അമ്മയാകാന്‍ ജോലി ഇനി തടസമല്ല; ഗര്‍ഭധാരണ ചികിത്സകള്‍ക്ക് കമ്പനി ആനുകൂല്യം

തിരുവനന്തപുരം: അമ്മയാകുമ്പോള്‍ ജോലി ഉപേക്ഷിക്കുകയെന്ന രീതിയില്‍ നിന്ന് ഇന്ത്യയിലെ സ്ത്രീകള്‍ ഒരുപാട് മുന്നോട്ട് വന്നെങ്കിലും, ഇപ്പോഴും ഗര്‍ഭധാരണം സ്ത്രീകളുടെ കരിയറിന്റെ വളര്‍ച്ചയ്ക്ക് പലപ്പോഴും തടസം സൃഷ്ടിക്കുന്നുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ട് പുതിയ തലമുറ, മാതാപിതാക്കള്‍ എന്ന ചുമതല ഏറ്റെടുക്കുന്നത് വളരെയധികം സമയമെടുത്ത് ആലോചിച്ചാണ്.

ജീവനക്കാരുടെ ഈ ടെന്‍ഷന്‍ ഒരുപരിധിവരെ കുറയ്ക്കുകയാണ് ബഹുരാഷ്ട്ര കമ്പനികള്‍. ഇന്ത്യയിലെ ചില കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന മെഡിക്കല്‍ ഇന്‍ഷുറന്‍സില്‍ ഇപ്പോള്‍ വന്ധ്യതാ(ഇന്‍ഫെര്‍ട്ടിലിറ്റി) ചികിത്സയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘നമ്മള്‍ എടുക്കുന്ന ഇന്‍ഷുറന്‍സ് പ്ലാന്‍ അനുസരിച്ചാണ് ബെനിഫിറ്റ് കിട്ടുന്നത്. ഫെര്‍ട്ടിലിറ്റി ചികിത്സ ഉള്‍പ്പെട്ട ഇന്‍ഷുറന്‍സ് എടുത്താല്‍ ചികിത്സയുടെ ചിലവ് അതില്‍ ഉള്‍ക്കൊള്ളും’ തിരുവനന്തപുരം കിന്‍ഫ്രയില്‍ പ്രവര്‍ത്തിക്കുന്ന ഇ.വൈ കമ്പനിയില്‍ എഞ്ചിനീയറായ ശ്വേത.എസ്.സുന്ദര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട്‌ പറഞ്ഞു. വ്യാപകമല്ലെങ്കിലും കേരളത്തിലെ ചില കമ്പനികള്‍ ഈ സേവനം നല്‍കുന്നുണ്ട്.

പ്രായം, ജീവിതശൈലി എന്നിവ ഗര്‍ഭധാരണത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. അതിനാല്‍ പലരും കൃത്രിമ ഗര്‍ഭധാരണ ചികിത്സയായ ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐവിഎഫ്) ആണ് സ്വീകരിക്കുന്നത്. ഇത് കൂടാതെ അണ്ഡം ശീതികരിക്കുക, വാടക ഗര്‍ഭപാത്രം തുടങ്ങിയ രീതികളും സ്വീകരിക്കുന്നുണ്ട്. ഇത്തരം ചികിത്സകള്‍ക്ക് ചിലവും കൂടുതലാണ്. അതുകൊണ്ട് തന്നെ പലരും കരിയര്‍ പ്ലാനുകള്‍ മാറ്റുന്നതും പതിവാണ്. ഐവിഎഫ് ചികിത്സക്ക് മനസും ശരീരവും ഒരുപോലെ പാകപ്പെടുത്തേണ്ടത് ആവശ്യമാണ്. സാധാരണയായി ഐവിഎഫ് ചികിത്സക്ക് ഒന്നര – രണ്ട് ലക്ഷം രൂപ ചിലവുണ്ട്. ജോലി ചെയുന്ന കമ്പനികളിലെ ഇന്‍ഷുറന്‍സില്‍ ഐവിഎഫ് ചികിത്സ ഉള്‍പ്പെടുന്നത് ചികിത്സക്കെത്തുന്നവര്‍ക്ക് ഒരു ആശ്വാസമാകുന്നുണ്ടെന്ന് തിരുവനന്തപുരം കെജെകെ ആശുപത്രി പിആര്‍ഒ വി.വിമല്‍ കുമാര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട്‌ പറഞ്ഞു. സ്വകാര്യ കമ്പനികള്‍ മാത്രമല്ല സംസ്ഥാന സര്‍ക്കാരും ജീവനക്കാര്‍ക്ക് ഐവിഎഫ് ചികിത്സക്ക് ചിലവാകുന്ന പണം തിരികെ നല്‍കിയിരുന്നെന്ന് വിമല്‍ കുമാര്‍ പറഞ്ഞു. എന്നാല്‍ മെഡിസെപ്പില്‍ നിലവില്‍ ഇത് ഉള്‍പ്പെടുന്നില്ല.

റേറ്റിംഗ് ഏജന്‍സിയായ ‘അവതാര്‍ ആന്‍ഡ്‌ സെറമൗണ്ട്’ ഈ വര്‍ഷം നടത്തിയ പഠനത്തില്‍ 62 ശതമാനം കമ്പനികള്‍ ഐവിഎഫ് ചികിത്സയ്ക്ക് ചിലവാകുന്ന പണം ജീവനക്കാര്‍ക്ക് തിരികെ നല്‍കും. 23 ശതമാനം കമ്പനികള്‍ അണ്ഡം ശീതികരിക്കുന്നതിനും 37 ശതമാനം കമ്പനികള്‍ ഗര്‍ഭപാത്രം വാടകയ്ക്കെടുക്കുന്നതിനുമുള്ള ചിലവ് വഹിക്കും. ജോലിയും കുടുംബജീവിതവും ഒരുപോലെ കൊണ്ടുപോകാന്‍ ഇത് സഹായികുന്നെന്നാണ് പഠനം തെളിയിക്കുന്നത്. കരിയറില്‍ വളരേണ്ട സമയത്ത് കുഞ്ഞ് വേണമെന്ന കാരണംകൊണ്ട് ജോലി ഉപേക്ഷിക്കേണ്ട അവസ്ഥ ഒഴിവാക്കാന്‍ ഇത് സഹായിക്കുന്നുവെന്നാണ് വിലയിരുത്തല്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top