‘കമ്മ്യൂണിസ്റ്റിൽ നിന്നും അഴിമതിക്കാരനായി പിണറായി’; നേരിട്ട് അഴിമതി നടത്തിയ മുഖ്യമന്ത്രി ജനങ്ങളെ വെല്ലുവിളിക്കുന്നുവെന്ന് ചെന്നിത്തല

ബ്രൂവറി വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന അഴിമതി ആണിത്. മുഖ്യമന്ത്രിയുടെ സഭയിലെ പ്രസംഗം അതിന് തെളിവാണ്. സിപിഐ അഭിപ്രായം പറയാതെ ഒളിച്ചു കളിക്കുന്നുവെന്നും രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
ബ്രൂവറി സർക്കാർ മുന്നോട്ട് പോകും എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലു വിളിയാണ്. കൊക്കോകോളക്ക് എതിരെ സമരം നടത്തിയവർ 600 കോടിയുടെ പദ്ധതി കൊണ്ടു വരുന്നുവെന്ന് അവകാശപ്പെടുന്നത്. പാലക്കാട് ജനങ്ങൾ വെള്ളം കിട്ടാതെ ബുദ്ധിമുട്ടിലാണെന്നും ചെന്നിത്തല പറഞ്ഞു. വൻ തോതിൽ ജല ചൂഷണം ഉണ്ടാകുന്നു എന്നതാണ് പ്രധാനമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
കൊക്കക്കോള കമ്പനി പൂട്ടിക്കാൻ നടത്തിയ സമരം തെറ്റായിപ്പോയി എന്ന് മുഖ്യമന്ത്രി പറയാൻ തയ്യാറാണോ. വ്യവസായങ്ങൾക്ക് വെള്ളം കൊടുക്കുന്നതിന് എതിരല്ലെന്നാണ് അദ്ദേഹം പറയുന്നത്. ടാറ്റക്കും ബിർളക്കും എതിരെ കമ്മ്യൂണിസ്റ്റുകാർ സമരം ചെയ്‌തത് പിണറായി മറന്നു. പിണറായി ഒരു കമ്മ്യൂണിസ്റ്റ് അല്ലാതായി മാറിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ഒയാസിസ് കമ്പനി ഡൽഹി മദ്യ ദുരന്ത കേസിൽ ഉൾപ്പെട്ടെന്നും പഞ്ചാബിലും പരാതി ഉണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാർ ഉത്തരവിൽ കമ്പനിയെ പ്രകീർത്തിക്കുകയാണ്. മദ്യ നയത്തിൽ മാറ്റം വരുത്തി അനുമതി നൽകിയത് വൻ അഴിമതിയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here