ഇൻജക്ഷൻ, ഫിസിയോതെറാപ്പി, കിടത്തിചികിത്സ… എല്ലാമായിട്ടും ക്ലെയിം നിഷേധിച്ച് നിവ ഹെൽത്ത് ഇൻഷുറൻസ്; പിഴയടിച്ച് ഉപഭോക്തൃ കോടതി

കഴുത്തുവേദനയുമായി ആശുപത്രിയിൽ അഡ്മിറ്റായി അഞ്ചുദിവസം കഴിഞ്ഞ് വേദന മാറി ഡിസ്ചാർജ് ആയപ്പോൾ ഇൻഷുറൻസ് കമ്പനിയുടെ വാദം, അവിടെ നടന്നത് ചികിത്സയല്ലെന്നും വെറും നിരീക്ഷണം മാത്രമെന്നും അതിനാൽ ക്ലെയിം അനുവദിക്കാൻ കഴിയില്ലെന്നും!! ഇതോടെയാണ് കോതമംഗലം സ്വദേശി ഡോൺ ജോയ്, നിവ ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്കെതിരെ എറണാകുളം ജില്ലാ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
പരാതിക്കാരൻ സമർപ്പിച്ച രേഖകളിൽ, സ്റ്റിറോയ്ഡ് അടക്കം വേദനസംഹാരികൾ നൽകി ചികിത്സ നടത്തിയതിൻ്റെ വിവരങ്ങളുണ്ട്. ഇൻജക്ഷൻ, ഫിസിയോതെറാപ്പി അടക്കം പലതും ചെയ്തതും വ്യക്തമാണെന്ന് ഉപഭോക്തൃ കോടതി നിരീക്ഷിച്ചു. അവൃക്തമായ കാരണങ്ങൾ പറഞ്ഞ് ക്ലെയിം നിഷേധിക്കുന്നത് പോളിസിയുടെ ലക്ഷ്യത്തെ തന്നെ തകർക്കുന്നു. ഇത് അന്യായമാണെന്ന് ഡി ബി ബിനു അധ്യക്ഷനും, വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.
നിവ ഹെൽത്ത് ഇൻഷുറൻസിൻ്റെ ‘മാക്സ് ഹെൽത്ത്’ എന്ന പോളിസിയാണ് പരാതിക്കാരൻ എടുത്തത്. 2023 ജൂലൈ 29 മുതൽ തൊടുപുഴ മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിൽ ചികിത്സ തേടിയതിൻ്റെ 21,965 രൂപയുടെ ബില്ലാണ് തർക്കത്തിലായത്. പോളിസി നിബന്ധനകൾ പ്രകാരമാണ് ക്ലെയിം നിഷേധിച്ചതെന്ന് കോടതിയിൽ നിലപാടെടുത്ത കമ്പനിയോട്, ഉടനടി ചികിത്സാ ചിലവും നഷ്ടപരിഹാരവും കോടതിചിലവും കണക്കാക്കി ആകെ 36,965 രൂപ പരാതിക്കാരന് നൽകാനാണ് ഉപഭോക്തൃ കോടതി ഉത്തരവിട്ടത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here