ശിവന്‍പിള്ളയുടെ മകനാണ് പി രാജു. പറവൂരിലെ മുന്‍ എംഎല്‍എയായിരുന്നു ശിവന്‍പിള്ള. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ രംഗത്ത് വന്ന രാജു പടിപടിയായിട്ടാണ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ എത്തിയത്. അതേ സമയം ഇല്ലാത്ത പ്രശ്‌നങ്ങളുടെ പേരില്‍ രാജുവിനെ പാര്‍ട്ടിയിലെ ചിലര്‍ വേട്ടയാടിയെന്ന് മുതിര്‍ന്ന നേതാവ് കെ ഇ ഇസ്മായേല്‍ ഫെയിസ്ബുക്കില്‍ കുറിച്ചിരുന്നു.

ഏഴ് വര്‍ഷം മുമ്പ് സമാനമായ രീതിയില്‍ കൊല്‍ക്കത്തയിലും ഒരു കുടുംബത്തിന്റെ രോഷം പാര്‍ട്ടി നേതാക്കള്‍ക്കെതിരെ അണപൊട്ടി ഒഴുകിയത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ദീര്‍ഘകാലം സിപിഎമ്മിന്റെ കേന്ദ്ര കമ്മറ്റി അംഗവും ലോക്‌സഭ മുന്‍ സ്പീക്കറുമായിരുന്ന സോമനാഥ് ചാറ്റര്‍ജിയുടെ മൃതദേഹം പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കേണ്ടെന്ന് അദ്ദേഹത്തിന്റെ മക്കള്‍ ബംഗാള്‍ സിപിഎം നേതൃത്വത്തോട് പറഞ്ഞിരുന്നു. അദ്ദേഹത്തെ സിപിഎമ്മില്‍ നിന്ന് പുറത്താക്കാന്‍ ചരട് വലിച്ചവരാരും വീട്ടിലേക്ക് വരേണ്ടെന്ന് സോമനാഥ് ചാറ്റര്‍ജിയുടെ കുടുംബാംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു. 2018 ഓഗസ്റ്റ് 13 ന് 89മത്തെ വയസ്സിലാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത് .

പത്തു തവണ ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട സോമനാഥ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. 2004 മുതല്‍ 2009 വരെ ലോക്‌സഭ സ്പീക്കറായി പ്രവര്‍ത്തിച്ചു. ഒന്നാം യുപിഎ സര്‍ക്കാരിനു സിപിഎം പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്നു സ്പീക്കര്‍ പദവിയില്‍നിന്ന് രാജിവയ്ക്കാതിരുന്ന അദ്ദേഹത്തെ 2008ല്‍ പാര്‍ട്ടി പുറത്താക്കി. പ്രകാശ് കാരാട്ടായിരുന്നു അന്ന് സിപിഎം ജനറല്‍ സെക്രട്ടറി.
യുപിഎ സര്‍ക്കാരിന് സിപിഎം പിന്തുണ പിന്‍വലിച്ച ഘട്ടത്തില്‍ ലോക്‌സഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യാന്‍ സ്പീക്കര്‍ സ്ഥാനം രാജിവെച്ച് പാര്‍ട്ടിക്കൊപ്പം നില്‍ക്കാന്‍ നേതൃത്വം സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. രാജ്യത്തെ പരമോന്നത നിയമനിര്‍മാണ സഭയുടെ അധ്യക്ഷപദവിക്കു കളങ്കമേല്‍ക്കാതിരിക്കാനാണു ഭരണഘടനയ്ക്ക് ഒപ്പം നിന്നുകൊണ്ടു നിര്‍ണായക തീരുമാനമെടുക്കാന്‍ താന്‍ നിര്‍ബന്ധിതനായത് എന്നാണു സ്പീക്കര്‍ പദവി വിവാദത്തോട് ചാറ്റര്‍ജി പ്രതികരിച്ചത്.

ഇതേ കാലഘട്ടത്തില്‍ ബംഗാളിലെ സിപിഎം നേതൃത്വവുമായി അദ്ദേഹം പല വിഷയങ്ങളിലും ഉടക്കിലായിരുന്നു.പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കാന്‍ ബംഗാളിലെ മുതിര്‍ന്ന നേതാക്കള്‍ ചരട് വലിച്ച കാര്യം സോമനാഥിന് അറിയാമായിരുന്നു. 40 വര്‍ഷം പാര്‍ട്ടിയെ ലോക്‌സഭയില്‍ പ്രതിനിധീകരിച്ച അദ്ദേഹത്തോട് സിപിഎം കാട്ടിയ അനീതിയില്‍ അതീവ ദു:ഖിതനായിരുന്നു.
സോമനാഥിന്റെ മരണവാര്‍ത്ത അറിഞ്ഞ് സിപിഎം നേതാക്കള്‍ ഭൗതിക ശരീരം അലിമുദിന്‍ സ്ട്രീറ്റിലെ പാര്‍ട്ടി ആസ്ഥാനത്തേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും മകള്‍ അന്‍ഷുല ബോസ് കടുത്ത നിലപാട് എടുത്തു. ഇതോടെ പാര്‍ട്ടി വെട്ടിലായി. ഇതിന് പുറമേ സോമനാഥിന്റെ ശരീരത്തില്‍ ചുവപ്പ് പതാക പുതപ്പിക്കാനുള്ള ശ്രമവും മക്കള്‍ തടഞ്ഞു. ബംഗാള്‍ ഹൈക്കോടതിയിലും നിയമസഭാ ഹാളിലും മാത്രമാണ് പൊതു ദര്‍ശനമുണ്ടായിരുന്നത്. ‘പാര്‍ട്ടി പുറത്താക്കി യപ്പോള്‍ എന്റെ പിതാവ് ഏങ്ങിക്കരയുന്നത് ഞാന്‍ നേരില്‍ കണ്ടതാണ്. നീതികേട് കാട്ടിയ പാര്‍ട്ടിയുടെ ആദരവും പതാക പുതപ്പിക്കലും പാര്‍ട്ടി ഓഫീസിലെ പൊതു ദര്‍ശനവും തങ്ങള്‍ക്കാവശ്യമില്ല’ അന്‍ഷുല ബോസ് പറഞ്ഞത് സഖാക്കളെ സ്തബ്ധരാക്കി.
മൃതദേഹം കാണാന്‍ വീട്ടിലെത്തിയ ബംഗാള്‍ നേതാക്കളെ സോമനാഥിന്റെ ആണ്‍മക്കള്‍ നിര്‍ത്തിപ്പൊരിച്ചു. മൃതശരീരം കാണാനെത്തിയ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന ബിമന്‍ ബോസിനോട് ഇറങ്ങി പോകാന്‍ മൂത്ത മകന്‍ പ്രതാപ് ബോസ് പൊട്ടിത്തെറിച്ചു കൊണ്ട് പറയുമ്പോള്‍ ഒപ്പം സീതാറാം യെച്ചൂരിയു മുണ്ടായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here