ഫെഡറൽ ബാങ്ക് എട്ടുലക്ഷം നഷ്ടപരിഹാരം നൽകണം; നിർണായക വിധിയുമായി എറണാകുളം ഉപഭോക്തൃ കോടതി

ഹൗസിംഗ് ലോണിന് ഈടായി നൽകിയ ഭൂമിയുടെ ആധാരം നഷ്ടപ്പെടുത്തിയ കേസിലാണ് ബാങ്ക് എട്ടുലക്ഷം രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ച്ചെലവും നൽകാൻ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടത്. ലോൺ അടച്ചു തീർത്ത ശേഷവും ആധാരം തിരികെ നൽകാതിരുന്ന ഫെഡറൽ ബാങ്ക് അങ്കമാലി ബ്രാഞ്ചിന്റെ നടപടി സേവനത്തിലെ പിഴവ് ആണെന്ന് പരാതിപ്പെട്ട് മലയാറ്റൂർ സ്വദേശി ജോളി മാത്യു സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
ഹൗസിംഗ് ലോൺ പലിശ ഒഴിവാക്കി ഒറ്റതവണ തീർപ്പാക്കൽ പദ്ധതി പ്രകാരം 2021 ഡിസംബറിൽ അടച്ച് തീർത്തെങ്കിലും ഈടായി നൽകിയ ഭൂമിയുടെ ഒറിജിനൽ ആധാരം തിരികെ നൽകാൻ ബാങ്കിന് കഴിഞ്ഞില്ല. പരാതിക്കാരനെതിരെ ബാങ്ക്, പറവൂർ സബ് കോടതിയിൽ സമർപ്പിച്ച ആധാരം, കാലഹരണപെട്ട കോടതി രേഖകൾ നശിപ്പിക്കപ്പെട്ടതിനൊപ്പം നശിപ്പിച്ചിരുന്നു. ബാങ്കിന്റെ അനാസ്ഥ മൂലം ഉപഭോക്താവ് നേരിട്ട സാമ്പത്തിക, മാനസിക ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് ഡി ബി ബിനു അധ്യക്ഷനും, വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് നിരീക്ഷിച്ചു.
ഉപഭോക്താവ് സമർപ്പിക്കുന്ന രേഖകൾ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ബാങ്കിനാണ്. കേസ് നടപടികൾക്ക് ശേഷം രേഖ തിരിച്ചു നൽകേണ്ടത് ബാങ്കിൻ്റെ ഉത്തരവാദിത്വം ആയിരുന്നു. സർട്ടിഫൈഡ് കോപ്പി മാത്രമല്ല, ഒറിജിനൽ ആധാരവും നഷ്ടപ്പെടുകയാണ് ഉണ്ടായത്. ഇത് വൻ സാമ്പത്തിക പ്രത്യാഘാതങ്ങൾക്കും കാരണമാകുന്നതാണ് എന്നും കോടതി വിലയിരുത്തി. ഇത് പരിഗണിച്ചാണ് നഷ്ടപരിഹാരവും കോടതിചെലവും പരാതിക്കാരന് അനുവദിച്ച് ഉത്തരവിട്ടത്. പരാതിക്കാരന് വേണ്ടി അഡ്വ ടോം ജോസഫ് കോടതിയിൽ ഹാജരായി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here